കരടികളി
ഓണക്കാലത്ത് കൊല്ലം,കായംകുളം ഭാഗങ്ങളിൽ നടക്കുന്ന നാടൻ കലയാണ് കരടികളി. ഓണസന്ധ്യയിൽ, വീട്ടുമുറ്റങ്ങളിലാണ് ഇത് അരങ്ങേറുന്നത്. കരടിയും വേട്ടക്കാരുമാണ് പ്രധാന കഥാപാത്രങ്ങൾ. ഒരു യുവാവിന്റെമേൽ വാഴക്കരിയിലയും ഈർക്കിൽ കളഞ്ഞ ഓലയും കെട്ടി അലങ്കരിച്ച് ഭാരം കുറഞ്ഞ പാലത്തടികൊണ്ടു നിർമിച്ച കരടിത്തല മുഖത്തുറപ്പിക്കുന്നു. കാലുറയും തൊപ്പിയും മരത്തിലുണ്ടാക്കിയെടുത്ത തോക്കുമായി തനിസായിപ്പിന്റെ വേഷത്തിലാണ് വേട്ടക്കാർ വരുന്നത്. കരടിപ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയെയും വേട്ടക്കാരനെയും അനുഗമിക്കുന്നു. നാടൻ വാദ്യോപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയും കൈത്താളവുമാണ് പിന്നണിയിൽ. ആദ്യം താളത്തിനൊപ്പിച്ചുള്ള കരടിയുടെ ചുവടുവയ്പാണ്. ചിലയിടങളിൽ കമുകിൻപാള കൊണ്ട് മുഖംമൂടി വച്ചാണു കരടി കളിക്കുന്നത്. പിന്നീടു പാട്ടുതുടങ്ങുന്നു.
കരടികളിപ്പാട്ടുകൾ
കരടിപ്പാട്ടിൽ ഏകതാളമേയുള്ളൂ. താനിന്നെ താനിന്നെ തന്നാന തന, താനിന്നെ താനായി തനാന്ന എന്ന വായ്ത്താരിയാണ് പാട്ടിന് അകമ്പടി.
“ | കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ കൂട്ടിലാക്കി ഞങ്ങൾ കൊണ്ടുവന്നു ഉണ്ടകിട്ടും പിന്നെ അവലുകിട്ടും പിന്നെ വെള്ളിപ്പണത്തിന്മേലൊന്നു കിട്ടും |
” |
ഇങ്ങനെ കരടിപ്പാട്ടുതുടങ്ങി പുരോഗമിക്കുന്നു. നാട്ടുപാട്ടു കവികളുടെ ക്ഷിപ്രകവിതകളും ഈ സന്ദർഭത്തിൽ പിറക്കുന്നു.
“ | ഓച്ചിറെച്ചെന്നു കിഴക്കോട്ടു നോക്കുമ്പോൾ മാധവി എന്നൊരു വേലക്കാരി മൂക്കും തൊളച്ചിട്ടു തൊണ്ണാനും കെട്ടീട്ടു, കണ്ടോടീ നാത്തൂനേ മൂക്കിത്തൊണ്ണാൻ |
” |
“ | പട്ടി കടിക്കല്ലേ വീട്ടുകാരേ ഞങ്ങൾ ഓണം കളിക്കുവാൻ വന്നതാണേ |
” |
തുടങ്ങിയ നർമ്മ ചിന്തകൾ ഇങ്ങനെയുണ്ടാകുന്നതാണ്. പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും അവസാനം, വെക്കെടാ വെടിവെയ്‌ക്കെടാ, ലാക്കുനോക്കിവെയ്‌ക്കെടാ എന്ന നിർദ്ദേശം വരുമ്പോൾ കരടിയെ വേട്ടക്കാരൻ വെടിവച്ചിടുന്നതോടെ കളിപൂർണമാകുന്നു. [2]
പുനരുജ്ജീവന ശ്രമങ്ങൾ
ഒരു കാലത്ത് സജീവമായിരുന്ന കരടികളി സംഘങ്ങളും പാട്ടുകളും ഇന്ന് നഷ്ടപ്പെട്ടു പോയി. കരടികളിയുടെ പുനരുദ്ധാരണവും കരടിപ്പാട്ടുകളുടെ ശേഖരണവും ലക്ഷ്യമിട്ട് കൊല്ലംതേവലക്കര അരിനല്ലൂരിൽ ജവാഹർ ലൈബ്രറി കരടികളിസംഘം പ്രവർത്തിക്കുന്നുണ്ട്. ജവാഹർ ലൈബ്രറിയും കരടികളിസംഘവും ചേർന്ന് കരടികളിയുടെ വീഡിയോ ഡോക്യുമെന്റേഷൻ നടത്തി സി.ഡി.യും കരടിപ്പാട്ടുകൾ സമാഹരിച്ച് പുസ്തകവും ഇറക്കിയിട്ടുണ്ട്.[3]
അവലംബം
- http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/posting/personalArticleNew.jsp?contentId=5911213&catOID=-1073855319&BV_ID=@@@
- http://www.janayugomonline.com/php/newsDetails.php?nid=71238&cid=53&pgNo=20&keyword=
- http://www.mathrubhumi.com/kollam/news/1777947-local_news-Kollam-%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82.html