സൗപ്തികപർവ്വം
ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിലെ പത്താം പർവ്വമാണ് സൗപ്തികപർവ്വം. കുരുക്ഷേത്രയുദ്ധത്തിൽ പതിനെട്ടാം നാളിലെ രാത്രിയിൽ നടന്ന സംഭവങ്ങളെ സൗപ്തികപർവ്വത്തിൽ വിവരിച്ചിരിക്കുന്നു. ഉറക്കത്തിൽ (സുപ്തിയിൽ) നടന്ന കാര്യങ്ങൾ വിവരിക്കുന്നതിനാൻ ഈ അദ്ധ്യായത്തിനു സൗപ്തികപർവ്വം എന്നുപേരു കൊടുത്തിരിക്കുന്നു. ഈ അദ്ധ്യായത്തിലാണ് പാണ്ഡവ സർവ്വസൈന്യാധിപനായ ധൃഷ്ടദ്യുമ്നനെയും പാണ്ഡവരുടെ പത്തുമക്കളേയും അശ്വത്ഥാമാവ് കൊലപ്പെടുത്തുന്നത്. 18 അദ്ധ്യായങ്ങളും 870 പദ്യങ്ങളും സൗപ്തികപർവ്വത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. [1]

അശ്വത്ഥാമവിന്റെ സ്ഥാനാരോഹണം
സഞ്ജയനിലൂടെ വിവരങ്ങൾ അറിഞ്ഞ അശ്വത്ഥാമാവും സ്യമന്തപഞ്ചകത്തിൽ എത്തിച്ചേർന്നു ദുര്യോധനനെ കണ്ടു. ഹസ്തിനപുരിയുടെ യുവരാജാവ് മണ്ണിൽ ചോരയൊലിപ്പിച്ചു കിടക്കുന്നതുകണ്ട് ദുഃഖിതനായ ദ്രോണപുത്രരെ സുയോധനൻ സമാധാനിപ്പിച്ചു. ഈ പർവ്വത്തിൽ 18 അദ്ധ്യായങ്ങളും 870 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ഉറക്കത്തിൽ (സുപ്തിയിൽ) നടന്ന കാര്യങ്ങൾ വിവരിക്കുന്ന അദ്ധ്യായത്തിനു വ്യാസൻ സൗപ്തികപർവ്വം എന്നുപേരുകൊടുത്തു. യുദ്ധം അവസാനിച്ചു കഴിഞ്ഞു തിരിച്ചെത്തിയ പാണ്ഡവർ അഞ്ചുപേരെയും കൂട്ടി കൃഷ്ണൻ ശിബിരത്തിനപ്പുറത്ത് ഗോമതി നദീതീരത്ത് പോയി അന്ന് അവിടെ വിശ്രമിക്കാൻ തീരുമാനിച്ചു. സാത്യകി അന്നു തന്നെ മഥുരയ്ക്കു പോയിരുന്നു. ആ രാത്രിയിൽ പാണ്ഡവരും കൃഷ്ണനും സാത്യകിയും ഒഴിച്ച് മറ്റുള്ളവർ പടകുടീരങ്ങളിൽതന്നെ വിശ്രമിച്ചു.[2]
പാണ്ഡവരേയും അവരുടെ പുത്രന്മാരേയും, ധൃഷ്ടദ്യുമ്നനേയും എന്നുവേണ്ട സർവ്വമാന ആൾക്കാരെയും ഈ രാത്രിയിൽ തന്നെ കൊല്ലുമെന്നു അശ്വത്ഥാമാവ് ദുര്യോധനനു വാക്കുകൊടുത്തു. അതിനെത്തുടർന്ന് കൃപാചാര്യരുടെ നിർദ്ദേശത്താൽ ദുര്യോധനൻ കിടന്നകിടപ്പിൽ തന്നെ അശ്വത്ഥാമാവിനെ കൗരവസേനാധിപതിയായി വാഴിച്ചു. മൂന്നുപേരും അവിടെനിന്നും യാത്രതിരിച്ചു. ഇടയ്ക്കുവെച്ച് വിശ്രമിച്ച ഈ മൂവർസംഘത്തിലെ കൃതവർമ്മാവും കൃപാചാര്യരും പകലു നടന്ന യുദ്ധത്തിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി. പക്ഷേ തന്റെ പിതാവ് ദ്രോണാചാര്യരുടെ ഘാതകരെ ഉന്മൂലനാശം ചെയ്യാൻ എന്താണ് പോംവഴി എന്നാലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു അശ്വത്ഥാമാവ്. പാണ്ഡവരോടുള്ള അടക്കാനാവാത്ത പക അയാളുടെ മാനസികനില തന്നെ അവതാളത്തിലാക്കി. രാവേറെയായി, ഇതിനിടയിൽ അശ്വത്ഥാമാവ് ഒരു കാഴ്ചകണ്ടു. ദൂരെ ഒരു മരത്തിൽ സുഷുപ്‌തിയിലാണ്ടിരിക്കുന്ന കാക്കക്കൂട്ടത്തെ ഒളിച്ചു വന്നാക്രമിക്കുന്ന കൂമന്മാരുടെ ചെയ്‌തികൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു. കൂമന്മാരുടെ ആ യുദ്ധതന്ത്രം അശ്വത്ഥാമാവ് നടപ്പിലാക്കാൻ തീരുമാനിക്കുന്നു.[3]
ധൃഷ്ടദ്യുമ്നവധം
അശ്വത്ഥാമാവ് ഓരോ കുടീരത്തിലും കയറി ഉറങ്ങിക്കിടന്ന സകലമാനമാൾക്കാരെയും നിർദ്ദയം കൊന്നൊടുക്കി. പകുതി ജീവനോടെ പുറത്തേക്ക് ഓടിയിറങ്ങിയവരെ പുറത്തുകാവൽ നിന്നിരുന്ന കൃതവർമ്മാവും, കൃപാചാര്യരും ചേർന്ന് കൊന്നു. അമാവാസി രാത്രിയായതിനാൽ കൂരിരുട്ടിൽ നടന്ന സംഭവം അടുത്തുള്ള കുടീരങ്ങളിൽ അറിയുന്നതിനു മുൻപെ മൂവർക്കും അവരെ ആക്രമിക്കാനും സഹായകമായി. ഉറങ്ങിക്കിടന്ന ധൃഷ്ടദ്യുമ്നന്റെ നെഞ്ചത്തു ചവുട്ടി അശ്വത്ഥാമാവ് അവനെ ഉണർത്തി. തലമുടിക്കു പിടിച്ചു വലിച്ചു താഴെയിട്ട് നിർദ്ദയം ചവുട്ടിയും, മാന്തിക്കീറിയും അവനെ ആക്രമിച്ചു. പാണ്ഡവസേനാധിപതിയായ ധൃഷ്ടദ്യുമ്നനെ ആയുധമെടുക്കാതെയാണ് അശ്വത്ഥാമാവ് കൊന്നത്. ഇതിനിടയിൽ ധൃഷ്ടദ്യുമ്നൻ തന്നെ ആയുധം കൊണ്ട് കൊല്ലാൻ അശ്വത്ഥാമാവിനോട് അപേക്ഷിച്ചു എങ്കിലും അതുകൂട്ടാക്കാതെ തന്റെ പിതാവിനെ കൊന്നതിനാലുള്ള കോപത്താൽ പൈശാചികമായിതന്നെ അവനെ കൈയ്യും, നഖവും, കാലുമുപയോഗിച്ച് അതിഹീനമായി കൊലചെയ്തു. അതിനുശേഷം ശിഖണ്ഡിയേയും, ദ്രൗപദിയുടെ അഞ്ചുപുത്രന്മാരേയും (പ്രതിവിന്ധ്യൻ, സുതസോമൻ, ശ്രുതസേനൻ, ശതാനീകൻ, ശ്രുതകർമ്മാവ്) കൊന്നൊടുക്കി.
പാണ്ഡവർക്കു പുത്രന്മാരായും ഈ അഞ്ചുപേർ മാത്രമേ യുദ്ധാനന്തരം അവശേഷിച്ചിരുന്നുള്ളു. അവരെയാണ് പതിനെട്ടാം യുദ്ധം കഴിഞ്ഞ് ക്ഷീണിച്ചുറങ്ങുമ്പോൾ രാത്രിയിൽ കൊലചെയ്തത്. അർജ്ജുനന്റെ പുത്രനായ ബഭ്രുവാഹനൻ ഒഴിച്ച് (മണലൂർ രാജകുമാരിയായ ചിത്രാംഗദ യിൽ ജനിച്ച കുമാരൻ) എല്ലാ പാണ്ഡവ പുത്രന്മാരും യുദ്ധത്തിൽ പങ്കെടുത്തിരുന്നു. കുരുക്ഷേത്രയിലെ പടകുടീരത്തിൽ ഉറങ്ങിക്കിടന്ന എല്ലാവരേയും കൊന്നൊടുക്കിയ അശ്വത്ഥാമാവിനു പാണ്ഡവരെ അവിടെ കണ്ടെത്താനായില്ല. മൂന്നുപേരും വീണ്ടും പല തവണ പാണ്ഡവർക്കായി അവിടെ തിരച്ചിൽ നടത്തിയെങ്കിലും കാണാഞ്ഞതിനാൽ അവസാനം ആ കുടീരങ്ങൾ മുഴുവനും അവർ തീയിട്ടു നശിപ്പിച്ചു. പാണ്ഡവർ അവിടെ ഒളിച്ചിരുപ്പുണ്ടെങ്കിൽ തീയിൽ വെന്തു മരിച്ചോളും എന്നുകരുതിയാണ് പടകുടീരങ്ങൾക്ക് തീയിട്ടത്. അതിനുശേഷം ഈ സന്തോഷ വാർത്ത അറിയിക്കുവാൻ മൂന്നുപേരും ആ രാത്രിയിൽ തന്നെ ദുര്യോധനനികിടത്തിൽ ചെന്നു ചേർന്നു. സൂര്യോദയത്തിനു മുൻപു തന്നെ തിരിച്ചെത്തിയ മൂന്നുപേരും അവിടെ നടന്ന വിവരങ്ങൾ ദുര്യോധനനെ വിശദമായി അറിയിച്ചു. പാണ്ഡവരും ശേഷിച്ച മറ്റുള്ളവരും മരിച്ചുവെന്ന് കേട്ട് സന്തുഷ്ടനായ ദുര്യോധനൻ അശ്വത്ഥാമാവിനെ പ്രശംസിക്കാനും മടിച്ചില്ല. കുറച്ചുനാഴികകൾക്കു ശേഷം സൂര്യോദയത്തിനു മുൻപായി ദുര്യോധനനും മരിച്ചു.
ചൂഢാമണി

സഹോദരനേയും അഞ്ചു മക്കളേയും നഷ്‌ടപ്പെട്ട പാഞ്ചാലി തന്റെ തീരാദുഃഖം പാണ്ഡവരെ അറിയിച്ചു. പാഞ്ചാലിയെ സാന്ത്വനിപ്പിക്കാൻ ഏവരും ശ്രമിച്ചെങ്കിലും അവസാനം ഭീമൻ അശ്വത്ഥാമാവിനെ വധിക്കാൻ പുറപ്പെട്ടു. അശ്വത്ഥാമാവിനെ തേടിയുള്ള ഭീമന്റെ പുറപ്പാട് മനസ്സിലാക്കിയ കൃഷ്‌ണൻ അർജ്ജുനനുമൊത്ത് ഭീമനു പുറകെ യാത്രതിരിച്ചു. യുദ്ധ നിപുണനായ അശ്വത്ഥാമാവിനെ എതിരിടാൻ ഭീമനു ഒറ്റയ്ക്കാവില്ല എന്നു മനസ്സിലാക്കിയാണ് അനർത്ഥങ്ങൾ സംഭവിക്കുന്നതിനുമുമ്പ് അവിടെയെത്താൻ കൃഷ്ണാർജ്ജുനന്മാർ പുറപ്പെട്ടത്. അശ്വത്ഥാമാവിനെ കണ്ടുമുട്ടിയ ഭീമൻ അവനെ യുദ്ധത്തിനു വിളിക്കുകയും ഗംഗയിൽ കുളിച്ചുകൊണ്ടിരുന്ന അശ്വത്ഥാമാവ് ഭീമന്റെ വെല്ലുവിളി സ്വീകരിച്ച് പുറത്ത് വരികയും ഒരു പുൽക്കൊടി പറിച്ചെടുത്ത് പാണ്ഡവകുലത്തെ മുഴുവനോടെ നശിപ്പിക്കാൻ കഴിവുള്ള ബ്രഹ്മാസ്‌ത്രം പ്രയോഗിക്കുകയും ചെയ്തു. ആ സമയത്ത് അവിടെ എത്തിച്ചേർന്ന അർജ്ജുനനും മറ്റുപോംവഴികളില്ലാത്തതിനാൽ ബ്രഹ്മാസ്‌ത്രം പ്രയോഗിച്ചു. പക്ഷേ, ഈ രണ്ടു ബ്രഹ്മാസ്‌ത്രങ്ങളും കൂട്ടിമുട്ടിയാൽ ലോകം നശിക്കും എന്ന് മനസ്സിലാക്കിയ കൃഷ്‌ണൻ, ബ്രഹ്മാസ്‌ത്രത്തെ തിരിച്ചുവിളിക്കാൻ ഇരുവരോടും നിർദ്ദേശിച്ചു. അർജ്ജുനൻ തന്റെ ബ്രഹ്മാസ്‌ത്രം പിൻവലിച്ചെങ്കിലും അശ്വത്ഥാമാവ് കൂട്ടാക്കിയില്ല. അതിനെതുടർന്ന് ദുരന്തം ഒഴിവായെങ്കിലും കൃഷ്‌ണൻ അശ്വത്ഥാമാവിനെ ശപിച്ചു. ദ്രൗപദിയുടെ ആഗ്രഹപൂർത്തിക്കായി ഭീമൻ അശ്വത്ഥാമാവിന്റെ ശിരസ്സിലെ ചൂഡാരത്നം ശിരസ്സു നൂഴ്ന്ന് എടുത്തു, പാഞ്ചാലിക്കു സമ്മാനിച്ചു. അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം അവന്റെ ആഗ്രഹപ്രകാരം ഗർഭിണിയായ ഉത്തരയുടെ വയറ്റിൽ പതിക്കുകയും ഗർഭസ്ഥശിശു മരണപ്പെടുകയും ചെയ്തു. കൃഷ്ണശാപം മൂലം ദേഹമാസകലം ചൊറിച്ചിലും മറ്റു ത്വക് രോഗങ്ങളുമായി ചിരഞ്ജീവിയായ അശ്വത്ഥാമാവ് യാത്ര തുടർന്നു.
അവലംബം
- മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
- http://www.sacred-texts.com/hin/m10/m10001.htm
- http://haribhakt.com/aswathama-existed-ashwathama-seen-by-people-ashwathama-is-alive/