നിലവിളക്ക്

കേരളത്തിലെ വീടുകളിൽ സന്ധ്യാസമയം കത്തിച്ചുവയ്ക്കുന്ന പ്രത്യേകതരം വിളക്കാണ് നിലവിളക്ക്. എണ്ണയൊഴിച്ച് അതിൽ തുണി, നൂല് തുടങ്ങിയവയിട്ട് കത്തിക്കുന്ന ഭാഗം ഉയർന്ന്, ഒന്നോ അതിലധികമോ നിലകളോടുകൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് വിളിക്കുന്നത്. വളരെകാലം മുൻപ് മുതൽ നിലവിളക്ക് കേരളത്തിൽ പ്രചുരപ്രചാരം നേടിയിരുന്നു. ആദ്യകാലങ്ങളിൽ ഓടിൽ തീർത്തതായിരുന്നു നിലവിളക്കുകളെങ്കിലും, പിന്നീട് വിവിധ ലോഹങ്ങളിൽ നിലവിളക്കുകൾ ഉണ്ടാക്കിത്തുടങ്ങി. നിലകളായി കത്തിക്കാമെന്നതുകൊണ്ടാണ് ഈ പേര് വന്നതെന്ന് കരുതപ്പെടുന്നു.

നിലവിളക്ക്

കേരളത്തിന്റെ തനതുവിളക്ക് എന്ന രീതിയിൽ നിലവിളക്ക് കേരളത്തിൽ പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നു. നിലവിളക്ക് കത്തിച്ച് ഉദ്ഘാടനവും യോഗത്തിന്റെ ആരംഭം കുറിക്കലുമൊക്കെ സാധാരണമാണ്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്ന് പറയുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്.

ഹിന്ദുമതത്തിൽ

നിലവിളക്കുകൾ

കേരളത്തിലെ ക്ഷേത്രങ്ങളിൽ ആരാധനയുടെ ഭാഗമായി വ്യാപകമായി ഈ വിളക്ക് ഉപയോഗിക്കുന്നു.

അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പ്രത്യേകനിയമങ്ങളുമുണ്ട്. ലോഹമിശ്രിതമായ ഓടുകൊണ്ട് നിർമിച്ച നിലവിളക്കാണ് പൂജാകർമങ്ങൾക്ക് ഉപയോഗിക്കേണ്ടത്. എള്ളെണ്ണയാണ് പൊതുവേ കത്തിക്കാനുപയോഗിക്കുന്നത്. സന്ധ്യാപൂജയ്ക്കായി മിക്ക ഹിന്ദുഗൃഹങ്ങളിലും നിലവിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. പ്രഭാതത്തിൽ ബ്രാഹ്മമുഹൂർത്തത്തിലും വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളിമുഹൂർത്തത്തിലുമാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം.

വിളക്കിലെ തിരികൾ തെളിക്കുന്നതിനും പ്രത്യേക ചിട്ടകൾ കല്പിക്കപ്പെട്ടിരുന്നു. പ്രഭാതത്തിൽ കിഴക്കോട്ടും പ്രദോഷത്തിൽ കിഴക്കു പടിഞ്ഞാറും തിരിയിടേണ്ടതാണ്. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളിൽ അഞ്ചോ, ഏഴോ തിരികൾ തെളിക്കാം. അമർത്യർ, പിതൃക്കൾ, ദേവന്മാർ, ഗന്ധർവന്മാർ, യക്ഷോവരന്മാർ, രാക്ഷസന്മാർ എന്നിവരാണ് ഏഴുനാളങ്ങളുടെ അധിദേവതമാർ. കിഴക്കുവശത്തുനിന്ന് തിരിതെളിച്ച് തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്ന ക്രമത്തിൽ വേണം ദീപപൂജ ചെയ്യേണ്ടത്. വിളക്കുകത്തിക്കലിന്റെ പ്രദക്ഷിണം പൂർത്തിയാക്കരുതെന്നും നിയമമുണ്ട്.

തെക്കുപടിഞ്ഞാറ്, കന്നിമൂലയിലുള്ള പൂജാമുറിയിലാണ് നിലവിളക്ക് സ്ഥാപിക്കേണ്ടത് എന്നാണ് വിശ്വാസം. തെക്കുവടക്കായി നിലവിളക്ക് കൊളുത്തുന്നത് ദോഷമത്രെ. കരിന്തിരി കത്തി അണയുന്നത് അശുഭമെന്നും വസ്ത്രംവീശി കെടുത്തുന്നത് ഉത്തമമെന്നുമാണ് വിശ്വാസം. താന്ത്രികകർമങ്ങളിലും മന്ത്രവാദത്തിലും അഷ്ടമംഗലപ്രശ്നത്തിലുമൊക്കെ നിലവിളക്കിന്റെ സാന്നിധ്യം അനിവാര്യമാണ്.

ക്രിസ്തുമതത്തിൽ

കുരിശോടുകൂടിയ നിലവിളക്ക്

കേരളത്തിൽ സർവ്വസാധാരണയായി കണ്ടുവരുന്ന നിലവിളക്ക് അതേ മാതൃകയിലും ചിലപ്പോൾ നിലവിളക്കിന്റെ മുകൾ ഭാഗം കുരിശിന്റെ ആകൃതിയിൽ രൂപമാറ്റം വരുത്തിയും, മറ്റു ചിലപ്പോൾ അതിനുമുകളിൽ പ്രാവിന്റെ രൂപം ചേർത്തും ക്രിസ്ത്യൻ പള്ളികളിലും വീടുകളിലും ഉപയോഗിക്കാറുണ്ട്. ഈ ആചാരത്തിന്റെ പഴക്കം നിർണ്ണയിക്കുവാൻ പ്രയാസമുണ്ട്. പല പഴയ ക്രിസ്ത്യൻ ദേവാലയങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള നിലവിളക്കുകൾ കണ്ടുവരുന്നുണ്ട്. പലയിടങ്ങളിലും നിലവിളക്കിൽ എണ്ണയൊഴിക്കുന്നതും വിവാഹം പോലെയുള്ള അവസരങ്ങളിൽ വധുവരന്മാർ നിലവിളക്ക് കൊളുത്തുന്നതും ആചാരമായി കണ്ടുവരുന്നു.

ഇതും കാണുക

ചിത്രശാല


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.