തൊട്ടുകളി

തൊട്ടുകളി എന്നത് ഒരു നാടൻ കളി ആണ്. കേരളത്തിൽ പല തരത്തിലുള്ള 'തൊട്ടുകളി'കൾ നിലവിലുണ്ട്. അത്തള പിത്തള തവളാച്ചി ഇതേ പോലുള്ള മറ്റൊരു കളിയാണ്.

കളിക്കുന്ന രീതി

ഉത്തരകേരളത്തിൽ പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ രീതി. ഒരു കാൽ മടക്കിവച്ചു ചാടിക്കൊണ്ട് മറ്റുള്ളവരെ തൊടാനായി ശ്രമിക്കുന്ന തരം തൊട്ടുകളിയും തെക്കൻ കേരളത്തിലുണ്ട്. ഇതിന് കൊന്നിത്തൊട്ടുകളി എന്നാണ് പറയുന്നത്. തൊട്ടുകളി മൈതാനത്തിലും പറമ്പിലുമെന്നപോലെ കുളത്തിലും മറ്റും കളിക്കുന്ന പതിവും തെക്കൻ കേരളത്തിലുണ്ട്. മുങ്ങിയും നീന്തിയും തൊടാൻ വരുന്നയാളിൽനിന്ന് മാറിമാറിപ്പോവുകയാണ് ഇതിൽ ചെയ്യുന്നത്.

റഫറൻസുകൾ

    കുറിപ്പുകൾ

    കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൊട്ടുകളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.