പരാശക്തി

സാമാന്യമായ ശാക്തേയ ഹൈന്ദവ സംഹിതകളിൽ പ്രധാന സ്ഥാനമുള്ള ഒരു ദൈവസങ്കൽ‌പ്പമാണ് പരാശക്തി അഥവാ ശ്രീവിദ്യാ ആദിപരാശക്തി. സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ഭഗവതീ ആരാധന തുടങ്ങിയത്. ശക്തിപൂജയിൽ സ്ത്രീകൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ഇവിടെ സ്ത്രീയെ ശക്തിയുടെ പ്രതീകം ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായും ചിലർ ഇതിനെ കണക്കാക്കുന്നു.

ദേവീമഹാഭാഗവതം അനുസരിച്ച് ആദിപരാശക്തി എന്ന ലോകമാതാവാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയ്ക്കെല്ലാം മൂലകാരണം. പരാശക്തിയുടെ ഈ മൂന്നു കൃത്യമുഖങ്ങളാണു് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾ. ഈ ത്രിമൂർത്തികൾ പരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും ശാക്തേയർ വിശ്യസിക്കുന്നു. ഇതാണ് ത്രിഗുണങ്ങൾ. മറ്റുള്ള എല്ലാ ദേവതാസങ്കൽ‌പ്പങ്ങളും അവതാരങ്ങളും ജീവിവൈവിദ്ധ്യങ്ങളും ആദിപരാശക്തി എന്ന മൂലത്തിൽ നിന്നാണുണ്ടാവുന്നത് എന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമായ ഊർജ്ജമാണ് പരാശക്തിയെന്നു ദേവീമാഹാത്മ്യത്തിൽ കാണാം. "ഭുവനേശ്വരിയെ" സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമായി ദേവീ മാഹാത്മ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

"മഹാമായ" എന്ന പ്രസിദ്ധമായ പേര് ഭഗവതിയുടേത് ആണ്. "മഹാകാളി, മഹാലക്ഷ്മി, ശ്രീ പാർവ്വതി, മഹാസരസ്വതി" തുടങ്ങിയ ഭാവങ്ങൾ പരാശക്തിക്കുണ്ട്. ഈ മൂന്ന് ഭാവങ്ങൾ ആണ് ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്ന രീതിയിൽ സങ്കല്പിക്കപ്പെടുന്നത്. ശരിയായ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനം ആയി ഇവ വ്യാഖ്യാനിക്കപ്പെടുന്നു.

സകലതിനും അതീതമായത് എന്ന അർത്ഥത്തിലാണ് "പര"എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ആദിയിൽ എല്ലാത്തിനും കാരണഭൂതയായ ദൈവം ആയതിനാൽ "ആദി" എന്ന വാക്കും; വലിയ ബലം എന്ന അർത്ഥത്തിൽ "ശക്തി" എന്ന വാക്കും സൂചിപ്പിക്കുന്നു. "തുടക്കത്തിലെ വലിയ ഊർജം" എന്നതാണ് ആദിപരാശക്തി എന്ന വാക്കിന്റെ ലളിതമായ അർത്ഥം.വൈഷ്‌ണവി, പരമേശ്വരി, ജഗദംബിക, ദുർഗ്ഗ തുടങ്ങിയ പേരുകൾ ആദിപരാശക്തിക്കുണ്ട്.

പരബ്രഹ്മമൂർത്തി ആയ പരമശിവന്റെ പത്നി ആണ് ആദിശക്തി ആയ സാക്ഷാൽ ലളിത ത്രിപുരസുന്ദരി . പഞ്ചഭൂതങ്ങളാൽ സമസ്തവും സൃഷ്ടിച്ചത് ശിവനും ശിവയും അർദ്ധനാരീശ്വര ശക്തി ആയി ഇരുന്നു കൊണ്ടാണ്. ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം, തിരോധാനം) - പഞ്ചകൃത്യം. എന്നാണ്‌ ശാക്തേയരും, ശൈവരും കരുതുന്നത്‌.

മഹാമായ ആദ്യം ദക്ഷന്റെയും, പ്രസൂതിയുടെയും മകളുടെ ഭാവത്തിൽ താമരപൊയ്കയിൽ സതി (സ്വാതിക സ്വരൂപിണി) ജനിച്ചു . ശേഷം ദാക്ഷായണി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം ആദിശക്തി ഹിമവാന്റെയും , മേനവതിയുടെയും മകളായി ശ്രീ പാർവ്വതി (പ്രകൃതി) എന്ന നാമധേയത്തോടെ ജനിച്ചു. വീണ്ടും ശിവപത്നി ആയി മാറി.

ശിവശക്തി ആയ ആദിപരാശക്തിയ്ക്ക് മൂന്ന് ഭാവങ്ങൾ ഉണ്ട്. പാർവതി (സ്വാതിക ഭാവം) സ്വാതിക ഭാവത്തെ ഉണർത്തി ജ്ഞാനാംബികയായി അന്നവും അഭയവും ഐശ്വര്യവും അരുളുന്നു. ദുർഗ്ഗാ(രാജസ ഭാവം) മനുഷ്യനിലെ ദുർഗുണങ്ങളെ നശിപ്പിക്കുന്നു സത് ഗുണത്തെ പ്രധാനം ചെയ്യുന്നു. കാളി {മഹാകാളി , ഭദ്രകാളി} (താമസ ഭാവം) മനുഷ്യനിലെ ദുഷ്ട ശക്തികളെ സംഹരിച്ചു സദാ ശുഭം പ്രധാനം  ചെയ്യുന്നു. അതുകൊണ്ടു കാളരാത്രി ഭാവത്തിനു ശുഭകാരി എന്ന് ഒരു നാമം കൂടി ഉണ്ട്. 

ലളിത ത്രിപുരസുന്ദരിയെയും, പരമേശ്വരനെയും, ബ്രഹ്മാണ്ഡ പുരാണത്തിൽ നിന്നെടുത്തിട്ടുള്ള അമൂല്യ ഗ്രന്ഥമായ ലളിത സഹസ്രനാമത്തിൽ മഹാശിവകാമേശ്വരനായും, മഹാകാമേശ്വരി ആയും ആയിരം നാമത്തിൽ വർണ്ണിക്കുന്നു.

ശ്രീ മഹാദേവി ഭാഗവതത്തിലും, ലളിത സഹസ്ര നാമത്തിലും, ലളിത  ത്രിശതിയിലും, ശങ്കരാചാര്യർ എഴുതിയ സൗന്ദര്യ ലഹരിയിലും ആദിപരാശക്തിയെ ശിവശക്തി ഐക്യരൂപിണി ആയി വർണ്ണിച്ചിരിക്കുന്നു. മഹാദേവന്റെ  വാമാംഗത്തിൽ സദാ കുടികൊള്ളുന്ന ശക്തി ആണ് മഹാദേവി.

ദേവി മാഹാത്മ്യത്തിൽ ആദിപരാശക്തി ആയ ഭഗവതി മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി സ്വരൂപങ്ങളിൽ ദേവിയുടെ  സ്വാതിക, രാജസ, താമസ ഭാവങ്ങൾ പ്രകടമാക്കുന്നു. മാത്രമല്ല 1.ശൈലപുത്രി, 2.ബ്രഹ്മചാരിണി, 3.ചന്ദ്രഖണ്ഡ, 4.കൂശ്മാണ്ട, 5.സ്കന്ദ മാതാ, 6.കാത്യായനി, 7.കാലരാത്രി,8.മഹാഗൗരി, 9.സിദ്ധിധാത്രി തുടങ്ങി ഒൻപതു ഭാവങ്ങളിൽ നവദുർഗ്ഗാ രൂപങ്ങളെയും, മറ്റു പത്തു ഭാവങ്ങളിൽ ദശമഹാവിദ്യകളായും, ഏഴു ഭാവങ്ങളിൽ സപ്തമാതാക്കളായും, ഐശ്വര്യത്തിന്റെ എട്ടു രൂപങ്ങളായി അഷ്ടലക്ഷ്മിമാരായും വരച്ചു കാട്ടുന്നു. ശ്രീവിദ്യാ ഉപാസന അഥവാ ശാക്തേയ സമ്പ്രദായത്തിന് വർണ്ണമോ ജാതിയോ ലിംഗമോ ബാധകമല്ലാത്തതിനാലാവാം എല്ലാ വിഭാഗക്കാരുടെയും കുടുംബ പരദേവതയായി ഭഗവതി മാറിയത്.



This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.