കംസൻ

വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്നു കംസൻ. ശ്രീകൃഷ്ണന്റെ മാതുലൻ. പിതാവായ ഉഗ്രസേനനെയും മാതാവായ പത്മാവതിയേയും ജയിലിൽ അടച്ച് രാജ്യാവകാശം സ്വന്തമാക്കി. വൃഷ്ണിരാജവംശത്തിന്റെ തലസ്ഥാനം മഥുരാപുരി ആയിരുന്നു അന്ന്. കാലനേമി എന്ന അസുരന്റെ പുനർജന്മമായിരുന്നു കംസൻ. കൃഷ്ണനു 12 വയസ്സുള്ളപ്പോൾ കംസനെ കൊന്നതായി ഭാഗവതത്തിൽ പറയുന്നുണ്ട്. കംസവധത്തിനു ശേഷം ശ്രീകൃഷ്ണൻ പിതാമഹനായ ഉഗ്രസേനനെ തന്നെ വീണ്ടും രാജാവായി വാഴിച്ചു.[1]

കൃഷ്ണൻ കംസനെ കൊല്ലുന്നു

ജനനം

ഉഗ്രസേനരാജാവിന്റെ പത്നി പത്മാവതിയെ ദ്രുമിളൻ എന്ന രാക്ഷസൻ കാമിച്ച് ബലാൽക്കാരമായി പുത്രോല്പ്പാദനം ചെയ്തു . ആ സന്തതിയാണ് കംസൻ . പുത്രോല്പ്പാദന വേളയിൽ മാതാവായ പത്മാവതി ശിശുവായ കംസനെ ദ്രുമിളൻ കേള്ക്കെ ഇങ്ങനെ ശപിക്കുന്നു . " എന്റെ ഭര്ത്താവിന്റെ വംശത്തിൽ ജനിക്കുന്ന ശ്രേഷ്ഠനായ ഒരു പുരുഷൻ , നീ തന്ന ഈ സന്തതിയെ വധിക്കും ". ഈ ശാപപ്രകാരം ഉഗ്രസേനന്റെ വംശത്തിൽ ജനിച്ച കൃഷ്ണൻ , കംസനെ വധിച്ചു .

യദുവംശവും കംസനും

യയാതി മഹാരാജാവിന്റെ മൂത്ത പുത്രൻനായ യദുവിന്റെ പരമ്പരയാണ് യദുവംശം. യദുവിനു ചന്ദ്രവംശപദവി യയാതി നല്കിയില്ല. യദുവംശത്തിന്റെ മറ്റൊരു ഉപവംശമാണ് വൃഷ്ണിവംശം. ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. അതിനുശേഷമായിരുന്നു ദേവകിയുടെ വിവാഹം. ദേവകി ശൂരസേനന്റെ പുത്രനായ വാസുദേവരെ വിവാഹം കഴിച്ചു.

കംസനും കൃഷ്ണനും

ദേവകിയുടെ വിവാഹഘോഷയാത്ര സമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസനെ കൊല്ലുമെന്ന അശരീരി കേൾക്കുകയുണ്ടായി. ഇതുകേട്ട കംസൻ ദേവകിയെ കൊല്ലാൻ തയ്യാറായെങ്കിലു വസുദേവരുടെ അപേക്ഷയാൽ ദേവകിയെ തടവിലാക്കുന്നു. കൂട്ടത്തിൽ ഭർത്താവ് വസുദേവരേയും കംസൻ മഥുരയിലെ കാരാഗൃഹത്തിൽ അടയ്ക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച കുട്ടികളെ കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. (ഗൃഭഛിദ്രം വന്നുവെന്ന് കംസനെ പറഞ്ഞു ധരിപ്പിക്കുകയും ചെയ്തു). ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകി-വസുദേവന്മാരുടെ എട്ടാമത്തെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്. കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു. ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും (കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപെടുന്നു.

കംസനും ദേവിയും

കാരാഗൃഹത്തിൽ ദേവകിയുടെ അടുക്കൽ യശോദയ്ക്ക് ജനിച്ച പെണ്കുട്ടിയാണ് കൃഷ്ണന്റെ സ്ഥാനത്തു കംസന് കാണുവാൻ സാധിച്ചത് .ആ പെണ്കുട്ടി സാക്ഷാൽ ദേവിയുടെ അംശമായിരുന്നു .എട്ടാമത്തെ സന്താനമെന്നു കരുതി കംസൻ ആ കുട്ടിയെ തറയിലടിച്ചു കൊല്ലുവാൻ നേരം , കുട്ടി കംസന്റെ പിടിയിൽ നിന്നും വഴുതി ആകാശത്തിൽ നിന്നുകൊണ്ട് ദേവീഭാവത്തിൽ ഇങ്ങനെ മറുപടി പറഞ്ഞു .

" കിം മയാഹതയ മന്ദ :

ജാത ഖലു : തവാന്തകൃത്

യത്ര ക്വ വാ പൂര്വ്വശത്രുർ

മാ ഹിംസീം കൃപണാൻ വൃഥാ "

[ നീ എന്നെ കൊല്ലുവാൻ ശ്രമിക്കുന്നതെന്തിനു വിഡ്ഢീ .ദുഷ്ട്ടനായ നിന്നെ വധിക്കുവാനുള്ളവൻ ജനിച്ചു കഴിഞ്ഞിരിക്കുന്നു . അവൻ നിന്റെ പഴയ ശത്രു തന്നെയാണ് [ പൂർവ്വജന്മത്തിലെ ] . ഇനിയും വെറുതെ കുട്ടികളെ കൊല്ലാതിരിക്കൂ .]

അതിനു ശേഷം ദേവി മറഞ്ഞു .

ഇതുകേട്ട് കംസൻ ഭയചകിതനായി.

മരണം

അമ്പാടിയിൽ ദേവകിയുടെ എട്ടമത്തെ പുത്രൻ ജീവനോടെ ഉണ്ടന്നറിഞ്ഞ് കംസൻ തന്റെ അനുചരന്മാരെ പലരേയും അമ്പാടിയിലേക്ക് അയക്കുന്നുണ്ട്. അവരെ എല്ലാവരേയും കൃഷ്ണൻ കൊല്ലുന്നു.കംസന്റെ ചാപപൂജ സമയത്ത് , ക്ഷണമനുസരിച്ച് എത്തിയ കൃഷ്ണനും ജ്യേഷ്ഠനായ ബലരാമനും കംസനെയും കൂട്ടാളികളെയും വധിക്കുന്നു.12മത്തെ വയസ്സിലാണ് കൃഷ്ണൻ കംസനെ കൊല്ലുന്നത്. കംസവധത്തിനുശേഷം കംസന്റെ മറ്റനുജന്മാരെയും ബലരാമനും കൃഷ്ണനും ചേർന്ന് കൊല്ലുന്നു.വാസ്തവത്തിൽ കൃഷ്ണനെ വധിക്കുവാനായി ചാപപൂജ എന്ന വ്യാജേന കംസൻ അവരെ ക്ഷണിച്ചു വരുത്തി മരണം സ്വയം ഇരന്നു വാങ്ങുകയായിരുന്നു .കാലനേമിയുടെ പുനർജന്മം ആണ് കംസൻ.

അവലംബം

  1. ഭാഗവതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.