വിചിത്രവീര്യൻ

മഹാഭാരതത്തിൽ, ശന്തനുവിന്റെയും സത്യവതിയുടെയും ഏറ്റവും ഇളയ പുത്രനായിരുന്നു വിചിത്രവീര്യൻ.

ശന്തനുവിന്റെ മരണശേഷം വിചിത്രവിര്യന്റെ ജ്യേഷ്ഠസഹോദരനായിരുന്ന ചിത്രാംഗദൻ ഹസ്തിനപുരിയുടെ ഭരണം ഏറ്റെടുത്തു. കുട്ടികൾ ഇല്ലാതിരുന്ന ചിത്രാംഗദന്റെ മരണശേഷം രാജ്യഭാരം വിചിത്രവീര്യന്റെ ചുമലിലായി.

രാജാവാകുമ്പോൾ ബാലകനായിരുന്നു വിചിത്രവീര്യൻ. അതുകൊണ്ട് ഭീഷ്മർ ആയിരുന്നു അദ്ദേഹത്തിനുവേണ്ടി ഭരണം നടത്തിയിരുന്നത്. വിചിത്രവീര്യൻ വലുതായപ്പോൾ ഭീഷ്മർ അദ്ദേഹത്തിനു അനുയോജ്യയായ വധുവിനെ അന്വേഷിക്കാൻ തുടങ്ങി. കാശിയിലെ രാജാവ് തന്റെ മൂന്ന് പെൺമക്കൾക്കായി സ്വയം‌വരം നടത്തുന്നതായി ഭീഷ്മർ അറിഞ്ഞു. വിചിത്രവീര്യൻ നന്നേ ചെറുപ്പമായിരുന്നതിനാൽ അദ്ദേഹം സ്വയം‌വരം വിജയിച്ചില്ലെങ്കിലോ എന്ന് കരുതി ഭീഷ്മർ തന്നെ സ്വയം‌വരത്തിൽ പങ്കെടുക്കുകയും കാശി മഹാരാജാവിന്റെ പെൺമക്കളായ അംബ, അംബിക, അംബാലിക എന്നിവരെ തന്റെ രാജ്യത്തേയ്ക്ക് തട്ടിക്കൊണ്ട് വരികയും ചെയ്തു. എന്നാൽ ഇവരിൽ അംബ താൻ സ്നേഹിച്ചിരുന്ന സാല്വനെ വിവാഹം കഴിക്കാനാണ് താത്പര്യം കാണിച്ചത്. തുടർന്ന് വിചിത്രവീര്യൻ അംബികയേയും അംബാലികയേയും വിവാഹം കഴിച്ചു.

വിവാഹം കഴിഞ്ഞ് അധികകാലം കഴിയുന്നതിനുമുൻപ് ക്ഷയരോഗം ബാധിച്ച് വിചിത്രവീര്യൻ നാടുനീങ്ങി. മരണസമയത്ത് വിചിത്രവീര്യന് മക്കൾ ഉണ്ടായിട്ടില്ലാതിരുന്നതിനാൽ രാജ്യത്തിന് കിരീടാവകാശി ഇല്ലാതെയായി. തുടർന്ന് വിചിത്രവീര്യന്റെ മാതാവ് സത്യവതി ഭീഷ്മരോട് അംബികയേയും അംബാലികയേയും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബ്രഹ്മചാരി ആയ ഭീഷ്മർ അതിനു തയ്യാറായില്ല. സത്യവതിയുടെ പുത്രനായ വേദവ്യാസനെക്കൊണ്ട് ഇവരെ വിവാഹം കഴിക്കാൻ ഭീഷ്മർ ആവശ്യപ്പെട്ടു. തുടർന്ന് വ്യാസൻ ഇവരെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന് അംബികയിൽ ധൃതരാഷ്ട്രർ എന്നും അംബാലികയിൽ പാണ്ഡു എന്നും പേരുള്ള രണ്ട് മക്കൾ ഉണ്ടാകുകയും ചെയ്തു.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.