പൂതംകളി

കേരളത്തിലെ ഒരു തനതായ കലയാണ് പൂതംകളി. അനവധി അലങ്കാര ചമയങ്ങൾ ഈ കളിയിൽ ഉപയോഗിക്കാറുണ്ട്. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം വൈവിധ്യം നിറഞ്ഞ പൂതം കളിയിലെ വേഷവിതാനങ്ങൾ കഥകളിയുടെ വേഷത്തോട് സാമ്യമുള്ളതാണ്[1]. വേഷഭൂഷാദികളോടെ പ്രത്യേക ചുവടുവെപ്പുകളുമായി പൂതംകളി കളിക്കുന്നു. കാലിൽ ചിലങ്കയണിഞ്ഞ് എത്തുന്ന പൂതംകളിക്കാർ തുടികൊട്ടുന്ന താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നു. ആദ്യം പതിഞ്ഞമട്ടിലും പിന്നീട് വേഗത്തിലും താളം വെക്കുന്നു. നല്ല മെയ് വഴക്കം ആവശ്യമുള്ള ഒരു കലാരൂപമാണ് പൂതംകളി[2].

അലങ്കാര വസ്തുക്കൾ

മയിൽപീലി, തുണി, പട്ട്, ചൂരൽ, പീലിത്തണ്ട്, കണ്ണാടി, വ്യത്യസ്ത നിറത്തിലുള്ള കടലാസ്‍, മുള എന്നിവ അലങ്കാരത്തിനുവേണ്ടി പ്രത്യേക ശൈലിയിൽ അണിയിച്ചൊരുക്കുന്നു. പൂതംകളിയിൽ കഴുത്തിൽ മാർതാലിയും, അരയിൽ അരത്താലിയും ഉപയോഗിക്കുന്നു. തോളിൽ തോളുവളകളും, രണ്ടു കയ്യിലും രണ്ടു വളകൾ വീതവും ധരിക്കുന്നു. കയ്യിൽ മുള്ളുവളകളും അണിയുന്നു. കെച്ച എന്ന ആഭരണവും ധരിക്കുന്നു. ദേഹം മറക്കാൻ ഒരു ചുവന്ന വസ്ത്രം ധരിക്കുകയും അതിനു മുകളിലായാണ് ഈ ആഭരണങ്ങൾ ചാർത്തുന്നത്. കാലിൽ ചിലമ്പ് ഇടാറുണ്ട്. മുടിക്കു പകരമായി മയിൽ പീലികൾ കൂട്ടമായി നീളത്തിൽ തലയിൽ നിന്നും താഴോട്ടു വെക്കുന്നു. പാല, മുരുക്ക് എന്നീ മരങ്ങളിൽ കൊത്തിയുണ്ടാക്കി ചായം കൊടുത്ത മുഖംമൂടിയും ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് ഒരു വലിയ കിരീടവും ധരിക്കുന്നു. ഈ മുഖംമൂടിയിൽ നാക്ക് പുറത്തേക്ക് നീട്ടിയിരിക്കും. യുദ്ധത്തിനു പോകുന്ന ശിവഭൂതഗണങ്ങളുടെ രോഷമാണ് ഇത് കാണിക്കുന്നത്[3]. കിരീടം നല്ല ഭംഗിയുള്ളതും, വലിപ്പമുള്ളതും അർദ്ധവൃത്താകൃതിയിലുള്ളതുമാണ്. വെള്ളമുണ്ടുകൊണ്ട് ഞൊറിഞ്ഞ് പൊന്തി നിൽക്കുന്ന പാവാടയുടെ ആകൃതിയിലുള്ള വസ്ത്രവും ധരിക്കുന്നു. ഒരു കയ്യിൽ പരിചയും മറ്റേ കയ്യിൽ പൊന്തിയും ഉണ്ടായിരിക്കും.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.