നായാടിക്കളി

വള്ളുവനാട്ടിലും[1] പരിസരപ്രദേശങ്ങളിലും ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളോടനുബന്ധിച്ച് പാണൻ സമുദായക്കാരായ പുരുഷന്മാർ[2] നടത്തിവന്നിരുന്ന ഒരു കളിയാണ്‌ നായാടിക്കളി. കാട്ടിൽ നായാടാൻ പോകുന്നവരുടെ വേഷം കെട്ടി ഇവർ വീടുകൾതോറും ചെന്നാണ് പാട്ടുപാടിയുള്ള ഈ കളി നടത്തുന്നത്.

നായാടിക്കളി, ഉത്രാളിക്കാവിൽ നിന്നും

വാദ്യോപകരണങ്ങളും വേഷവിധാനങ്ങളും

രണ്ട് മുളവടികളാണ്‌ വാദ്യോപകരണങ്ങൾ. ഒന്നു നീണ്ടതും മറ്റേത് കുറിയതുമായിരിക്കും. നീണ്ട വടി ഇടത്തേ കക്ഷത്തിൽ ഉറപ്പിച്ച് ചെറിയ വടി കൊണ്ട് അതിൽ താളം കൊട്ടുന്നു. അതിന്ന് ചേർന്ന മട്ടിൽ പാട്ടുകൾ പാടി കളിക്കും. നായാടികളുടേതാണ് വേഷം. തോളിൽ ഒരു വലിയ മറാപ്പ് കെട്ടിത്തൂക്കിയിരിക്കും. കൂടാതെ ഇട്ടിങ്ങലിക്കുട്ടി എന്നു വിളിക്കുന്ന, മരംകൊണ്ടുള്ള, ഒരു ചെറിയ പ്രതിമയും ഇവർ കയ്യിൽ കരുതിയിരിക്കും. ഒരുകൈകൊണ്ട് ഈ പാവയെ നിലത്ത് തുള്ളിച്ചുകൊണ്ടുള്ള ഒരുതരം പാവകളിയും ഇവരുടെ പ്രകടനത്തിന്റെ ഭാഗമായിരുന്നു.

പാട്ടുകൾ

കളിയോടൊപ്പം പാട്ടുകളുമുണ്ടാവും. പാട്ടുകൾ അപ്പപ്പോൾ അവർ തന്നെ നിർമ്മിച്ചെടുക്കുന്നവയാകാം. വിഷയം സാധാരണയായി നായാട്ടു വിശേഷങ്ങളായിരിക്കും. അപ്പപ്പോൾ ചെല്ലുന്ന വീടുകളിലെ ഗൃഹനാഥന്മാരെയും മറ്റും പുകഴ്ത്തുന്ന പാട്ടുകളുമുണ്ടാകാം. കളി കഴിയുമ്പോൾ വീടുകളിൽ നിന്ന് ഇവർക്ക് അരിയും നെല്ലും തുണികളും സമ്മാനങ്ങളായി കിട്ടും. ഒടുവിൽ പൂരദിവസം ഇവർ ക്ഷേത്രങ്ങളിലെത്തി അവിടെയും വിസ്തരിചു കളിക്കും.

നായാട്ടുവിളി

നായാട്ടിനെ ചുറ്റിപ്പറ്റി ഇവർ അവതരിപ്പിക്കാറുള്ള "നായാട്ടു വിളി"‍ വളരെ രസകരമാണ്‌. പക്ഷേ അത് പ്രത്യേകം സമ്മാനങ്ങൾ ഉറപ്പായാൽ മാത്രമേ കളിച്ചു കണ്ടിട്ടുള്ളൂ. നായാട്ടിനു തയ്യാറാകാൻ തമ്പുരാന്റെ നിർദ്ദേശം കിട്ടുന്നതു മുതൽ ആളെക്കൂട്ടുന്നതും സംഘം ചേരുന്നതും കാട്ടിലേക്കു പോകുന്നതും കാടിളക്കുന്നതും കാട്ടുജന്തുക്കളെ ഓടിച്ചു കുടുക്കുന്നതും ഒടുവിൽ വെടിവെച്ചും അമ്പെയ്തും അവയെ വീഴ്ത്തുന്നതും അവയുടെ ദീനരോദനവുമൊക്കെ വളരെ തന്മയത്വത്തോടെ അവർ ശബ്ദങ്ങളിലൂടേയും വാക്കുകളിലൂടെയും വരച്ച് വയ്ക്കും. ഏകാഭിനയത്തിന്റെ ഏറ്റവും ശക്തമായ ഒരു മാതൃകയാണ്‌ ഇത്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.