കോതാമ്മൂരിയാട്ടം

അത്യുത്തരകേരളത്തിൽ പ്രത്യേകിച്ചും കോലത്തുനാട്ടിൽ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. കോലത്തുഗ്രാമങ്ങളിൽ തുലാം, വൃശ്ചികമാസങ്ങളിലായി തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഉർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. ഊർ‌വരാധനയുമായി ബന്ധപ്പെട്ട ഒരു കലയാണ്‌ ഇത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളിലൊന്നാണിത്.

പേരിനു പിന്നിൽ

ഗോദാവരി എന്ന ശബ്ദത്തിന്റെ നാടൻ ഉച്ചാരണമായ കോതാരി എന്നാൽ പശു അഥവാ പശുക്കൂട്ടം എന്നർത്ഥം. കോതാരിയാട്ടം പരിഷ്കരിക്കപ്പെട്ട് കോതാമൂരിയാട്ടം ആയി.ഗോദാവരി തീരത്തുനിന്നും വടക്കൻ കേരളത്തിൽ എത്തിചേർന്ന ഗോപാലന്മാർ അഥവ കോലയാന്മാർ ആരാധിച്ചു പോന്നിരുന്ന ദിവ്യയായ പശുവായിരിക്കാം കോതാമൂരി ആയത്.കന്നുകാലികൾക്കും, സന്താനങ്ങൾക്കും, കൃഷിക്കും ബാധിച്ചിരിക്കുന്ന ആധി വ്യാധികൾ ഏറ്റ് വാങ്ങി ക്ഷേമം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് കോതാമൂരിയുടെ ഗൃഹ സന്ദർശനം.‘ഈ സ്ഥലം നന്നായി കുളിർത്തിരിക്ക,കന്നോട് കാലി ഗുണം വരിക,പൈതങ്ങളൊക്കയും ഏറ്റം വാഴ്ക’എന്നിങ്ങനെയാണു സംഘം പാടി പൊലിക്കാറ്.“കൊയ്ത്ത് തീരുന്നതിനു മുമ്പ് കോതാമൂരികെട്ടിയാടണം” എന്ന് മലയർക്കിറ്റയിൽ ഒരു ചൊല്ലുണ്ട്.കർഷകർ നെല്ലളന്ന് പത്തായത്തിലിടും മുമ്പ് ചെന്നാലേ കാര്യമായി വല്ലതും ലഭിക്കൂ.

ഐതിഹ്യം

സ്വർ‌ഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം. കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം.

ശ്രീകൃഷ്ണസ്തുതിയിൽനിന്നും തുടങ്ങി തൃച്ചംബരത്തപ്പൻ, അഗ്രശാലാമാതാവ് എന്നിവരേയും സ്തുതിയ്ക്കുന്നു. ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങൾക്കാണ്. ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്. കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാർ‌. ആദ്യവസാവേഷക്കരാണ് ഇവർ‌. ഗൃഹനായകനേയും നായികയേയും സ്തുതിച്ച് പുകഴ്ത്തി സ്വാധീനിച്ച് പ്രതിഫലത്തുക വാങ്ങുക എന്നതാണ് ഇവരുടെ കടമ. എന്തും‌പറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം 'കണ്ണാമ്പാള കെട്ടിയ പനിയന്മാരെപ്പോലെ' എന്നൊരു ശൈലിയ്ക്ക് വഴിവെച്ചു .

വരുന്ന വർഷത്തേയ്ക്കുള്ള അനുഗ്രഹാശിസ്സുകൾ നൽകുന്നതാണ് 'വാണാളും വർക്കത്തും' -മെച്ചപ്പെട്ട നാളുകളും സമ്പത്തും-പറയൽ. ഇതിനു വേണ്ടി പ്രത്യേകം അരിയോ നെല്ലോ ഇവർ ചോദിച്ചുവാങ്ങും.

ചടങ്ങുകളും രീതിയും

തുലാമാസം 10-ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക.മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമ്മൂരി തെയ്യവും (ആൺ‌കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതിൽ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളിൽ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കു ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻ 10 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. കോതാമ്മൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽ‌വിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമ്മൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും.

വേഷവിധാനം

കോതാരിയാട്ടത്തിൽ കോതരിയ്ക്ക് പുറമേ രണ്ട് പനിയന്മാരും ഒരു കുരിയ്ക്കളും ഒന്നോരണ്ടോ വാദ്യക്കാരും ഉണ്ടാകും. കോതാരി വേഷം കെട്ടുന്നത് ഒരു ആൺ‌കുട്ടി ആയിരിക്കും. തലയിൽ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയിൽ കോതാരിത്തട്ട് ബന്ധിക്കുന്നു.

കോതാരിത്തട്ട്

ഓലമെടഞ്ഞ് മടക്കി, ചുവപ്പുപട്ടിൽ പൊതിഞ്ഞ്, മുൻപിൽ പശുവിന്റെ തലയുടെ രൂപവും പിന്നിൽ വാലും ചേർത്തതാണ് കോതാരിത്തട്ട്. ഇത് അരയിലണിഞ്ഞ് അതിന്റെ ഇരുവശത്തുമുള്ള ചരട് ചുമലിലിടും.

കോതാമ്മൂരി പാട്ട്

മുഖമായി ചെറുകുന്നിലമ്മയുടെ ചരിതം കോതാമ്മൂരി പാട്ടിലെ പ്രധാനപാട്ടാണ്. “ആരിയൻ നാട്ടിൽ പിറന്നോരമ്മകോലത്ത് നാട് കിനാക്കണ്ടിന്“ എന്നു തുടങ്ങി ചെറുകുന്നത്തമ്മയുടെ കഥ പറയുന്നതാണീ പാട്ട്. ചെറുകുന്നിലമ്മ കൃഷിയുമായി വളരെ ബന്ധമുള്ളൊരു ഗ്രാമീണദേവതയായാണ് കണക്കിലാക്കപ്പെടുന്നത്. കോലത്തിരിമാരുടെ കുലദേവതയുമാണ്. പാപ്പിനിശ്ശേരി മുതൽ ചെറുകുന്ന് വരെ നീണ്ടുകിടക്കുന്ന “കോലത്തുവയൽ” ഈ അമ്മയുടേതാണ്. ഈ പാട്ടുകൾ കൂടാതെ മാടായിക്കാവിലമ്മയെയും തളിപ്പറമ്പത്തപ്പനെയും കുറിച്ചുള്ള പാട്ടുകളും വിത്തു പൊലിപ്പാട്ട്, കലശം പൊലിപ്പാട്ട് എന്നിവയും പാടും. വിവിധ വിത്തിനങ്ങളുടെ പേരു പറഞ്ഞു ആ വിത്തെല്ലാം ‘നിറഞ്ഞു പൊലിഞ്ഞു വരേണ’മെന്നാണ് ഈ പാട്ടുകളിലുള്ളത്.

എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.

മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം‌ പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.

കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക -എന്നാണ് ഈ പൊലിപ്പാട്ട് അവസാനിപ്പിക്കുന്നത്.

അവതരണ സ്വഭാവവും രീതികളും

പൊറാട്ടുനാടകങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്നൊരു കലാരൂപമാണ് കോതാമ്മൂരി. മുഖപ്പാളകെട്ടിക്കഴിഞ്ഞാൽ പനിയന്മാർക്കെന്തും പറയാം. വേദാന്തം മുതൽ അശ്ലീലം വരെ അവർ പറയുകയും ചെയ്യും; പക്ഷേ, ഒക്കെയും സാമൂഹ്യ വിമർശനത്തിനു വേണ്ടിയാണെന്നു മാത്രം. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. കൃഷിയുമായും കന്നുകാലി വളർത്തുമായും ബന്ധപ്പെട്ട ഒരു പ്രധാന ആചാരമാണ് കോതാമ്മൂരിയാട്ടം.ചെറുകുന്ന്അന്നപൂർണ്ണേശ്വരിയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടാണു കോതാമൂരി സംഘം പാടുന്നതെങ്കിലും പാട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് പനിയൻമാർ ചോദിക്കുന്ന അശ്ലീല ദുസ്സൂചനകൾ അടങ്ങുന്ന ചോദ്യങ്ങളും ക്കുംഗുരുക്കളുടെ ഉത്തരവും ചിലപ്പോൾ ഭക്തിയുടെ അതിർവരമ്പ് ലംഘിക്കുന്നതായിരിക്കും.തളിപ്പറമ്പപ്പനെ,പരമശിവനെ അന്നപൂർണ്ണേശ്വരിയുടെആകർഷണ വലയത്തിൽ വീണുപോയ വിടപ്രഭു ആയിപ്പോലും കോതാമൂരി സംഘം അവതരിപ്പിക്കും.പ്രത്യുൽ‌പ്പന്നമതിത്വവും, നർമ്മ ഭാവനയും ഉള്ളവർക്ക് മാത്രമേ ഈ കലയിൽ ശോഭിക്കാൻ കഴിയൂ.

കോതാമ്മൂരിയാട്ടത്തിന്റെ ഭാവി

കുറച്ചു വർഷം മുൻ‌പ് വരെ കോലത്തുനാട്ടിലെ പലഭാഗങ്ങളിലും കോതാമ്മൂരിയാട്ടം നിലനിന്നിരുന്നുവെങ്കിലും ഇന്നെവിടെയും ഈ കലാരൂപം നടത്തുന്നതായി അറിവില്ല. നമ്മുടെ ജീവിതവും, സംസ്കൃതിയുമായി വളരെയധികം ബന്ധപ്പെട്ടതും നാശോന്മുഖമായതുമായ ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്.

അവലംബം

  • കേരളീയതയുടെ നാട്ടറിവ്
  • കേരളത്തിന്റെ തനതുകലകൾ കോതാമ്മൂരി‍, ഡോ.എം.വി.വിഷ്ണു നമ്പൂതിരി, ISBN 81-7638-392-9
  • തെയ്യത്തിലെ ജാതിവഴക്കം, ഡോ.സഞ്ജീവൻ അഴീക്കോട്, ISBN 83-240-3758-3

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.