മലയാളം അക്ഷരമാലയിലെ പതിനഞ്ചാമത്തെ വ്യഞ്ജനമാണ് . ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ' കാരം ചേർത്ത് ഉച്ചരിക്കുന്ന രീതിക്ക് ണ് + അ എന്നീ വർണങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരം (ണ് + അ = ണ). 'ട' വർഗത്തിലെ അനുനാസികം. അനുനാസികശബ്ദങ്ങൾ ഉച്ചരിക്കുമ്പോൾ നിശ്വാസവായു മൂക്കിൽക്കൂടി നിസ്സരിക്കുന്നു. മറ്റു സ്വരങ്ങൾ ചേർന്ന് ണാ, ണി, ണീ, ണു, ണൂ, ണൃ, ണെ, ണേ, ണൈ, ണൊ, ണോ, ണൗ എന്നീ ലിപി രൂപങ്ങൾ.

എന്ന മലയാള അക്ഷരം

സംസ്കൃതം തുടങ്ങിയ ഇന്തോ-ആര്യൻ ഭാഷകളിലും തെലുഗുവിലും കന്നഡയിലും 'ണ' തന്നെയാണ് പതിനഞ്ചാമത്തെ വ്യഞ്ജനം; തമിഴിൽ ആറാമത്തെ വ്യഞ്ജനം. ഈ അക്ഷരത്തിൽ തുടങ്ങുന്ന പദങ്ങൾ മലയാളത്തിൽ ചുരുക്കമാണ്. സംസ്കൃതത്തിൽ 'ണ' കാരത്തിൽ തുടങ്ങുന്ന പദങ്ങൾ ഇല്ല. ഹിന്ദിയിലും ചില ഉത്തരേന്ത്യൻ ഭാഷകളിലും ണകാരം നകാരമായി മാറുന്നു. ഉദാ. നാരായണ-നാരായൻ. നിഘണ്ടുക്കളിൽ കാണുന്ന ഒന്നു രണ്ടു പദങ്ങൾ (ണത്താർ, ണത്വം, ണൻ) വ്യവഹാരത്തിൽ അധികമായി ഇല്ല. കവിതകളിലുണ്ട് ('ണത്താർ' ഹരിനാമ കീർത്തനത്തിൽ പ്രയോഗിച്ചിരിക്കുന്നതു കാണാം). നൽത്താർ എന്ന അർത്ഥമാണ് ഈ പദത്തിനുള്ളത്. വ്യഞ്ജനങ്ങൾക്ക് ഇരട്ടിപ്പ് മുതലായ വികാരങ്ങൾ വരുന്ന രീതിക്ക് ണ്ക, ൺക്ര, ൺഗ, ൺഗ്ര, ൺച, ൺജ, ണ്ട, ണ്ട്ര, ണ്ഠ, ണ്ഠ്യ, ണ്ഡ, ണ്ഡ്യ, ണ്ഡ്ര, ണ്ഡ്വ, ണ്ഢ, ണ്ണ, ണ്ത, ണ്ന, ണ്പ, ണ്ഭ, ണ്മ, ണ്യ, ണ്വ, ൺസ, ക്ണ, ക്ഷ്ണ, ക്ഷ്ണ്യ, ഗ്ണ, ട്ണ, മ്ണ, ർണ, ർണ്ണ, ർണ്യ, ർഷ്ണ, ർഷ്ണ്യ, ഷ്ണ, ഷ്ണ്യ, ഷ്ണ്വ എന്നിങ്ങനെ 'ണ' ചേർന്നു സംയുക്ത രൂപങ്ങൾ ഉണ്ട്. ഉദാ. കാൺക, കാൺക്രീറ്റ്, വിൺഗംഗ, പെൺഗ്രഹം, വെൺചാമരം, വെൺജന്മം, ചെണ്ട, വൺട്ര, കണ്ഠം, കണ്ഠ്യം, പിണ്ഡം, പാണ്ഡ്യൻ, പുണ്ഡ്രം, പാണ്ഡ്വം, മേൺഢകം, കിണ്ണം, മൺതരി, വെൺനിലാവ്, കൺപോള, മൺഭരണി, കണ്മണി, ഗണ്യം, കണ്വൻ, കൌൺസിൽ, വൃക്ണം, തീക്ഷ്ണം, ക്ഷ്ണുതം, തൈക്ഷ്ണ്യം, രുഗ്ണം, ചട്ണി, അമ്ണൻ, (അമ്മിണൻ), വർണം, വർണ്ണം, വർണ്യം, വർണ്ണ്യം, കാർഷ്ണി, കാർഷ്ണ്യം, കൃഷ്ണൻ, ഔഷ്ണ്യം, വിഷ്ണ്വംശം. ഇവയിൽ 'ണ്യ' (ണ്യം), ക്ഷ്ണ എന്നീ കൂട്ടക്ഷരങ്ങൾ മാത്രമേ പദാദിയിൽ പ്രയോഗിക്കുന്നുള്ളൂ. ഉദാ. ണ്യം-ബ്രഹ്മലോകത്തുള്ള ഒരു സമുദ്രം, ക്ഷ്ണുതം ആദിയായവ.

സംസ്കൃതത്തിൽ 'ണ'കാരത്തോട് മറ്റു വ്യഞ്ജനങ്ങൾ ചേർന്നുള്ള കൂട്ടക്ഷരങ്ങൾ ഉള്ള ചില പദങ്ങളുടെ തദ്ഭവങ്ങളിൽ കൂട്ടക്ഷരത്തിലെ അന്ത്യഘടകത്തിന്റെ സ്ഥാനത്ത് ചിലപ്പോൾ 'ണ'കാരം കാണാം. ഉദാ. ദണ്ഡം, ദണ്ണം, പിണ്യാകം-പിണ്ണാക്ക്. അനുനാസിക സവർണനം കൊണ്ടുള്ള ഈ മാറ്റം മലയാളത്തിനുള്ളിൽ വർണവികാരമായും കാണാം. ഉദാ. വെൺനിലാവ്-വെണ്ണിലാവ്, ഒൺ + നുതൽ-ഒണ്ണുതൽ, കൺ + നീർ = കണ്ണീർ.

ചില ദ്രാവിഡവാക്കുകളുടെ അന്ത്യമായ 'ൾ' 'ഴ' എന്നിവയു ടെ സ്ഥാനത്ത് വർണവികാരങ്ങൾ കൊണ്ട് 'ണ' ആദേശമായി കാണുന്നു. ഉദാ. കൊൾ +തു-കൊണ്ടു. എൾ+നെയ്, എണ്ണ. വീഴ്+തു - വീണു. താഴ് + തു - താഴ്ന്നു - താണു.

'ണ'യ്ക്ക് നിഷ്കർമം, നിശ്ചയം എന്നീ അർത്ഥങ്ങളും (അഗ്നിപുരാണം 348-ാം അധ്യായം), പശു (ആയുർവേദ ഔഷധ നിഘണ്ടു), 'അണ' (ക ണ സി) എന്നീ അർത്ഥങ്ങളുമുണ്ട്. 'ണ'കാരത്തോട് അനുസ്വാരം ചേർന്ന് 'ണം' എന്നായാൽ ജ്ഞാനം, നിർണയം, നിശ്ചയം, ദാനം, ആഭരണം തുടങ്ങിയ അർത്ഥങ്ങൾ ലഭിക്കുന്നു.

മുമ്പു വരുന്ന മൂർധന്യവർണങ്ങൾ നകാരത്തെ ണകാരമാക്കി മാറ്റുന്നുണ്ട്. വേൾ+നാട് - വേണാട്, നീൾ+നാൾ - നീണാൾ. പ്രാകൃത തമിഴ് ഭാഷയിൽ മലയാളത്തിൽ ഇരട്ടിച്ച നകാരത്തിന്റെ സ്ഥാനത്ത് ചില സ്ഥലങ്ങളിൽ 'ണ'കാരം കാണപ്പെടുന്നുണ്ട്. ഒന്ന്-ഒണ്ണ്, മൂന്ന്-മൂണ് എന്നിങ്ങനെ.

ഇവകൂടി കാണുക


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.