മാപ്പിളപ്പാട്ട്
കേരളത്തിലെ മുസ്ലിൻങ്ങൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നു് അറിയപ്പെടുന്നതു്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമാണ്. ജനകീയവും സംഗീതാത്മകവുമാണ് അതിൻറെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു.
മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്തങ്ങൾക്ക്പുറമേ സംസ്കൃത വൃത്തങ്ങളിൽ ചിലരൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിൻറെ ഈണത്തിന്റെ താളക്രമത്തിന് 'ഇശൽ' എന്നാണ് പറയുന്നത്.
തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം,തുടങ്ങി ഒട്ടേറെ ഇശലുകൾ ഉണ്ട്. ദ്രാവിഡ രീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നത്.
കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്, ഇതിൻറെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ 'മോന' അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ 'എതുക' (ദ്വിതിയാക്ഷര പ്രാസത്തിനുതുല്യം)യ്ക്ക് തുല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷരപ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസവുമാണ്. ഭാഷയിലെ പാട്ടു പാരമ്പര്യം മാപ്പിളപ്പാട്ടിൻറെ പാരമ്പര്യവുമായി ഇഴചേരുന്നതിൻറെ ദൃഷ്ട്ടാന്തങ്ങലാണിവയൊക്കെ.
മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.
മാലപ്പാട്ടുകളിൽ ആദ്യത്തേത്, കൊല്ലവർഷം 752-ൽ കൊഴിക്കോട്ടുകാരനായ ഖാസിമുഹമ്മദ് രചിച്ച 'മുഹയിദ്ധീൻമാല' യാണ്.
ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൌരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി പ്രചാരത്തിലുണ്ടു്. കവിയേക്കാൾ പാടുന്നവർക്ക് പ്രാധാന്യം നൽകപ്പെട്ടതിനാലായിരിക്കണം പല മാപ്പിള കൃതികളും അജ്ഞാത കർതൃകങ്ങളായത് . സമകാലീന മാപ്പിളപ്പാട്ടുകളിൽ അറബി-മലയാളത്തിന്റെ സ്വാധീനവും തുലോം കുറവാണ്. കെ.ടി. മുഹമ്മദ്, എം.എൻ.കാരശ്ശേരി, പി.റ്റി.അബ്ദുൽ റഹ്‌മാൻ, എ.വി.മുഹമ്മദ് , ചാന്ദ് പാഷ തുടങ്ങിയവർ പുതിയ കാലത്തെ മാപ്പിളപ്പാട്ടുരചയിതാക്കളാണ്. കെ.രാഘവൻ, പി.ഭാസ്കരൻ തുടങ്ങിയവർ മാപ്പിളപ്പാട്ടുകളെ സിനിമാസംഗീതമേഖലയിലേക്കെത്തിച്ചവരിൽ പ്രധാനികളാണ്.
ചരിത്രം
അറബികൾക്ക് പുരാതനകാലം മുതലേ കേരളവുമായി ഉണ്ടായിരുന്ന കച്ചവടബന്ധം കേരളത്തിൽ ഇസ്‌ലാം മതത്തിനു വേരോട്ടമുണ്ടാകാൻ അവസരം ഒരുക്കി. അറബികളുടെ ഭാഷയും സംസ്കാരവും കേരളത്തിലെ മുസ്ലിം മതാനുയായികളിൽ സ്വാധീനം ചെലുത്തി. ഈ സാംസ്‌കാരിക സമ്പർക്കത്തിന്റെ ഫലമാണു് അറബി-മലയാളവും മാപ്പിള സഹിത്യവും. ഗവേഷകരിൽ ചിലർ മാപ്പിളസാഹിത്യത്തിനു് തൊള്ളായിരം കൊല്ലത്തോളം പഴമ കൽപ്പിക്കുന്നുണ്ട്.
പേരിൻറെ ചരിത്രം
മാപ്പിളപ്പാട്ടുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാപ്പിളപ്പാട്ട് എന്ന പേര് 1932-ൽ വക്കം അബ്ദുൽ ഖാദർ മൗലവി 'അൽഅമീൻ' പത്രത്തിലെഴുതിയ ഒരു ലേഖനത്തിലാണ് ആദ്യമായി മാപ്പിളപ്പാട്ട് എന്ന പദം പ്രയോഗിക്കപ്പെട്ടതെന്നാണ് ചരിത്രകാരനും ഗവേഷകനുമായ കെ.കെ മുഹമ്മദ് അബ്ദുൽ കരീം സാഹിബ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുവരെയും 'സബീനപ്പാട്ടുകൾ' എന്ന പേരിലാണ് മാപ്പിളപ്പാട്ടുകൾ അറിയപ്പെട്ടിരുന്നത്. കുഞ്ഞായിൻ മുസല്യാരുടെ 'കപ്പ(ൽ)പാട്ടിൽ' നിന്നാണ് ഈ പേരുണ്ടായതെന്നാണ് ഒരുപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച് ആധ്യാത്മിക വിചാരം നടത്തുന്ന ഒരു ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. കപ്പലിന് അറബിയിൽ സഫീനഃ എന്നാണ് പറയുക. അതിനാൽ കപ്പപ്പാട്ട് 'സഫീനപ്പാട്ട്' എന്ന പേരിലും അറിയപ്പെട്ടു. പിന്നീട് ആ മാതൃകയിൽ രചിക്കപ്പെട്ട പാട്ടുകളെല്ലാം സഫീനപ്പാട്ട് എന്ന പേരിൽ അറിയപ്പെട്ടു പോന്നു. സഫീനയാണ് സബീനയായത്.[1]
പ്രമുഖ മാപ്പിളപ്പാട്ട് ഗായകർ
- മഹാകവി മോയീൻകുട്ടി വൈദ്യർ
- എ.വി.മുഹമ്മദ്
- ഒ.എം. കരുവാരക്കുണ്ട്
- എരഞ്ഞോളി മൂസ
- അസീസ് തായിനേരി
- കണ്ണുർ സലിം
- കണ്ണുർ ഷെരിഫ്
- വി.എം. കുട്ടി
- വിളയിൽ ഫസീല
- അഫ്സൽ
- നിലമ്പൂർ ഷാജി
- പുലിക്കോട്ടിൽ ഹൈദർ
- റംലാ ബീഗം
- ഐഷാ ബീഗം
- എസ്.എ. ജമീൽ
- പീർ മുഹമ്മദ്
- വടകര കൃഷണ ദാസ്
- വി ടി മുരളി
- ഒ.അബുടി മാസ്റ്റർ
- രഹ്‌ന
- ബദറുദ്ദീൻ പാറന്നൂർ
- ജാബിർ കെ കരുവാരകുണ്ട്
- കണ്ണൂർ സീനത്ത്