തോറ്റം
തെക്കൻ കേരളത്തിലെ (തിരുവിതാംകൂർ പ്രദേശം) ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനമാണ് തോറ്റംപാട്ട്. രണ്ടാം വിളവെടുപ്പിനു ശേഷം വാദ്യമേളങ്ങൾ താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭദ്രകാളിയെ ശ്രീകോവിലിൽ നിന്നും എഴുന്നള്ളിച്ച് പാട്ടമ്പലത്തിൽ കുടിയിരുത്തി ഭദ്രകാളിയുടെ അവതാര കഥ ആദ്യവസാനം പാടുന്ന ഒരു അനുഷ്ടാനമാണ് തോറ്റംപാട്ട്.
മീനമാസത്തിലെ ഭരണിനാൾമുതലാണ് ഈ പാട്ടുപാടുന്നത്. പ്രത്യേകം കെട്ടിയുണ്ടാക്കിയ പച്ചപ്പന്ത(മുല്ലപ്പന്തൽ)ലിൽ വച്ചാണ് പാട്ട്/തോറ്റം പാടുന്നത്. പന്തൽ ചാണകം മെഴുകി ശുദ്ധി വരുത്തിയിരിക്കും. പാട്ടു തുടങ്ങുന്ന ദിവസം കാപ്പുകെട്ടുക എന്നൊരു ചടങ്ങുണ്ട്. പാട്ടുൽസവം കഴിഞ്ഞേ കാപ്പഴിക്കുകയുള്ളൂ.[1]
മുടിയും മുടിപ്പുരയും

എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും തോറ്റം പാട്ട് നടത്താറില്ല, ഭദ്രകാളിയുടെ പ്രതിരൂപമായ മുടി വെച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങളിലാണ് സാധാരണ തോറ്റം പാട്ട് നടത്താറുള്ളത്. മുടി എന്നത് തെയ്യത്തിന്റെ തലയിലെ വലിയ കിരീടങ്ങൾ പോലെ കാണപ്പെടുന്ന, പ്ലാമ്പലകയിൽ കൊത്തിവെച്ച ഭദ്രകാളീമുഖവും തോളുവരെയുള്ള ഭാഗങ്ങളുമാണ്. ഭദ്രകാളിയുടെ തലമുടിയായി ധാരാളം പാമ്പുകളെ ഇതിൽ കൊത്തിവെക്കപ്പെട്ടതായി കാണാം. ഇത് ക്ഷേത്രങ്ങളിൽ ശ്രീകോവിലിൽ നിന്നും മാറി മറ്റൊരു മുറിയിൽ(മുടിപ്പുരയിൽ) വെച്ചാരാധിക്കുന്നതാണ്. ഇങ്ങനെ മുടിയും മുടിപ്പുരയും ഉള്ള ക്ഷേത്രങ്ങളിൽ മാത്രമാണ് തോറ്റംപാട്ട് നടത്തുക.[2]
പാട്ട് സാധാരണയായി വൈകിട്ടാണ് നടത്തുക.
ഉള്ളടക്കം
പാട്ട് രണ്ടു പകുതിയായാണ് ക്രോഡീകരിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പകുതിയിൽ ശിവന്റെ മകളായ കാളി ജനിക്കുന്നതും ദാരികനെന്ന അസുരനെ കൊലപ്പെടുത്തുന്നതുമാണ് വർണ്ണിച്ചിരിക്കുന്നത്. എന്നാൽ രണ്ടാം പകുതി കണ്ണകീ ചരിതത്തിലധിഷ്ടിതമാണ്. വടക്കൻ കൊല്ലം പങ്കി പാലകർ എന്ന പ്രമാണിയുടെ ജനനവും കാളിയെ അദ്ദേഹം വിവാഹം കഴിക്കുന്നതും പിന്നീട് ചിലമ്പു വിൽക്കാൻ പാണ്ടി നാട്ടിൽ പോകുന്നതും അവിടെ വെച്ചു കൊല്ലപ്പെടുന്നതും ഈ ഭാഗത്തിന്റെ ഇതിവൃത്തമാണ്. ഭർത്താവിനെ അന്വേഷിച്ച് പാണ്ടി നാട്ടിലെത്തുന്ന കാളി പാണ്ടി നാടു മുടിച്ച് ചാമ്പലാക്കി മലനാടു കയറി കൊടുങ്ങല്ലൂരിൽ വന്ന് അരയിരിക്കുന്നതോടെ തോറ്റം അവസാനിക്കുന്നു. [3]
ഓരോ ദിവസവും ഗണപതിപ്പാട്ടു പാടിക്കൊണ്ടാണ് തോറ്റം ആരംഭിക്കുന്നത്.
“ | പത്തു നൂറായിരക്കോടി കനകവിളക്കും കൊളുത്തി വെച്ച് |
” |
അതിനെ തുടർന്ന് ഒരുക്കലുകളെ കുറിച്ചു പാടുന്നു.
“ | നിലം വിളക്കയോ അമ്മേ തൂപ്പിക്കുന്നേ |
” |
നിലവിളക്കും, പൂവിളക്കും, കലശവും, കരിക്കും, കമുകിന്റെ പൂങ്കുലയും പൂവുകളും പട്ടും മറ്റും വെച്ച് പീഠങ്ങൾ അലങ്കരിക്കുന്നതായും അതിൽ ദേവിയുടെ ചിലമ്പും വാളും വെച്ച് അലങ്കരിക്കുന്നതായും തുടർന്ന് ദേവിയെ തന്നെ ആഹ്വാനം ചെയ്ത് പന്തലിൽ ഇരുത്തിക്കൊണ്ടാണ് പ്രധാന പാട്ട് തുടങ്ങുന്നത്.
ചിലപ്പതികാരത്തിന്റെ സ്വാധീനം
പാലകൻ എന്നത് ചിലപ്പതികാരെത്തിലെ കോവലനാണെന്നും, കോവലന്റെ തത്ഭവമായ ഗോപാലൻ സങ്കോചിച്ചാണ് പാലകൻ എന്നു വന്നതെന്നും സാഹിത്യ ചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുണ്ട്. [4]
തോറ്റം പാട്ട് നടക്കുന്ന ക്ഷേത്രങ്ങൾ
- കൊല്ലം ജില്ലയിൽ ആറ്റുവാശ്ശേരി രുധിരഭയങ്കരി ദേവിക്ഷേത്രത്തിൽ എല്ലാവർഷവും മകരമാസത്തിൽ 7 ദിവസം തോറ്റംപാട്ട് നടന്നുവരുന്നു.
- കൊല്ലം ജില്ലയിൽ തന്നെ കരുനാഗപ്പള്ളി ഭാഗത്ത് മുടിപ്പുരയും മുടിയും ഉള്ള എല്ലാ ഭദ്രകാളിക്ഷേത്രങ്ങളിലും ക്ഷേത്രോൽസവത്തോടനുബന്ധിച്ച് 10 ദിവസത്തെ തോറ്റം പാട്ട് നടത്തിവരുന്നു. ആലപ്പാട് പഞ്ചായത്തിലെ മൂക്കുംപുഴ ദേവീക്ഷേത്രം, കുരിക്കശ്ശേരിൽ ദേവീക്ഷേത്രം, പശ്ചിമേശ്വരം ക്ഷേത്രം ഇവ അതിൽ ചിലതാണ്. കോരാണി വാറുവിളാകം ക്ഷേത്രത്തിൽ ക്ഷേത്രോൽസവത്തോടനുബന്ധിച്ച് 7 ദിവസമാണ് തോട്ടം പാട്ടു നടക്കുന്നത്
- കൊല്ലം ജില്ലയിലെ വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീദേവീ ക്ഷേത്രത്തിൽ പണ്ടുകാലം മുതൽക്കേ തോറ്റംപാട്ട് നടത്തി വരുന്നു പണ്ട് 41 ദിവസമായിരുന്നു പാട്ട് നടത്തിയിരുന്നത് ഇപ്പോൾ പുതിയ ക്ഷേത്രം വന്നുനു കഴിഞ്ഞു കുംഭരണിക്ക് 10 നാൾ മുന്നേ കൊടിയേറി തോറ്റംപാട്ടുത്സവം നടത്തിപ്പോരുന്നു തെക്കേക്കാവ് ഭദ്രകാളീ ക്ഷേത്രത്തിൽ മകരമാസത്തിൽ 21 ദിവസത്തെ തോറ്റം പാട്ടുത്സവം നടക്കാറുണ്ട്.
- തിരുവനന്തപുരം ജില്ലയിൽ വർക്കല പുല്ലാന്നികോട് കരുനിലകോട് ഭാഗത്ത് ഉള്ള കുഴിവിളാകം ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മകരമാസത്തിൽ നടത്തുന്ന അശ്വതി തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് 7 ദിവസത്തെ തോറ്റം പാട്ട് നടത്തി വരുന്നു.
കൂടുതൽ വായനക്ക്
- ഉള്ളൂർ എസ് പരമേശ്വര അയ്യർ. "നാടോടിപ്പാട്ടുകൾ I/ ഭദ്രകാളിപ്പാട്ടു് – കളമെഴുത്തും പാട്ടും, ഭദ്രകാളിപ്പാട്ടു്, കണ്ണകിത്തോറ്റം, മണിമങ്കത്തോറ്റം, മറ്റു ചില ഭദ്രകാളിപ്പാട്ടുകൾ". കേരളസാഹിത്യചരിത്രം. ശേഖരിച്ചത്: 2015-04-09.
അവലംബങ്ങൾ
- ഡോ.എം. വി. വിഷ്ണു നാരായണൻ നമ്പൂതിരി (2013). മുടിപ്പുരപ്പാട്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. pp. 728–729. ISBN 81 7638 756 8.
- "കുടിയിറങ്ങുന്ന മുടിപ്പുരകൾ". മലയാളം.വെബ്ദുനിയ. മൂലതാളിൽ (ലേഖനം) നിന്നും 2012-05-07 16:33:22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2014 ഫെബ്രുവരി 25. Check date values in:
|archivedate=
(help) - "ക്ഷേത്ര ഐതിഹ്യം". കൂനന്മായിക്കുളത്തമ്മ.കോം. മൂലതാളിൽ നിന്നും 2015-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2015-04-09.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ. "കേരളവും ചെന്തമിഴ് സാഹിത്യവും / ഇതിവൃത്തം". കേരളസാഹിത്യചരിത്രം. ശേഖരിച്ചത്: 2015-04-09.