തൂവാനത്തുമ്പികൾ

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ (മോഹൻലാൽ) എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹൻലാലിന്റെ അഭിനയം എന്നിവ വളരെ പ്രശംസ പിടിച്ചുപറ്റി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതസംവിധാനം ചെയ്ത ഒന്നാം രാഗം പാടി, മേഘം പൂത്തുതുടങ്ങി എന്നീ പ്രശസ്തഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണൻ. മലയാളചലച്ചിത്രങ്ങളിൽ വിരളമായ ഒരു വിഷയത്തെ ഈ ചലച്ചിത്രം കൈകാര്യം ചെയ്യുന്നു.

തൂവാനത്തുമ്പികൾ
പോസ്റ്റർ
സംവിധാനംപി. പത്മരാജൻ
നിർമ്മാണംപി. സ്റ്റാൻലി
രചനപി. പത്മരാജൻ
ആസ്പദമാക്കിയത്ഉദകപ്പോള 
പി. പത്മരാജൻ
അഭിനേതാക്കൾ
ഗാനരചനശ്രീകുമാരൻ തമ്പി
സംഗീതം
  • പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
  • പശ്ചാത്തലസംഗീതം:
  • ജോൺസൺ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
അജയൻ വിൻസെന്റ്
ചിത്രസംയോജനംബി. ലെനിൻ
വിതരണംഗാന്ധിമതി ഫിലിംസ്
സ്റ്റുഡിയോസിതാര പിക്ചേഴ്സ്
റിലീസിങ് തീയതി1987
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം151 മിനിറ്റ്

കാരിക്കകത്ത്‌ ഉണ്ണിമേനോൻ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തെ ഏറെക്കുറെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിനായി ക്ലാര എന്ന കഥാപാത്രത്തെ ഉണ്ണിമേനോന്റെ ജീവിതത്തിൽ പത്മരാജൻ കൂട്ടിച്ചേർത്തു.[1]

കഥാസംഗ്രഹം

ജയകൃഷ്ണൻ (മോഹൻലാൽ) രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ (പാർവ്വതി) ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു.

മഴയെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചലച്ചിത്രസങ്കല്പം ഈ ചിത്രത്തിൽ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. ക്ലാര എന്ന നായികയുടെ സാന്നിദ്ധ്യത്തെ മഴയുമായി മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

  • മോഹൻലാൽ – ജയകൃഷ്ണൻ
  • സുമലത – ക്ലാര
  • പാർ‌വ്വതി – രാധ
  • അശോകൻ – ഋഷി
  • ബാബു നമ്പൂതിരി – തങ്ങൾ
  • ശ്രീനാഥ് – മാധവൻ
  • സുകുമാരി – ജയകൃഷ്ണന്റെ അമ്മ
  • ജഗതി ശ്രീകുമാർ – രാവുണ്ണി നായർ
  • ശങ്കരാടി – രാധയുടെ അച്ഛൻ
  • എം.ജി. സോമൻ – മോനി ജോസഫ്
  • ദിലീപ് – ബാർ ജീവനക്കാരൻ

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്. 

# ഗാനംഗായകർ ദൈർഘ്യം
1. "ഒന്നാം രാഗം പാടി" (രാഗം: രീതിഗൗള)ജി. വേണുഗോപാൽ, കെ.എസ്. ചിത്ര 4:27
2. "മേഘം പൂത്തു തുടങ്ങി"  കെ.ജെ. യേശുദാസ് 5:18

പുറത്തുനിന്നുള്ള കണ്ണികൾ

ചിത്രം കാണുവാൻ

തൂവാനത്തുമ്പികൾ (1987)

  1. ക്ളാര പത്മരാജന്റെ മനസ്സിലെ നിഗൂഢത
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.