സതി

ഹൈന്ദവ പുരാണങ്ങളിൽ ത്രിമൂർത്തികളിൽ ഒരാളായ ശിവന്റെ ആദ്യ ഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനും, സ്വായംഭൂവമനുവിൻെറ മകളായ പ്രസൂതിയുമാണ് മാതാപിതാക്കൾ. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്. ലോകാംബികയായ ആദിപരാശക്തിയാണ് ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്. ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതി.

ദാക്ഷായണി(സതി)
Shiva carrying Sati's corpse on his trident c.1800 India, Himachal Pradesh, Kangra, South Asia from LACMA museum
ദേവനാഗരിद्राक्षायणी (सती)
Sanskrit TransliterationDākshāyani (Satī)
ജീവിത പങ്കാളിShiva

ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള പെൺ പൈതൽ ശയിക്കുന്നതു കാണുന്നു. അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തി സതിയെന്ന് (സ്വാതിക ഭാവം ഉള്ളവൾ) നാമകരണം നടത്തുകയും ചെയ്തു. പിന്നീട് സതിയെ ശിവന് വിവാഹം നടത്തി കൊടുക്കുന്നു.

കാലാന്തരത്തിൽ ദക്ഷന് ശിവനിൽ ശത്രുത ഉണ്ടാകുന്നു. ശിവനെ അപമാനിക്കാൻ ദക്ഷൻ ഒരു യജ്ഞം നടത്തുന്നു. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ക്രോധത്താൽ ശിവൻ അയച്ച ഭൂതഗണങ്ങൾ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിക്കുന്നു.

പിന്നീട് സതി ഹിമവാന്റെയും മേനാവതിയുടെയും മകളായി, പാർവ്വതി എന്ന പേരിൽ പുനർജനിക്കുകയും ശിവനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.