കുഴിത്തപ്പി

കേരളത്തിൽ ഗോലി ഉപയോഗിച്ച് കളിക്കുന്ന ഒരു നാടൻ കളിയാണ്‌ കുഴിത്തപ്പി. പ്രത്യേക രീതിയിൽ ഗോലിയെറിഞ്ഞ് കുഴികളിൽ വീഴ്ത്തി പോയിന്റ് നേടുക എന്നതാണ്‌ ഈ കളിയുടെ ലക്ഷ്യം. വിനോദത്തിനു വേണ്ടി മാത്രമാണ്‌ കുഴിത്തപ്പി കളിക്കാറുള്ളത്. വിജയിക്കുന്നയാൾ മറ്റുള്ളവർക്ക് അവർക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നൽകുകയാണ്‌ പതിവ്.

ഗോലികൾ

കുഴികൾ

തറയിൽ 4/5 സെന്റീമീറ്റർ വ്യാസവും രണ്ടോ മൂന്നോ സെന്റീമീറ്റർ ആഴവുമുള്ള മൂന്നു കുഴികൾ ഒരേ നിരയിലായി കുഴിച്ചാണ്‌ കുഴിത്തപ്പിക്കുള്ള കുഴികൾ തയ്യാറാക്കുന്നത്. കുഴികൾ തമ്മിൽ ഏകദേശം 60 മുതൽ 70 സെന്റീമീറ്റർ വരെ അകലമുണ്ടാകും.

കളിക്കുന്ന രീതി

രണ്ടോ അതിലധികമോ കളിക്കാർക്ക് ഒരേ സമയം ഈ കളിയിൽ പങ്കെടുക്കാനാവും. മൂന്നാമത്തെ കുഴിക്കരികിൽ നിന്നു ഒന്നാമത്തെ കുഴിയിലേക്ക് ഗോലി എറിഞ്ഞാണ് ആദ്യം കളിക്കുന്ന ആളെ തിരെഞ്ഞെടുക്കുന്നത്.ഇങ്ങനെ എറിയുമ്പോൾ ഒന്നാമത്തെ കുഴിയോടു അടുത്ത് കിടക്കുന്ന ആൾ കളി തുടങ്ങണം.ഒരു കൈയിലെ തള്ള വിരൽ നിലത്തു കുത്തി നടു വിരലിലോ ചൂണ്ടു വിരലിലോ ഗോലി വച്ച് മറ്റേ കൈ കൊണ്ട് കവണ കൊണ്ട് എറിയുന്ന രീതിയിൽ ഗോലി വലിച്ച് വിടുന്നു.ഒന്നാമത്തെ കുഴിയിൽ നിന്നും മധ്യ ഭാഗത്തുള്ള കുഴയിൽ ഇട്ടു കളി തുടങ്ങുന്നു.ഇത് ഒരു പോയിൻറു അല്ലെങ്കിൽ "പച്ച തപ്പുക" എന്നു അറിയപ്പെടുന്നു. ഗോലി ഓരോ കുഴിയിലിടുന്നതിനനുസരിച്ച് കളിക്കാരന്‌ ഒന്നു മുതൽ പത്തു വരെ പോയിന്റ് ലഭിക്കുന്നു. ഇതിനിടയിൽ മറ്റു കളിക്കാരുടെ ഗോലി അടിച്ചു തെറിപ്പിച്ച് അവർക്ക് പോയിന്റ് ലഭിക്കാതിരിക്കാനും ഓരോ കളിക്കാരനും ശ്രദ്ധിക്കുന്നു. ഗോലി നിർദ്ദിഷ്ട കുഴിയിട്ട് പോയിന്റ് നേടുകയോ, എതിരാളിയുടെ ഗോലിയിൽ അടിച്ചുകൊള്ളിക്കുകയോ ചെയ്താൽ കളിക്കാരന് ഒരുതവണകൂടി കളിക്കാൻ അവസരം ലഭിക്കും. ആദ്യം പത്തു പോയിന്റിലെത്തുന്ന കളിക്കാരൻ വിജയിക്കുന്നു.

ശിക്ഷ

എത്ര പോയിന്റിനാണോ എതിർകളിക്കാർ തോറ്റത്, അത്രയും തവണ ഗോലി കൊണ്ട് മുഷ്ടിയിൽ അടിക്കുക എന്നതാണ്‌ വിജയി നൽകുന്ന ശിക്ഷ. ഒന്നാമത്തെ കുഴിക്കരുകിൽ എതിരാളികൾ മുഷ്ടി വച്ചു കൊടുക്കുകയും, മൂന്നാമത്തെ കുഴിയിൽ നിന്ന് വിജയി ഈ മുഷ്ടിയിലേക്ക് കുഴിത്തപ്പിശൈലിയിൽ ഗോലി അടിച്ചു കൊള്ളിക്കുകയും ചെയ്യുന്നു.

കുറിപ്പുകൾ

  • തൃശൂർ ജില്ലയിലെ ചാലക്കുടി പ്രദേശത്ത് കളിക്കുന്ന രീതികളാണ്‌ ഈ ലേഖനത്തിൽ കൂടുതലായും വിവരിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ കളിരീതിയും നിയമങ്ങളും വ്യത്യസ്തമാകാം.


റഫറൻസുകൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.