തിരുവാതിരക്കളി

കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്.

തിരുവാതിരക്കളി

ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്.

പെൺകുട്ടികളുടെ പ്രായപൂർത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തൻ തിരുവാതിരയെന്നും പറയുന്നു.

പേരിനു പിന്നിൽ

പുരാതനകാലത്ത് 28 ദിവസം നീണ്ടു നിന്നിരുന്ന ഒരു പരിപാടിയായാണ് ഇത് അവതരിപ്പിച്ചിരുന്നത്. തിരുവാതിര നാളിൽ ആരംഭിച്ച് അടുത്ത മാസം തിരുവാതിരവരെയാണ് 28 ദിവസം. ആദ്യതിരുവാതിരക്കു മുന്നുള്ള മകയിരം നാളിൽ തുടങ്ങുന്ന എട്ടങ്ങാടി എന്ന പ്രത്യേക പഥ്യഭക്ഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. ഇതാണ് തിരുവാതിരക്കളി എന്ന് പേരുവരാനുള്ള കാരണം. കേരളത്തിന്റെ ചിലഭാഗങ്ങളിൽ ധനുമാസത്തിലെ തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളിൽ അവസാനിക്കുന്ന തരത്തിൽ 11 ദിവസത്തെ പരിപാടിയായി അവതരിപ്പിച്ചും വരുന്നുണ്ട്.

ഐതിഹ്യം

ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം. കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുമാണ് വിശ്വസിക്കുന്നു.

ചടങ്ങുകളും ആചാരങ്ങളും

പുരാതനകാലത്ത് തിരുവാതിര നാളിൽ തുടങ്ങി അടുത്ത മാസം തിരുവാതിര വരെ 28 ദിവസം ഈ നർത്തനം അവതരിപ്പിച്ചിരുന്നു. ചിലസ്ഥലങ്ങളിൽ 11 ദിവസത്തെ പരിപാടിയായി ധനുമാസത്തിൽ അവതരിപ്പിച്ചു വരുന്നു.

തിരുവാതിര നാളിനു മുന്നത്തെ മകയിര്യം നാളിൽ എട്ടങ്ങാടി എന്നു വിളിക്കുന്ന പ്രത്യേക പഥ്യാഹാരം കഴിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, കായ, കിഴങ്ങ്, പയർ, പഞ്ചസാര, തേൻ എന്നിവയാണ് എട്ടങ്ങാടിയുടെ ചേരുവകൾ. ഇത് തലേന്ന് രാത്രിയാണ് കഴിക്കുന്നത്. എന്നാൽ ഈ ചടങ്ങ് ഇന്ന് ആചരിക്കാറില്ല. വെള്ളവും കരിക്കിൻ വെള്ളവുമാണ് കുടിക്കുക.


പകൽ വീടിന്നു മുന്നിൽ ദശപുഷ്പങ്ങൾ ശേഖരിച്ചു വയ്കുന്നു. സൂര്യാസ്തമയത്തിനുശേഷമാണ് തിരുവാതിരക്കളി ആരംഭിക്കുക. അർദ്ധരാത്രിയിൽ തിരുവാതിര നക്ഷത്രമുദിച്ചു കഴിഞ്ഞാൽ നർത്തകികൾ ഭക്ത്യാദരപൂർവം പാട്ടുകൾ പാടുകയും ദശപുഷ്പങ്ങൾ അഷ്ടമംഗല്യത്തോടൊപ്പം നിലവിളക്കും പിടിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ഈ പുഷ്പങ്ങൾ അവർ മുടിയിൽ ധരിക്കുന്നു. ഇതിനെ പാതിരാപ്പൂച്ചൂടൽ എന്നാണ് പറയുക. ഓരോ പൂവിന്റേയും ദേവതമാരെ സ്തുതിക്കുന്ന പാട്ടുകൾ പാടിയാണ് പൂചൂടിക്കുന്നത്. കുരവയും കൂടെകാണാറുണ്ട്.

കത്തിച്ച ഒരു നിലവിളക്കിനു ചുറ്റും വട്ടത്തിൽ പാട്ടിന്റെ താളത്തിനൊപ്പിച്ച് പെൺകുട്ടികൾ പരസ്പരം കൈകൊട്ടിക്കൊണ്ട് നൃത്തം ചെയ്യുന്നു. സാരിയും ബ്ലൗസുമാണ് തിരുവാതിരക്കളിയ്ക്ക് ഉപയോഗിക്കുന്ന വേഷം. തിരുവാതിര കളിക്കുന്ന പെൺകുട്ടികളുടെ സംഘത്തിന് ഒരു നായിക കാണും. നായിക ആദ്യത്തെ വരി പാടുകയും സംഘം അതേ വരി ഏറ്റുപാടുകയും ചെയ്യുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ച് സംഘത്തിലുള്ളവർ ചുവടുവയ്ക്കുകയും കൈകൾ കൊട്ടുകയും ചെയ്യുന്നു. ലാസ്യഭാവമാണ് കളിയിലുടനീളം നിഴലിച്ചുനില്ക്കുക. പൂജയോടനുബന്ധിച്ച് നടത്തുന്ന കളിയിലെ ചുവടുകൾ വളരെ ലളിതമായിരിക്കും. ഇത് പരിചയമില്ലാത്തവർക്കുപോലും കളിയിൽ പങ്കെടുക്കാൻ സൗകര്യമേകുന്നു.

തിരുവാതിരനാളിൽ രാവിലെ എഴുന്നേൽക്കുന്ന നർത്തകികൾ കുളിച്ച് വസ്ത്രമുടുത്ത് ചന്ദനക്കുറി തൊടുന്നു. രാവിലെയുള്ള ആഹാരം പഴം പുഴുങ്ങിയതും പാലും മാത്രമായിരിക്കും. അന്നത്തെ ദിവസം പിന്നീട് വ്രതമാണ്‌. ദാഹത്തിനു കരിക്കിൻ വെള്ളം മാത്രമേ കുടിക്കുകയുള്ളൂ.

ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു.

ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്[1]. നമ്പൂതിരി സമുദായത്തിന്റെ വിവാഹചടങ്ങുകൾക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്. പഴയകാലത്ത് വീടുകളിൽ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. ഈ ആശാന്മാർ ഒരു സംഘം വനിതകളെ പഠിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ ആൺകുട്ടികളെയും പഠിപ്പിക്കും. ഈ ആൺകുട്ടികൾ കളിയിൽ പങ്കെടുക്കുകയില്ലെങ്കിലും അവർ പിന്നീട് കളിയാശാന്മാരായിത്തീരും

തിരുവാതിരക്കളി പാട്ടുകൾ

തിരുവാതിരക്കളിയ്ക്കു മാത്രം ഉപയോഗിക്കുന്ന ധാരാളം ഗാനങ്ങളുണ്ട്. ആട്ടക്കഥയിലെ പദങ്ങളും ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് “വീരവിരാട കുമാര വിഭോ”(ഉത്തരാസ്വയം വരം), "കാലുഷ്യം കളക നീ" (ധ്രുവചരിതം), "യാതുധാന ശീഖാണേ" (രാവണ വിജയം), "ലോകാധിപാ കാന്താ" (ദക്ഷയാഗം), "കണ്ടാലെത്രയും കൗതുകം"( നളചരിതം), "മമത വാരി ശരെ" (ദുര്യോധനവധം) .

അവലംബം

  1. http://www.onamfestival.org/kaikotti-kali.html

വിഡീയോ

അനുബന്ധം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.