മലമക്കളി
വർഷം തോറും ചിറ്റൂരിൽ നടത്താറുള്ള കൊങ്ങൻപട എന്ന ഉത്സവത്തോടനുബന്ധിച്ചാണ് മലമക്കളി നടത്താറുള്ളത്.[1] കോയമ്പത്തൂർ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു രാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവർമ്മപ്പെരുമാൾ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂർ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തിൽ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയർ ʻകൊങ്ങൻപടʼ ആഘോഷിച്ചുതുടങ്ങിയെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.[2]
ദേവേന്ദ്രപ്പള്ള്
കൊങ്ങൻപട കഴിഞ്ഞുവരുന്ന ബുധനാഴ്ച മലമക്കളിയും അതിനടുത്ത ചൊവ്വാഴ്ച ദേവേന്ദ്രപ്പള്ളും നടത്തുന്നു. ഈ രണ്ടു കളികളിലും സ്വദേശികളായ നായന്മാർ ഭഗവതീസ്തോത്രപരങ്ങളായ ഗാനങ്ങൾ പാടുന്നതിനിടയ്ക്കു, മലയൻ, പള്ളൻ, ചക്കിലിയൻ ഇങ്ങനെ ചില ജാതിക്കാരുടെ വേഷങ്ങൾ ചമഞ്ഞുവന്നു കളിക്കുന്ന പതിവുണ്ടു്. മലമക്കളിക്കുള്ള ദിവസത്തിൽ മലയന്റേയും മലയത്തിയുടേയും വേഷങ്ങൾ രംഗപ്രവേശം ചെയ്യുന്നു. രണ്ടവസരങ്ങളിലും പാടുന്ന പാട്ടുകൾ പ്രായേണ തമിഴാണു്.
“ | തെൻമലയിലെ തേനിരുക്കുതു തേനൈക്കൊണ്ടാടാ മലയാ, തേനൈക്കൊണ്ടാടാ മലയാ | ” |
എന്ന പാട്ടു മലമക്കളിയിലുള്ളതാണു്. ʻപള്ളുʼ എന്നാൽ ദേവീപ്രീതികരങ്ങളായ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ പാടുന്ന രാഗം എന്നാണർത്ഥം. ദേവേന്ദ്രനെപ്പോലെ വിജയിയായ പെരുമാൾ ചിറ്റൂർഭഗവതിക്കു ബലിനല്കുമ്പോൾ പാടിയ പാട്ടെന്നായിരിക്കാം പ്രകൃതത്തിൽ പള്ളിന്റെ അർത്ഥം. ഈ പള്ളിൽപെട്ട
“ | അൻപുടയ ചിത്രപുരി വാഴ്കിന്റ ഭഗവതിയേ | ” |
എന്നു തുടങ്ങുന്ന പാട്ടുകൾ ഗോവിന്ദപ്പിള്ള മലയാള ഭാഷാഗ്രന്ഥ ചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.
അവലംബം
- ഫോക്‌ലോർ നിഘണ്ടു - വിഷ്ണു നാരായണൻ നമ്പൂതിരി എം.വി
- ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.