വിഷ്ണു
ഹിന്ദുമത വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ മധ്യസ്ഥനും, പ്രധാനിയുമാണ് ഭഗവാൻ സാക്ഷാൽ മഹാവിഷ്ണു അഥവാ ശ്രീഹരി ആദിനാരായണൻ.' മഹാ വിഷ്ണുവിനെ സർവ്വചരാചരങ്ങളെയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "പരബ്രഹ്മം ആയും", "ആദി വിരാട് പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും" ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം" എന്ന അർത്ഥത്തിൽ "നാരായണൻ" എന്ന് മറ്റൊരു പേരും ഉണ്ട് മഹാവിഷ്‌ണുവിന്. ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ ബ്രഹ്മാവ് സൃഷ്ടിയേയും തമോഗുണാത്മകനായ ശിവൻ സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ് (സ്ഥിതി) സൂചിപ്പിക്കുന്നത്.
മഹാവിഷ്ണു(ആദിനാരായണൻ), പരബ്രഹ്മം | |
---|---|
സ്ഥിതി | |
![]() ചതുർബാഹുവായ മഹാവിഷ്ണു രൂപം. | |
ദേവനാഗരി | विष्णु |
Sanskrit Transliteration | viṣṇu |
Affiliation | ആദിനാരായണൻ |
നിവാസം | വൈകുണ്ഠം |
ഗ്രഹം | വ്യാഴം |
മന്ത്രം | ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ |
ആയുധം | സുദർശന ചക്രം, കൗമോദകി (ഗദ), ശാർങ്ഗം (വില്ല്), നാന്ദകം (വാൾ) |
ജീവിത പങ്കാളി | മഹാലക്ഷ്മി ഭൂമിദേവി |
Mount | ഗരുഡൻ |
പരബ്രഹ്മത്തെ ആദിനാരായണനായി/മഹാവിഷ്‌ണുവായി വൈഷ്‌ണവർ കാണുന്നു. മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ത്രിമൂർത്തികൾ പരബ്രഹ്മമായ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ത്രിഗുണങ്ങൾ. മഹാവിഷ്ണുവിന് പുരാണങ്ങളിൽ നിരവധി അവതാരങ്ങൾ ഉണ്ട്. അതിൽ പത്ത് അവതാരങ്ങൾ പ്രധാനപ്പെട്ടവയായി കണക്കാക്കപ്പെടുന്നു. വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും ശ്രീമദ് മഹാഭാഗവതം പോലെയുള്ള പുരാണങ്ങളിൽ മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്. മഹാവിഷ്ണുവിന്റെ നാഭിയിലെ താമരയിൽ ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽനിന്ന് ശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. ദുഃഖങ്ങളില്ലാത്ത ലോകം എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം. സാക്ഷാൽ പരബ്രഹ്മനായ ആദിനാരായണനിൽ നിന്നു ഉൽപത്തി കൊണ്ടതാണ് എല്ലാ ദേവതകളും ആയതിനാൽ ആദിനാരായണനിൽ ത്രിമൂർത്തികൾ ഉൾപ്പെടെ സർവ്വ ദേവതകളും, സമസ്ഥപ്രപഞ്ചവും കുടികൊള്ളുന്നതായി വൈഷ്‌ണവർ വിശ്വസിക്കുന്നു. സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയായ ആദിനാരായണൻ തന്നെ ആണ് നിർവഹിക്കുന്നത്. അതായത് സർവ്വതിന്റെയും ആദിയും, അന്ത്യവും സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണുവിൽ തന്നെയാണെന്ന് ഭക്തർ കാണുന്നു. നിലനിൽപ്പിന് ഐശ്വര്യം വേണമെന്നതിനാൽ ഐശ്വര്യദേവിയായ ആദിപരാശക്‌തിയായ."മഹാലക്ഷ്മിയെയാണ്" പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. പരമാത്മാവ്, പരബ്രഹ്മൻ, ഗോവിന്ദൻ, വാസുദേവൻ, അച്യുതൻ, ലോകനാഥൻ, സർവ്വേശ്വരൻ, മഹേശ്വരൻ തുടങ്ങി സഹസ്ര നാമങ്ങൾ ഇദ്ദേഹത്തിനുണ്ട്. "ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ" എന്നിവയാണ് മന്ത്രങ്ങൾ.
പേരിനു പിന്നിൽ
ചുവടു വയ്ക്കുക എന്ന സൂചനയാണ് വിഷ്ണു എന്ന വാക്കിന് നിദാനം. ചുവടു വക്കുക, വ്യാപിക്കുക, സക്രിയമാകുക എന്നെല്ലാം അർത്ഥം വരുന്ന വിഷ് എന്ന ധാതുവിൽ നിന്നാണ് വിഷ്ണു എന്ന വാക്കിന്റെ ഉത്ഭവം.
ചരിത്രം
ചരിത്രത്തിൽ വിഷ്ണുവിനെ പറ്റി പല പുരാണങ്ങൾ വ്യാഖ്യാനിക്കുന്നു. വിഷ്ണു ഒരു ദൈവമാണെന്നാണ് ഹിന്ദു മത വിശ്വാസം. പല രാജാക്കന്മാരും വിഷ്ണു ക്ഷേത്രം പണിയുകയും ആരാധിക്കുകയും ചെയ്തിരുന്നു.
വേദങ്ങളിൽ
ഋഗ്വേദങ്ങളിൽ ദേവന്മാരുടെ മുഖ്യ നായകനായ ഇന്ദ്രന്റെ സഹായിയായാണ് പ്രത്യക്ഷപ്പെടുന്നത്. കർമ്മഫലദാതാവായ ഇന്ദ്രന്റെ അനുയോജ്യനായ സഖാവ് എന്നാണ് ഋഗ്വേദത്തിൽ ഒരിടത്ത് പരാമർശം.; (1-22:19) ഇന്ദ്രന്റെ ഓജസ്സുമൂലമാണ് വിഷ്ണുവിന് ചുവടുകൾ വയ്ക്കാൻ കഴിയുന്നതെന്ന് മറ്റൊരിടത്തും പ്രസ്താവിച്ചുകാണുന്നു (8- 12:27). ഭൂവിനേയും ദ്യോവിനേയും എല്ലാ ഭുവനങ്ങളേയും വിഷ്ണു സ്വാത്മാവിങ്കൽ ധരിക്കുന്നു എന്നും (1-154:4) തന്നെ സ്തുതിക്കുന്നവരെ വിഷ്ണു ക്ലേശിപ്പിക്കുകയില്ല എന്നും (8-25:12) സമ്പത്തുകൊണ്ടും രോഗമില്ലാത്ത അവസ്ഥയാലും സന്തതികളാലും സന്തോഷം ഭവിക്കാൻ കാരണം വിഷ്ണുവാണെന്നും (6-49:13) ഋഗ്വേദത്തിൽ പ്രസ്താവിക്കുന്നു.
വിഷ്ണു മൂന്ന് കാൽവെയ്പുകൾ കൊണ്ട് മൂന്ന് ലോകവും സൃഷ്ടിച്ചു എന്നും പറയുന്നു. ത്രിവിക്രമൻ എന്ന പേര് വന്നത് അങ്ങനെയാണ്.
ബ്രാഹ്മണങ്ങളിൽ
ഋഗ്വേദത്തിന്റെ രചനയ്ക്ക് ശേഷം ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ബ്രാഹ്മണങ്ങൾ രചിക്കപ്പെട്ടത്. എന്നാൽ ബ്രാഹ്മണങ്ങളിൽ വിഷ്ണുവിനെ മറ്റൊരു വിധത്തിലാണ് പരാമർശിക്കുന്നത്. ആദിത്യാത്മാവായ വിഷ്ണുവിന് ബ്രാഹ്മണങ്ങളിൽ അധികം പ്രാധാന്യം നല്കിക്കാണുന്നില്ല. പകരം വിഷ്ണുവും യജ്ഞങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് അത് ഉയർത്തിക്കാട്ടുന്നത്. വിഷ്ണു തന്നെയാണ് യജ്ഞം എന്ന് തൈത്തിരീയം പറയുന്നു (തൈ.1.6.1.5) യജ്ഞകർത്താവ് വിഷ്ണുവിനേപ്പോലെ മൂന്ന് ചുവടുകൾ വച്ചിരിക്കണമെന്ന് ശതപഥം കല്പിക്കുന്നു (ശ. 1.9.1.3.10, 15) വിഷ്ണു വാമന രൂപനായിരുന്നു എന്ന് ശതപഥം ആവർത്തിക്കുന്നു.
മറ്റു ദൈവങ്ങളുമായുള്ള സങ്കലനം
വൈദിക കാലത്ത് വിഷ്ണു ഒരു അപ്രധാന ദേവനായിരുന്നു, ഇന്ദ്രനായിരുന്നു അന്നത്തെ പ്രധാന ആരാധനാ മൂർത്തി. വിഷ്ണുവാകട്ടേ ആദിത്യനെയും, ഊർവരതേയും പ്രതിനിധാനം ചെയ്തു. ക്രി.മു. രണ്ടാം നൂറ്റാണ്ടോടെ അന്നത്തെ ദ്രാവിഡ ദേവതയായ നാരായണനുമായി ചേർത്ത് വിഷ്ണുവിനെ കാണാൻ തുടങ്ങി. ഇവർ നാരായണ-വിഷ്ണു എന്നറിയപ്പെടാൻ തുടങ്ങി. അവൈദിക ദേവനായിരുന്ന നാരായണനെ ഭഗവത് എന്നാണ് വിളിച്ചിരുന്നത്, ആരാധനക്കാരെ ഭാഗവതരെന്നും. ഭഗവതിന്റെ ഭാര്യയായിരുന്നു ഭഗവതി. ഭഗവതിയാകട്ടെ അമ്മ അഥവാ സൃഷ്ടിയെ പ്രതിനിധീകരിച്ചു. ഈ രണ്ടു ദേവതകളും അനാര്യന്മാരുടെ ഗോത്രമുഖ്യന്മാർക്ക് സമാനമായിരുന്നു. ഗോത്രമുഖ്യൻ ബന്ധുജനങ്ങളിൽ നിന്ന് കാഴ്ചകൾ സ്വീകരിക്കുകയും അതിന്റെ പങ്ക് ബന്ധുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തിരുന്നതു പോലെ നാരായണൻ തന്റെ ഭക്തരുടെ മേൽ നന്മ ചൊരിയുമെന്ന് വിശ്വസിക്കപ്പെട്ടു. വിഷ്ണുവിനേയും നാരായണനേയും ചേർത്ത് കാണാൻ തുടങ്ങിയതോടെ വിഷ്ണുവിന് അന്നുവരെ അപ്രധാനമായ ആരാധനയിൽ നിന്ന് പ്രാമുഖ്യം കൈവന്നു. വിഷ്ണുവിന്റേയും നാരായാണന്റേയും ഭക്തരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനായതോടെ ആരാധകർ വർദ്ധിച്ചു. വൈദിക ദേവനായ വിഷ്ണുവും അവൈദികദേവനായ നാരായണനും പരസ്പരം ഒന്നുചേരുകയും മറ്റു ദേവതകളുമായി സങ്കലനത്തിലേർപ്പെടുകയും ചെയ്തു.
പടിഞ്ഞാറൻ ഇന്ത്യയിലെ വൃഷ്ണി ഗോത്രത്തിലെ കൃഷ്ണ-വാസുദേവ് എന്ന സാഹസികനും വീരനുമായ ഗോത്രനായകനുമായുള്ള സങ്കലനമായിരുന്നു അടുത്തത്. മഹത്തായ ഇതിഹാസമായ മഹാഭാരതം പിന്നീട് കൃഷ്ണനും വിഷ്ണുവും മറ്റുള്ള എല്ലാ ദേവീദേവന്മാരും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരണം നടത്തപ്പെട്ടു. അങ്ങനെ ക്രിസ്തുവിനു മുൻപ് 200 ഓടെ മൂന്നുതരക്കാരായ ഭക്തരും അവരുടെ ദേവന്മാരും താദാത്മ്യം പ്രാപിച്ചു. ഇത് ഭാഗവത ആരാധന അഥവാ വൈഷ്ണവ ആരാധനയുടെ തുടക്കം കുറിച്ചു. [1]
വൈഷ്ണവമതം
ഭക്തി, അഹിംസ എന്നിവയാണ് വൈഷ്ണവമതത്തിന്റെ ശ്രദ്ധേയമായ അംശങ്ങൾ. സ്നേഹത്തോടെയുള്ള സമർപ്പണമാണ് ഭക്തി. ഒരു ഗോത്രവർഗ്ഗക്കാരൻ തന്റെ മുഖ്യനോടോ ഒരു പ്രജ തന്റെ രാജാവിനോടോ കാണിക്കുന്ന തരത്തിലുള്ള വിശ്വസ്തതയാണത്. അഹിംസയാകട്ടെ കാർഷിക സമൂഹത്തിന് യോജിച്ചതായിരുന്നു. മൃഗങ്ങളെ ഹിംസിക്കാതിരിക്കുക എന്നായിരുന്നു അതുപദേശിച്ചത്. ബലിക്കായി ഗോത്രവർഗ്ഗക്കാരും യജ്ഞങ്ങൾക്കായി ആര്യന്മാരും മൃഗങ്ങളെ ഹിംസിച്ചിരുന്നു. അതിനെ വൈഷ്ണവാരാധന വെറുത്തു. പഴയ ജീവദായക ഊർവരതാരാധനക്ക് ചേർന്നതായിരുന്നു രണ്ടും. ജനങ്ങൾ വിഷ്ണുവിന്റെ മൂർത്തിയെ ആരാധിക്കുകയും അതിന് നെല്ലും എള്ളും നേദിക്കുകയും ചെയ്തു.
ദശാവതാരങ്ങൾ
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരകഥകളാണ് ഭാഗവതത്തിലെ ദശാവതാരകഥകൾ. വിഷ്ണു ഭഗവാന്റെ പത്ത് അവതാരങ്ങൾ ഇപ്രകാരമാണ്. ആദ്യം ഏഴ് അവതാരങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും ബാക്കി പിന്നീട് വന്നുചേർന്നതാണെന്നുമുള്ള ഒരു വാദവുമുണ്ട്.
പ്രധാന ആഭരണങ്ങളും ആയുധങ്ങളും
- പാഞ്ചജന്യം - വെളുത്ത നിറത്തിലുള്ള ശംഖ്
- സുദർശനം - ശത്രുക്കളെ സംഹരിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ആയുധം.
- കൗമോദകി - ഗദയുടെ പേര്.
- കൗസ്തുഭം - ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണം.
- നാന്ദകം - ഇന്ദ്രനിൽ നിന്ന് ലഭിച്ച വാൾ.
- ശാർങ്ഗം - വില്ല്
- വൈജയന്തി - രത്നമാല.
- ശ്രീവത്സം - നെഞ്ചിലുള്ള അടയാളം (മറുക്).
പര്യായങ്ങൾ
- ചതുർബാഹു
- നാരായണൻ
- പദ്മനാഭൻ
- ഋഷീകേശൻ
- അച്യുതൻ
- മാധവൻ
- കേശവൻ
- ശ്രീധരൻ
- ദാമോദരൻ
- വാസുദേവൻ
- ചക്രപാണി
- പീതാംബരൻ
പ്രാർത്ഥനാ ശ്ലോകങ്ങൾ
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സർവ ലോകൈക നാഥം.
കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാൽ കരോമി യദ്യൽ സകലം പരസ്മൈ നാരായണായേതി സമർപ്പയാമി
പീതാംബരം കരവിരാജിത ശംഖചക്രകൗമോദകീസരസിജം
രാധാസമേതമതിസുന്ദരമന്ദഹാസം വാതാലയേശമനിശം മനസാ സ്മരാമി
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണാ നാരായണാ സകല സന്താപനാശക ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
മറ്റു ലിങ്കുകൾ
![]() |
വിക്കിമീഡിയ കോമൺസിലെ Vishnu എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Vishnu, a description (gurjari.net)
- Vishnu, the form of the quality of goodness (srimadbhagavatam.com)
- Who is Vishnu? Vaishnava FAQ (dvaita.org)
- Thousand names of the Supreme (Vishnu Sahasranama Stotram)
- Hinduism & Vaishnavism (veda.harekrsna.cz)
- List of Vaishnava links (vaishnava.com)
- ramayana.com A site dedicated to the Ramayana (Rama)
- Devotional hymns for Lord Vishnu (stutimandal.com)
- Satya Narayana Vrat Katha and Vishnu Sahasranama (Devi Mandir)
- Vishnu in Bhavishya Purana as the God in Old Testament
അവലംബം
- പ്രാചീന ഇന്ത്യ. എസ്.ആർ. ശർമ്മ. ഡി.സി. ബുക്സ്. കോട്ടയം
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ് |