പഞ്ചവാദ്യം
പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.
“ഢക്കാച കാംസ്യവാദ്യം ചഭേരി ശംഖശ്ച മദ്ദള: പഞ്ചവാദ്യമിതി പ്രാഹു രാഗമാർത്ഥ വിശാരദാ:”[1]


മുകളിൽപ്പറയുന്ന പഞ്ചവാദ്യത്തിന്റെ ലക്ഷണം അനുസരിച്ച് ഇടയ്ക്ക, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. എന്നാൽ ഇന്നു പ്രചാരത്തിലുള്ള പഞ്ചവാദ്യം ഇതിൽ നിന്നും വ്യത്യസ്തമാണ്. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇടയ്ക്ക, ഇലത്താളം, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്.
ഉത്ഭവം
പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത് ഒരു ക്ഷേത്ര കലാരൂപമാണ്. ഇന്നത്തെ രീതിയിൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതിൽ ഇവർ പ്രധാന പങ്കു വഹിച്ചു.[2]
പഞ്ചവാദ്യ മേളം
ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്, പതിനൊന്ന് ഇലത്താളം ഇങ്ങനെയാണ് അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച് തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽഅണിനിരിക്കുന്നത് ഇലത്താളക്കാരാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക് അതായത് മധ്യഭാഗത്ത് തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ് ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപൂണിതുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോഉത്സവത്തിനോട് അനുബന്ധിച്ച് ആണ്.
പ്രശസ്ത കലാകാരന്മാർ
- അന്നമനട പരമേശ്വരൻ മാരാർ ,
- ചോറ്റാനിക്കര വിജയൻ മാരാർ,
- ചോറ്റാനിക്കര നന്ദപ്പൻ മാരാർ ,
- കീഴില്ലം ഗോപാലകൃഷ്ണൻ മാരാർ,
- പരയ്ക്കാട് തങ്കപ്പമാരാർ,
- കോങ്ങാട് മധു
മദ്ദളം
- ചെർപ്പുളശ്ശേരി ശിവൻ,
- കുനിശ്ശേരി ചന്ദ്രൻ,
- പുലാപ്പറ്റ തങ്കമണി,
- കല്ലേകുളങ്ങര കൃഷ്ണവാര്യർ,
- കലാമണ്ഡലം കുട്ടിനാരായണൻ,
ഇടയ്ക്ക
- തിച്ചൂർ മോഹനപ്പൊതുവാൾ,
- തിരുവില്വാമല ഹരി,
- തിരുവാലത്തൂർ ശിവൻ
കൊമ്പ്
- മച്ചാട് ഉണ്ണിനായർ,
- മച്ചാട് മണികണ്ഠൻ,
- ഓടക്കാലി മുരളി,
- കുമ്മത്ത് രാമൻകുട്ടി നായർ,
- വരവൂർ മണികണ്ഠൻ,
ഇതും കാണുക
- പാണ്ടിമേളം
- പഞ്ചാരി മേളം
- തായമ്പക
- അഷ്ടാക്ഷരിമേളം
- കേരള കലാമണ്ഡലം
അവലംബം
- പാറമ്മേൽകാവ് പഞ്ചവാദ്യ വിദ്യാലയം, പാറമ്മേൽകാവ്, തൃശ്ശൂർ.കേരള വിജ്ഞാനകോശം
- പഞ്ചവാദ്യം(PRASANTH MITHRAN പുഴ.കോം)
| വിക്കിമീഡിയ കോമൺസിലെ Panchavadyam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |