തായമ്പക

കേരളത്തിന്റെ തനതായ ഒരു കലാരൂപമാണ് തായമ്പക. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരു വ്യക്തിഗത കലാരൂപമാണ് തായമ്പക. പ്രധാന ചെണ്ടവാദ്യക്കാരനു പുറമേ താളം പിടിക്കുന്നതിനായി ചെണ്ട, വീക്കുചെണ്ട, ഇലത്താളം എന്നിവയുമുണ്ടാകും. തായമ്പകയിൽ പ്രധാന ചെണ്ടവാദ്യക്കാർ ഒരു കൈയിൽ മാത്രം ചെണ്ടക്കോൽ ഏന്തുന്നു. ഒരു കൈയിലെ ചെണ്ടക്കോൽ കൊണ്ടും മറ്റേക്കൈ കൊണ്ടും ചെണ്ടയിൽ വീക്കുന്നു (അടിക്കുന്നു). ഇത് തായമ്പകയിലും ചില രീതിയിലുള്ള പഞ്ചാരിമേളങ്ങളിലും മാത്രമേ കാണുകയുള്ളൂ. മറ്റു ചെണ്ടമേളങ്ങളിൽ രണ്ടു കൈയിലും ചെണ്ടക്കോൽ ഏന്തിയാണ് ചെണ്ട കൊട്ടുന്നത്. മറ്റു ചെണ്ടമേളങ്ങളിൽ നിന്നും വ്യത്യസ്തമായി മനോധർമ്മപ്രകടനങ്ങളാണ് തായമ്പകയിൽ കാഴ്ചവക്കുന്നത്.

മട്ടന്നൂർ ശങ്കരൻ കുട്ടിയും മക്കളും അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക
ഇരട്ട തായമ്പക - പോരൂർ ഉണ്ണികൃഷ്ണനും ഉദയൻ നമ്പൂതിരിയും സംഘവും
പോരൂർ ഉണ്ണികൃഷ്ണനും സംഘവും മച്ചാട് ക്ഷേത്രത്തിൽ അവതരിപ്പിച്ച പഞ്ച തായമ്പക


തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും വീക്കുചെണ്ടയും) അണിനിരക്കുന്നു. ഇടംതല, വലംതല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ ഇലത്താളം വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.

ഘട്ടങ്ങൾ

തായമ്പകയിൽ പ്രധാനമായും ആറു ഘട്ടങ്ങളാണ് ഉള്ളത്. മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെയാണ് അവ. ഇതിനെ മൂന്ന് ആക്കി ചുരുക്കിപ്പറയുകയും ചെയ്യും. ഇതിൽ മുഖവും ചെമ്പടവട്ടവും ചേർന്ന ദൈർ‌ഘ്യമേറിയ ഭാഗം പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ കൂറിൽ ചമ്പക്കൂറ്, അടന്തക്കൂറ്, പഞ്ചാരിക്കൂറ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് വാദകന്റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമത്തേയും അവസാനത്തേതും ആയ ഘട്ടം ദ്രുതകാലം എന്നറിയപ്പെടുന്നു. ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങളാണ് ഈ ഘട്ടത്തിൽ ഉള്ളത്.

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.