തീയാട്ട്

ദേവാലയങ്ങളിൽ നടത്തുന്ന ഒരു അനുഷ്ഠാനകലയാണു് തീയാട്ട്. ഇത് പലവിധമുണ്ട്. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിവയാണ് പ്രധാനം.തെയ്യാട്ട് ആണ് തീയാട്ട് ആയതെന്ന് സങ്കല്പിക്കുന്നു. തീയാട്ട് എന്ന ചടങ്ങിൽ തീപന്തം ഉഴിച്ചിലിന് പ്രാധാന്യം ഉള്ളതുകൊണ്ടാണ് ആ പേരു നന്നതെന്നും വാദമുണ്ട്. തീയാട്ടിന്റെ പ്രകടനത്തിന് കുറഞ്ഞത് മൂന്നുപേർ വേണം. സന്ധ്യയ്ക്ക് ശേഷം പുണ്യാഹം കഴിച്ച് മുറ്റത്ത് കുലവാഴ നടും. ഭദ്രകാളിയുടെ/അയ്യപ്പന്റെ രൂപം വിവിധ വർണ്ണങ്ങളിൽ കളമെഴുതും. സംഘത്തിലെ പ്രധാനഗുരുവാണ് വേഷം കെട്ടുക. കളംവര കഴിഞ്ഞാൽ ഇഷ്ടദേവതാപ്രാർത്ഥന തുടങ്ങും. വാദ്യമേളങ്ങളോടു കൂടി പന്തം കത്തിച്ചുപിടിച്ച്, ഗാനം പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചിൽ എന്നിവ തീയാട്ടിന്റെ മുഖ്യ ചടങ്ങുകളാണ്.

Bhadrakali theeyattu

ചടങ്ങുകൾ

പരിശുദ്ധ സ്ഥലത്ത് അലങ്കരിച്ച പന്തലിൽ നിലത്ത് രൗദ്രരൂപിണിയായ ഭദ്രകാളിയുടെ അഷ്ടബാഹുക്കളോടുകൂടിയ രൂപം വരക്കുന്നു (കളം) കളമെഴുത്തിനു അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി (കുന്നി, മഞ്ചാടി പോലുള്ള ഇലകൾ പൊടിച്ചത്) മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പുപൊടി എന്നീ പഞ്ചവർണ്ണങ്ങളാണ് ഉപയോഗിക്കുന്നത്. വെറ്റില പാക്ക്, നാളികേരം, നെല്ല്, അരി, വിളക്കുകൾ എന്നിവ കൊണ്ട് കളം അലങ്കരിക്കുന്നു. സന്ധ്യ നേരത്ത് സന്ധ്യനേരത്ത് സന്ധ്യ കൊട്ടുണ്ട്. കഥകളിക്ക് സന്ധ്യവേല (കേളീ) ഉള്ളതുപോലെ തീയാട്ട് ഉണ്ട് എന്നറിയിക്കലാണ് ലക്ഷ്യം.ഇതിനുശേഷം അഷ്ടമംഗല്യവുമായിവെന്ന് ദേവിയെ ആവാഹിച്ച് എതിരേറ്റ് കൊണ്ടുവന്ന് കളത്തിൽ ലയിപ്പിക്കുന്നു. കളത്തിൽ പൂജ നടക്കുന്നു. പിന്നീട് ദേവീ സ്തുതികൾ രാഗതാളലയത്തോടെ പാടുന്നു. ദേവിയുടെ കേശാദിപാദവും പാദാദികേശവുമാണ് പ്രധാനമായി പാടുന്നത്. ഒരാൾ ദേഹത്തിൽ , കളത്തിൽ നിന്ന് ദേവീ ചൈതന്യം ആവാഹിച്ച് രൗദ്രരൂപിണിയായി ശ്രീ ഭദ്രകാളിയുടെ വേഷം കെട്ടുന്നു. ദാരികവധം കഴിഞ്ഞ് കോപാകുലയായി ദാരിക ശിരസ്സുമായി കൈലാസ്ത്തിൽ എത്തുന്ന ഭാഗം മുതലാണ് അഭിനയിക്കുന്നത്. പരമശിവനായി നിലവിളക്കിനെ സങ്കല്പിക്കുന്നു. ശിരസ്സ് പിതാവിന് സമർപ്പിച്ച ദാരികവധം കഴിഞ്ഞ കഥ നൃത്തത്തിൽ കൂടിയും അഭിനയത്തിൽ കൂടിയും ശ്രീ പരമേശ്വരനെ പറഞ്ഞ് മനസ്സിലാക്കുന്നതാണ് അവതരിപ്പിക്കുന്നത്. തീയാട്ടിന്റെ അവസാനം പന്തം കത്തിച്ച് ഉഴിഞ്ഞ് തെള്ളീപ്പൊടി എറിഞ്ഞ് ഭൂതപ്രേതാദികളെയും മറ്റു ദോഷങ്ങളും അകറ്റുന്നു. ശേഷം മുടി (കിരീടം) അഴിച്ച് ഉഴിഞ്ഞ് ചട്ങ്ങ് അവസാനിപ്പിക്കുന്നു.

ഫലശ്രുതി

ശത്രുദോഷത്തിനും ഭൂതപ്രേതാദി ബാധകളെ ഒഴിപ്പിക്കുന്നതിനും വസൂരി തുടങ്ങിയ സാംക്രമികരോഗങ്ങൾ വരാതിരിക്കാനും മറ്റ് ഉദ്ദിഷ്ടകാര്യസാധ്യതക്കും ദേവീ പ്രീതിക്കുവേണ്ടി തീയാട്ട് നടത്തപ്പെടുന്നു. തീയാട്ടിന് ഉപയോഗിക്കുന്ന പ്രധാന വാദ്യം പറയാണ്. മേളക്കൊഴുപ്പിനായി ചെണ്ടയും മറ്റ് വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്. (കടപ്പാട്: മാവേലിക്കര മറുതാക്ഷീ ക്ഷേത്രം, ഉമ്പർനാട് കരയോഗം അശ്വതിമഹോത്സവ നോട്ടീസ്, 2017)

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.