പരിചമുട്ടുകളി

കേരളത്തിലെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ്‌ ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു.

പാരമ്പര്യരീതികൾ

ക്രൈസ്തവ പാരമ്പര്യം

ഉത്ഭവം

കേരളത്തിലെ നസ്രാണികൾക്കിടയിൽ പതിനാറാം നൂറ്റാണ്ടിലാണ്‌ ഇത് ഉടലെടുത്തത്. [1] നസ്രാണികൾ, പ്രത്യേകിച്ച് ക്‌നാനായ സമുദായക്കാർ കളരി അഭ്യാസത്തിനായി വടക്കെ മലബാറിൽ നിന്നും കളരി ആശാന്മാരെ കൊണ്ടുവരികയും പരിശീലന സമയങ്ങൾക്കിടയിൽ വിനോദത്തിനായി ഈ കലാരൂപം ചിട്ടപ്പെടുത്തുകയും ചെയ്തു എന്ന് ചിലർ പറയുന്നു. മാർഗ്ഗംകളിയോട് പരിചമുട്ടുകളിക്ക് സാദൃശ്യം ഉണ്ട്. മാർഗ്ഗം കളി മന്ദതാളത്തിലാണെങ്കിൽ പരിചമുട്ടുകളി ദ്രുതതാളത്തിലാണ്. ക്‌നാനായക്കാരാണ് പരിചമുട്ടുകളി ചിട്ടപ്പെടുത്തിയത് എന്നു വിശ്വസിക്കുന്ന ആളുകൾ ഈ കലാരൂപം പിന്നീട് യാക്കോബായ,ലത്തീൻ,മാർത്തോമാ തുടങ്ങിയ സമുദായക്കാർ പഠിച്ചെടുക്കുകയായിരുന്നു എന്ന് പറയുന്നു. പുലയ സമുദായക്കാർ വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അവരും ഈ കലാരൂപത്തെ സ്വീകരിക്കുകയുണ്ടായി. പുലയർക്കിടയിൽ പ്രചാരമുള്ള കോൽക്കളി, വട്ടക്കളി, പരിചകളി എന്നിവയുടെ സ്വാധീനം പരിചമുട്ടിക്കളിയിൽ വന്നു ചേർന്നതങ്ങനെയാണ്‌.[2]

സംഗീതവും നൃത്തവിന്യാസങ്ങളും വാളിന്റെയും പരിചയുടെയും അകമ്പടിയോടെ ചിട്ടപ്പെടുത്തിയ ഈ കലാരൂപം ക്രൈസ്തവ വിശ്വാസങ്ങളെ ജനഹൃദയങ്ങളിൽ പരിചിതമാക്കുന്നതിന് സഹായകരമായി. കാരണം കളിയുടെ ഇതിവൃത്തം പൊതുവേ വേദപുസ്തക സംഭവപരമ്പരകളായിരുന്നു.[3]

അവതരണ രീതി

ആരോഗ്യദൃഡഗാത്രരായ ഒരു സംഘം പുരുഷന്മാർ കൈയ്യിൽ നീളം കുറഞ്ഞ വാളും വൃത്താകൃതിയിലുള്ള പരിചയുമേന്തിയാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്.[4] അരക്കച്ച, തലയിൽക്കെട്ട് തുടങ്ങിയ വേഷവിധാനങ്ങളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. വാദ്യങ്ങളുടെ സഹായത്തോടും അല്ലാതെയും ഇത് അവതരിപ്പിയ്ക്കാറുണ്ട്. അതുപോലെ തന്നെ കല്യാണവീടുകളിലും മറ്റും നാട്ടുകാർ ചേർന്നു പരിചമുട്ടുകളിക്കുമ്പോൾ എല്ലാവിധ വേഷവിധാനങ്ങളും ഉപയോഗിച്ചു കാണെണമെന്നില്ല. കളി തുടങ്ങും മുൻപ് കത്തിച്ച നിലവിളക്കിന് ചുറ്റും നിന്ന് കളിക്കാർ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. പിന്നെ വാളും പരിചയും ധരിച്ച് വൃത്തത്തിൽ നിന്ന് താളം ചവിട്ടും. വൃത്തത്തിനുള്ളിൽ ആശാൻ ഉണ്ടാവും. പാട്ടുകൾ ആലപിക്കുന്നത് ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകൾ അവതരിപ്പിക്കും. ശിഷ്യന്മാരായ സംഘാംഗങ്ങൾ അതേറ്റുപാടുകയും താളത്തിൽ പരിചമുട്ടിക്കുകയും ചെയ്യും.സാധാരണയായി യുദ്ധമുഖത്തുകാണുന്ന തന്ത്രങ്ങളുടെ ഒരു രൂപം ഇതിലൂടെ അവതരിപ്പിയ്ക്കുന്നു. ഉയർ‌ന്നും താഴ്ന്നും കുതിച്ചുചാടിയും പിൻ‌വാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിച കൊണ്ട് തടുത്തുമെല്ലാം മുന്നേറുന്നതിനിടെ ആശാൻ ഇലത്താളം മുറുക്കുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് "ഹോയ് ഹോയ്" എന്നട്ടഹസിക്കുകയും "ഹായ് തിന്തകത്തെയ് തിന്തകത്തെയ് " എന്നു കലാശം കൊടുക്കുകയും ചെയ്യാറുണ്ട്.[4] ചിലപ്പോൾ കളിവൃത്തത്തിന് പുറത്തുനിന്നും ആശാൻ പാട്ടു പാടാറുണ്ട്.

ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവിധ സമുദായങ്ങൾ വ്യത്യസ്ത കേളീശൈലികൾ പിൻതുടർന്നു വന്നിരുന്നു. കല്യാണവീടുകളിലും പള്ളിപ്പെരുന്നാളുകളിലും മറ്റും പരിചമുട്ടു കളിക്കുമ്പോൾ തലപ്പാട്ട് പാടുന്നതു് കളിയിൽ തഴക്കവും പഴക്കവുമുള്ള ആളുകളായിരിക്കും. കളരിയാശാന്റെയും ആശാനെപ്പോലെതന്നെ ഇക്കാര്യത്തിൽ അവഗാഹമുള്ളവരുടെയും അവകാശമാണിതെങ്കിലും പ്രായോഗികമായി കണ്ടുവരുന്ന രീതി, കളത്തിൽ നിൽക്കുന്ന കളിക്കാരിൽ ആരെങ്കിലുമൊക്കെ മാറിമാറി തലപ്പാട്ടുപാടി കളിക്കുന്നതും കൂടെ കളിക്കുന്നവർ അതേറ്റുപാടി കളിക്കുന്നതുമാണ്. എന്നാൽ യുവജനോത്സവങ്ങളിൽ അക്കാദമികമായ ചിട്ടവട്ടങ്ങളനുസരിച്ച് കളിയവതരിപ്പിക്കുമ്പോൾ കളിയിൽ നേരിട്ടു പങ്കെടുക്കാതെ കളത്തിനുവെളിയിൽ നിന്ന് ഇലത്താളത്തിന്റെ അകമ്പടിയോടെ ഒരാൾ പാടിക്കൊടുക്കുകയും കളിക്കാർ കോറസിൽ അതേറ്റുപാടി കളിക്കുകയും ചെയ്യുന്ന രീതി കണ്ടുവരുന്നു. കളിമുറുക്കാനും ചുവടുകൾ പെരുക്കാനുമായി പാടുന്നതിനിടയിൽ "തത്തരികിട തിന്തകം താതരികിട തിന്തകം താതെയ്യത്തക തങ്കത്തരിങ്കിണ..." എന്ന വായ്ത്താരി ഇടാറുണ്ടു്. കളി തുടർന്നു് മുറുക്കാൻ കഴിയാത്തവണ്ണം വേഗം കൂടിയാലോ പാടിക്കൊടുക്കുന്ന ഗാനം അവസാനിക്കുമ്പോഴോ ചുവട് നിർത്താനായി "തായിന്തത്തരികിടതികിതത്തെയ്ത്തതികിതെയ്" എന്ന കലാശമാണുപയോഗിക്കാറ്. അവതരണം, ചമയം, വേഷഭൂഷാദികൾ എന്നിവയിൽ വിവിധ ശൈലികൾ തമ്മിൽ അത്ര പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രധാന വ്യത്യാസം കളിപ്പാട്ടിലെ സാഹിത്യത്തിലാണ്‌.

പാട്ട് സാഹിത്യം

കേരളത്തിലെ സുറിയാനിക്രൈസ്തവർ തങ്ങളുടെ പരിചമുട്ടുകളിപ്പാട്ടുകൾക്ക് തോമാശ്ലീഹയുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവങ്ങളും അദ്ദേഹം സ്ഥാപിച്ച പള്ളികളെക്കുറിച്ചുമുള്ള വിവരണങ്ങളും മറ്റും അവലംബമാക്കുമ്പോൾ ലത്തീൻക്രൈസ്തവർ ബൈബിൾ പ്രമേയങ്ങളും സെബസ്ത്യാനോസ്, അന്തോണിയോസ് തുടങ്ങിയ പുണ്യവാളന്മാരുടെ ചരിത്രങ്ങളും ആധാരമാക്കി വരുന്നു. സുറിയാനി സമുദായത്തിൽ തന്നെ ഉൾപ്പെടുന്ന ക്‌നാനായ വിഭാഗക്കാർ ക്‌നായിത്തൊമ്മന്റെ കേരളത്തിലേക്കുള്ള വരവും ചേരമാൻ പെരുമാളുമായുള്ള കൂടിക്കാഴ്ചയുമെല്ലാം അവരുടെ കളിപ്പാട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹൈന്ദവ പാരമ്പര്യം

ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലെ ദളിത് സമൂഹങ്ങൾക്കിടയിലാണ്‌ ഈ കലാരൂപം നിലനിൽക്കുന്നത്. കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിലെ അരയ സമുദായക്കാരുടെ ഇടയിലും പരിചമുട്ടുകളി‎ പ്രചാരത്തിലുണ്ട്

ആധുനികകാലത്ത്

കോട്ടയം ജില്ലയിലെ മണർകാട്, തിരുവഞ്ചൂർ, മാലം, തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും ഈ കല നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിൽ ക്രൈസ്തവദേവാലയങ്ങളുമായി ബന്ധപ്പെട്ട് പരിചമുട്ടുകളി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1984-ൽ കേരള സംസ്ഥാന വിദ്യാഭ്യാസവകുപ്പ് സ്കൂൾ യുവജനോത്സവത്തിലെ മത്സരയിനങ്ങളുടെ കൂട്ടത്തിൽ പരിചമുട്ടുകളിയെയും ഉൾപ്പെടുത്തി. പിന്നീട് ഹയർസെക്കൻഡറി യുവജനോത്സവങ്ങളിലെ ഒരു മത്സരയിനമായും പരിചമുട്ടുകളി അംഗീകരിക്കപ്പെട്ടു. ഇതോടെ കാല, ദേശ, ഭാഷാ വ്യത്യാസമനുസരിച്ച് സ്വകീയമായ ശൈലിയിൽ ആശാന്മാർ ചിട്ടപ്പെടുത്തിയിരുന്ന പരിചമുട്ടുകളിക്ക് ഒരേകീകൃതഭാവം കൈവരുകയും കൂടുതൽ ജനകീയമാവുകയും ചെയ്തു.

അവലംബം

  1. മാർഗ്ഗംകളി- പരിചമുട്ടുകളിപ്പാട്ടുകൾ (ശേഖരണം), എം.ഡി. ഉലഹന്നാൻ, കോട്ടയം,1993
  2. പരിചമുട്ടുകളി- ക്രൈസ്തവപാരമ്പര്യത്തിൽ-ക്രിസ്ത്യൻ ഫോക്‌ലോർ വാല്യം ഒന്ന്, തേനാടിക്കുളം എസ്.ജെ. ജോർജ്ജ്, എം.വി. വിഷ്ണുനമ്പൂതിരി, മാർഗ്ഗംകളി, കേരള ഫോക്‌ലോർ അക്കാദമി,1993.
  3. പരിചമുട്ടുകളി ആട്ടപ്രകാരം, ഫാ. ആൻഡ്രൂസ് ചിരവത്തറ, കെ.ഐ. ഏബ്രഹാം കൊല്ലപ്പറമ്പിൽ (കുഞ്ഞപ്പനാശാൻ), മരിയൻ പരിചമുട്ടുകളി സംഘം,മണർകാട് ,2005 സെപ്തംബർ.
  4. പരിചമുട്ടുകളിപ്പാട്ടുകൾ (ശേഖരണം), കെ.കെ. കുറിയാക്കോസ്, കുഴിമറ്റം, കോട്ടയം, 2004


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.