ശല്യർ


മഹാഭാരതത്തിൽ പ്രതിപാദിച്ചിരിക്കുന്ന മാദ്ര രാജ്യത്തിലെ രാജാവാണ് ശല്യർ. ഇദ്ദേഹത്തിന്റെ ഇളയ സഹോദരിയാണ് പാണ്ഡുവിന്റെ രണ്ടാമത്തെ പത്നിയായ മാദ്രി. പാണ്ഡവരുടെ മാതുലനായിരുന്നുവെങ്കിലും കുരുക്ഷേത്ര യുദ്ധത്തിൽ നീതിമാനായ ശല്യർ ധൃതരാഷ്ട്രരോടുള്ള സ്നേഹബഹുമാനത്താൽ കൗരവപക്ഷം ചേർന്നു യുദ്ധം ചെയ്തു. യുദ്ധത്തിലെ പതിനെട്ടാം ദിവസത്തിൽ സർവ്വ സൈന്യാധിപൻ ശല്യരായിരുന്നു. പതിനെട്ടാം നാൾ ധർമ്മപുത്രർ അദ്ദേഹത്തെ കൊന്നു. ശല്യരുടെ പതനത്തോടെ ശേഷിച്ച കൗരവപ്പടയേയും ഇല്ലാതാക്കി കൃപാചാര്യരുടെ നിർദ്ദേശത്താൽ കുരുക്ഷേത്രയുദ്ധം അവസാനിപ്പിച്ചു. [1]

ശല്യർ വധം

കുരുക്ഷേത്രയുദ്ധത്തിൽ പതിനെട്ടാം നാൾ (ശല്യപർവ്വം) ശല്യർ ആദ്യമായി എതിർത്തു യുദ്ധം ചെയ്തതു ധർമ്മപുത്രരുമായാണ്. വൃദ്ധനായ ശല്യരുടെ അസ്ത്രപ്രയോഗത്തിൽ യുധിഷ്ഠിരൻ ക്ഷീണിതനായി തേർത്തട്ടിൽ വീണുപോയി. ഭീമൻ സഹായത്തിനെത്തി ധർമ്മപുത്രരെ അവിടെനിന്നും മാറ്റി. വീണ്ടും ധർമ്മപുത്രർ യുദ്ധത്തിൽ തിരിച്ചുവരികയും ശല്യരുമായി അതിശക്തമായ യുദ്ധം തുടരുകയും ചെയ്തു. ഒടുവിൽ ധർമ്മപുത്രർ ദിവ്യമായ വേൽ ശല്യർക്കുനേരെ പ്രയോഗിക്കുകയും ആ വൃദ്ധൻ നിലംപതിക്കുകയും ചെയ്തു. ശല്യരുടെ പതനം കണ്ട് കൗരവപ്പട പിന്തിരിഞ്ഞോടി.

അവലംബം

  1. മഹാഭാരതം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.