മലയാള അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് . ഇതൊരു ഹ്രസ്വസ്വരമാണ്. ഒരു മാത്രയിൽ ഉച്ചരിക്കുന്നതും, സ്വയം ഉച്ചാരണക്ഷമങ്ങളാവുന്നതുമായ ശബ്ദങ്ങളെയാണ് ഹ്രസ്വസ്വരം എന്ന് വിശേഷിപ്പിക്കുന്നത്.

മലയാള അക്ഷരം
തരംഹ്രസ്വസ്വരം
ഉച്ഛാരണസ്ഥാനം{{{ഉച്ഛാരണസ്ഥാനം}}}
ഉച്ചാരണരീതിതീവ്രയത്നം
സമാനാക്ഷരം
യുനികോഡ് പോയിന്റ്U+0D05

തമിഴ്, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. ഹീബ്രുഭാഷയിലെ അലെഫ് (Aleph), അറബി ഭാഷയിലെ അലിഫ, ലത്തീൻ-ഗ്രീക്ക് ഭാഷകളിലെ 'ആൽഫ' (Alpha) എന്നിവയും ഇംഗ്ലീഷിലെ 'എ' (A)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യിൽ ആകുന്നു.

വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് എഴുതുന്നത്. ഉദാഹരണത്തിന് ക്+ഇ, ക്+ഉ, ക്+ഒ എന്നിവ യഥാക്രമം കി, കു, കൊ, എന്നിങ്ങനെ. എന്നാൽ ഇത്തരം സ്വരചിഹ്നം ഇല്ലാത്ത ഒരേഒരു സ്വരാക്ഷരമാണ് 'അ'. വ്യഞ്ജനാക്ഷരങ്ങൾ അവയുടെ വർണ്ണത്തോടൊപ്പം 'അ' എന്ന അക്ഷരം ചേർന്ന രീതിയിൽ എഴുതുന്നതിനാലാണ് സ്വരചിഹ്നം ഇല്ലാതെ വന്നത്. ക,ഖ,ഗ തുടങ്ങിയ അക്ഷരങ്ങൾ ക്+അ, ഖ്+അ, ഗ്+അ, എന്ന രീതിയിൽ പിരിക്കാവുന്നവയാണ്.

'ന' (ന്+അ) എന്ന നിഷേധപ്രത്യയത്തിന്റെ നകാരം ലോപിക്കുമ്പോൾ ലഭിക്കുന്ന നിഷേധാർത്ഥം കുറിക്കുവാൻ ഉപയോഗിക്കുന്ന ഒരു അക്ഷരമാണ് 'അ'. നാമങ്ങളുടെയോ വിശേഷണങ്ങളുടേയോ അവ്യയങ്ങളുടേയോ, ചിലപ്പോൾ ക്രിയകളുടേയോ മുൻപിൽ ചേർത്താൽ വിരുദ്ധാർത്ഥം ലഭിക്കും. ഉദാഹരണത്തിന് അശക്തൻ, അശുദ്ധം, അക്ഷീണവിക്രമം, തുടങ്ങിയവ. അതേ സമയം സ്വരങ്ങൾക്കു മുൻപിലാണ് നിഷേധാർത്ഥം കുറിക്കുവാൻ 'അ' ചേർക്കുന്നതെങ്കിൽ 'അൻ' എന്ന് രൂപാന്തരപ്പെടും. ഉദാഹരണത്തിന് അ+ഇഷ്ടം എന്നത് അനിഷ്ടം (അൻ+ഇഷ്ടം) എന്നായിമാറും. എന്നാൽ ഋണീ എന്ന പദത്തിനു മുൻപ് ചേർക്കുമ്പോൾ അഋണി എന്നാണ് എഴുതുന്നത്.

ഉച്ചാരണവും ഉച്ചാരണഭേദങ്ങളും

ഉച്ചാരണസ്ഥാനമനുസരിച്ച് തരം തിരിക്കുമ്പോൾ കണ്ഠ്യം എന്ന വർഗ്ഗത്തിലാണ് സംസ്കൃതവൈയാകരണന്മാർ 'അ' എന്ന വർണത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.കേരളപാണിനീയത്തിന്റെ പീഠികയിൽ ഇതിനെ കണ്ഠ്യം എന്ന വർഗത്തിലാണ് പെടുത്തിയിരിക്കുന്നതെങ്കിലും പിന്നീട് അതേ ഗ്രന്ഥത്തിൽ തന്നെ ഇതിന്റെ ധ്വനിമൂല്യം ഔഷ്ഠ്യമാണെന്നും അത് ചിലയിടങ്ങളിൽ ദുഷിച്ച് താലവ്യമാകുമെന്നും പറയുന്നു. കണ്ഠത്തിൽ നിന്ന്‌ (തൊണ്ടയിൽ നിന്ന്) പുറപ്പെടുന്ന വർണ്ണമായതിനാലാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്. ഉച്ചാരണരീതി തീവ്രയത്നം.

ഭട്ടോജി ദീക്ഷിതർ തുടങ്ങിയ സംസ്കൃതവൈയാകരണൻമാർ ഈ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാൽ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തിൽ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോൾ 'എ'കാരത്തിന്റെ ഛായയിൽ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളിൽ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേർന്ന 'അ'കാരത്തെ മലയാളികൾ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.

ഉദാ. വിളക്ക് -- വിളെക്ക്

അലക് -- അലെക്

പ്രയോഗങ്ങൾ

വിവേചകാർഥത്തിൽ സർവനാമങ്ങളുടെ ആദ്യഭാഗമായി കാണപ്പെടുന്ന എന്നിവയിൽ പെട്ട ഒരു ചുട്ടെഴുത്താണ് 'അ' എന്ന അക്ഷരം. വിവേചകമായി ദൂരെയുള്ള ഒരു വസ്തുവിനെ നിർദ്ദേശിക്കാൻ ഉപയോഗിക്കുന്ന ചുട്ടെഴുത്തായി 'അ' വ്യവഹരിക്കപ്പെടുന്നു. ഉദാഹരണത്തിന് ‘അവൻ’, ‘അവൾ’, ‘അക്കര’, ‘അപ്പുറം’ തുടങ്ങിയവ പരിഗണിച്ചാൽ 'അ' എന്ന അക്ഷരത്തിന് ‘അടുത്തല്ലാത്ത’ എന്നർഥം ലഭിക്കും.

ഉദാ.

അ + ഇടം = അവിടം

അ + കുതിര = അക്കുതിര

അ + തരം = അത്തരം

പേരെച്ചപ്രത്യയം എന്ന നിലയിലും 'അ' മലയാളത്തിൽ പ്രയോഗിച്ചുപോരുന്നു.

ഉദാ.

വരുന്നു + അ = വരുന്ന

വന്നു + അ = വന്ന

വിശേഷണ പ്രത്യയം:

ഉദാ.

നല് + അ = നല്ല

ഒരു + അ = ഒറ്റ

നപുംസക ബഹുവചന പ്രത്യയം :

ഉദാ.

അ + അ = അവ് = അവ

നിഷേധാർഥകനിപാതം. ഇത് സംസ്കൃതത്തിലെ സമ്പ്രദായമാണ്. സമാസമുള്ളിടത്തു മാത്രമേ ഈ നിപാതം പ്രയോഗിക്കാറുള്ളു.

ഉദാ.

അ + ധർമം = അധർമം

അ + ശുദ്ധം = അശുദ്ധം

നിയോജകപ്രകാരാർഥത്തിലുള്ള ഒരു പ്രത്യയം:

ഉദാ.

പോക് + അ = പോക

അറിക് + അ = അറിക

ഒരു ആശംസകപ്രകാരപ്രത്യയം

ഉദാ.

വാഴ്ക് + അ = വാഴ്ക

വിജയിക്ക് + അ = വിജയിക്ക

അർത്ഥങ്ങൾ

അ എന്ന അക്ഷരത്തിന് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, കാമദേവൻ, വായു, അഗ്നി എന്നീ അർത്ഥങ്ങൾ കല്പിച്ചുവരുന്നു.

പ്രാധാന്യം

അകാരത്തിന് എല്ലാഭാഷകളും വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. 'ഭഗവദ്ഗീതയിൽ' കൃഷ്ണൻ 'അക്ഷരാണാമകാരോസ്മി' (അക്ഷരങ്ങളിൽ അകാരമാണുഞാൻ) എന്ന് പറയുന്നതിലൂടെ പണ്ടുമുതല്ക്കേ അകാരത്തിന് മറ്റക്ഷരങ്ങളേക്കാൾ മഹത്ത്വം കല്പിക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം.

അ ഉപയോഗിക്കുന്ന ചില വാക്കുകൾ


അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.