കളമെഴുത്തുപാട്ട്

ഭദ്രകാളി, അയ്യപ്പൻ, വേട്ടക്കരൻ, സർപ്പം തുടങ്ങിയ ദേവന്മാർക്കായി നടത്തുന്ന വിശേഷ വഴിപാടാണ് കളംപാട്ട് അഥവാ കളമെഴുത്തുപാട്ട്. കളമെഴുത്തും പാട്ടുംപഞ്ചവർണപ്പൊടികൾ കൊണ്ട് മൂർത്തിയുടെ കളം വരച്ചതിനു ശേഷം മൂർത്തിയെ സ്തുതിച്ച് നന്തുണി മീട്ടി ദേവതാസ്തുതി പാടുകയും ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് അനുഗ്രഹം നൽകുകയും പിന്നീട് കളം മായ്ക്കുകയും ചെയ്യുന്നു. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവർദ്ധനവ് എന്നിവക്കുത്തമമാണെന്ന വിശ്വാസത്തിൽ വീടൂകൾ, കാവുകൾ, ക്ഷേത്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഈ ചടങ്ങ് നടത്തപ്പെടുന്നു. മണ്ഡലകാലത്തെ അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.

ഒരു കളം

കുറുപ്പന്മാരാണ് കളം വര, പാട്ട് എന്നിവ കൈകാര്യം ചെയ്യുന്നത്. വെളിച്ചപ്പാട് കളപ്രദക്ഷിണം നാളീകേരമേറ് തുടങ്ങിയവ നടത്തുന്നു. വേട്ടക്കരന്റെ കളത്തിൽ മാത്രം കല്ലാറ്റക്കുറുപ്പ് ( പാട്ടുകുറുപ്പ്) കളം വരക്കുകയും പാറ്റുകയും കാരോലനായർ വെളിപ്പെട്ട് കളപ്രദക്ഷിണം , അനുഗ്രഹം കളം മായ്ക്കൽ മുതലായവ നടത്തുകയും ചെയ്യുന്നു. വിശേഷാവസരങ്ങളിൽ വേട്ടക്കരനുള്ള കളം പാട്ടിൽ പന്ത്രണ്ടായിരം നാളികേരം കാ‍രോലനായർ എറിയുന്നു. ദക്ഷിണകേരളത്തിലെ കുറുപ്പന്മാർക്ക് വാദ്യം കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

ചടങ്ങുകൾ

കളമെഴുത്ത് പാട്ടിനു പിന്നിൽ പലതരം അനുഷ്ടാനകർമ്മങ്ങളുണ്ട്. ഇതിൽ കെട്ടിവിതാനമാണ് ആദ്യത്തേത്. കളമെഴുതുന്നതിനു വേണ്ടുന്ന സ്ഥലം കെട്ടിയൊരുക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. കുരുത്തോല ,ആലില ,വെറ്റില, പൂക്കുല, മാവില എന്നിവയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നവ.

ഇതുകഴിഞ്ഞാൽ ഉച്ചപ്പാട്ടാരംഭിക്കും .പരദേവത,ഗണപതി,തുടങ്ങിയ ദേവതമാരെയാണ് ഇതിലൂടെ സ്തുതിക്കുന്നത്.കളംകുറിക്കുക എന്നതാണ് അടുത്ത ചടങ്ങ്.നടുവിൽ ആയുർ രേഖ വരയ്ക്കും അതിൽനിന്നാണ് ബാക്കിയെല്ലാം വരയ്ക്കുന്നത്.കരിപ്പൊടി,അരിപ്പൊടി,എന്നിവ കൊണ്ടാണ്കള് കുറിക്കുന്നത്.വെച്ചൊരുക്ക് എന്നചടങ്ങാണ് അടുത്തത്.ഉണക്കലരി,നാളീകേരം,പൂക്കുല,വെറ്റില ഇവ കളത്തിൽ വയ്ക്കുന്നചടങ്ങാണ് ഇത്.കളം എഴുതിക്കഴിഞ്ഞാൽ കളംകാണലാണ്.പിന്നീടാണ് കളംപാട്ട് ആരംഭിക്കുന്നത്.ഭഗവതി സ്തുതിയിലാണ് തുടക്കമെങ്കിൽ "തായേ മായേ മുക്കണ്ണി "എന്നുതുടങ്ങുന്നപാട്ടും അയ്യപ്പസ്തുതിയാണെങ്കിൽ "ഉത്തിരം തിരുനാളേ ഉദയമേ പിറന്നയ്യൻ"എന്നുമായിരിക്കം തുടക്കം.കളം പാട്ടിനുശേഷം കളം മായ്ക്കലാണ്.കളത്തിനുചുറ്റും കർപ്പൂരങ്ങൾ കത്തിച്ചുവച്ച് അതണഞ്ഞതിനുശേഷം കളം മായ്ക്കുന്നു. ഇതാണ് അവസാനചടങ്ങ്. വലന്തല,പറ,ചേങ്ങില,ശംഖ്,എന്നിവയാണ് ഇതിലുപയോഗിക്കുന്ന വാദ്യങ്ങൾ.

ചടങ്ങുകളുടെ പട്ടിക

  • പാട്ടുകൂറയിടൽ
  • കളം പൂജ
  • സന്ധ്യാവേല
  • കളപ്രദക്ഷിണം
  • മുല്ലക്കൽ പാട്ട്
  • നാളികേരമേറ്
  • കളം മായ്ക്കൽ
  • കൽപ്പന

ഭദ്രകാളിപ്പാട്ട്

ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള കളം പാട്ടുകളാണ് ഭദ്രകാളിപാട്ടുകൾ. ഇതിന് വടക്കൻ, തെക്കൻ എന്നീ രണ്ട് ഉപവിഭാഗങ്ങളുണ്ട്. തെക്കൻ ദിക്കിൽ കോവലൻചരിതം അഥവാ കണ്ണകീചരിതം പാടുമ്പോൾ, വടക്കൻ ദിക്കിൽ ദാരികവധമാണ് പ്രമേയമാക്കുന്നത്. ഇവയ്ക്ക് ആയിരത്തിലധികം വർഷം പഴക്കമുള്ളതായി കണക്കാക്കുന്നു. ഭദ്രകാളിപാട്ടുകൾ എഴുതിപടിക്കരുത് എന്നാണ് വിശ്വാസം.

ഭദ്രകാളിപ്പാട്ടിലെ ചിലവരികൾ

കണ്ട മുരൻ‌തല തുണ്ടമിടുന്നവൾ

ചാമുണ്ടിയെന്നൊരു നാമം ചരിപ്പവൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.