മലയാള അക്ഷരമാലയിലെ പതിനാറാമത്തെ വ്യഞ്ജനമാണു് എന്ന അക്ഷരം. 'ത' വർഗ്ഗത്തിലെ ഖരമായ ഈ വ്യഞ്ജനം നാദരഹിതവും അല്പപ്രാണവുമായ വിരാമമാണ്. നാക്കിന്റെ അഗ്രം പല്ലുകളുടെ ഉൾഭാഗത്തു് സ്പർശിച്ചുകൊണ്ടു് ഉച്ചരിക്കപ്പെടുന്നു. ദന്ത്യവർഗത്തിലെ ആദ്യവ്യഞ്ജനമായ 'ത' മിക്ക ഉത്തരേന്ത്യൻ ഭാഷകളിലും തമിഴ് ഒഴികെയുള്ള ദ്രാവിഡഭാഷകളിലും പതിനാറാമത്തെ വ്യഞ്ജനമാണ്. തമിഴിൽ ഏഴാമത്തെ വ്യഞ്ജനമാണിത്.

എന്ന മലയാള അക്ഷരം

ഉച്ചാരണസൗകര്യത്തിന് വ്യഞ്ജനങ്ങളോട് 'അ' ചേർത്ത് ഉച്ചരിക്കുന്നരീതിയിൽ 'ത്' എന്നതിനോട് 'അ' ചേർന്നരൂപം

(ത = ത്+അ). മറ്റു സ്വരങ്ങൾ ചേരുമ്പോൾ താ, തി, തീ, തു, തൂ, തൃ, തെ, തേ, തൈ, തൊ, തോ, തൗ എന്നീ ലിപിരൂപങ്ങളുണ്ടാകുന്നു.

'ത' കാരം ചേർന്നുവരുന്ന സംസ്കൃതപദങ്ങൾ തത്സമങ്ങളായും തദ്ഭവങ്ങളായും പ്രയോഗത്തിലുണ്ട്.

അ, ഇ, എ, ഐ എന്നീ സ്വരങ്ങളെ തുടർന്നു വരുന്ന 'ത' കാരം താലവ്യാദേശം വന്ന് 'ച' ആയി മാറുന്നു.

ഉദാ:
പിത്തള -പിച്ചള.

മലയാള ഭാഷയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു വർണ വികാരമാണിത്. പല പദങ്ങളും ഈ വർണവികാരം കൊണ്ട് രൂപം മാറുന്നു.

ഭൂതകാല പ്രത്യയമായ 'തു' താലവ്യാദേശം കൊണ്ട് 'ച' യും (അടിച്ച, തുണച്ചു) മൂർധന്യ വ്യഞ്ജനാന്ത പദങ്ങളോടു ചേരുമ്പോൾ 'ട' യും വർത്സ്യങ്ങളോടു ചേരുമ്പോൾ വർത്സ്യവും (കണ്ടു, ചുട്ടു, നീണ്ട്, വിറ്റു) ആയി മാറുന്നു.

പ്രകൃതിയുടെ അന്ത്യവ്യഞ്ജനം വർത്സ്യമാണെങ്കിൽ 'ത' കാരാഗമവും തുടർന്ന് അനുനാസികാദേശവും വന്ന് 'ത' 'ന' ആയി മാറുന്നു ഉദാ. വളർന്നു, നിന്നു.

മൂർധന്യമായ 'ഴ'എന്ന വ്യഞ്ജനത്തോട് ചേരുമ്പോൾ 'ത' കാരത്തിന് മൂർധന്യാദേശവും അനുനാസികത്വവും വന്ന് 'ണ' ആയി മാറുന്നു (കമിണ്ണു-കമിഴ്ന്നു; താണ്ണു-താഴ്ന്നു).

താലവ്യസ്വരാന്തങ്ങളായ പ്രകൃതികളോടു ചേരുമ്പോൾ 'ത'കാരം താലവ്യാദേശവും അനുനാസികാദേശവും വന്ന് 'ഞ' ആകുന്നു. ഉദാ. അടഞ്ഞു.

സംസ്കൃതപദങ്ങളിലെ ഥ, ദ, ധ, ശ, സ, എന്നിവയ്ക്കു പകരമായി തദ്ഭവങ്ങളിൽ 'ത' ഉപയോഗിക്കുന്നു. വീഥി-വീതി, ദേവൻ-തേവൻ, ധരണി-തരണി, ശ്രീ-തിരു(തിരി), സൂചി-തൂചി.

പ്രാചീനമലയാളത്തിൽ പ്രയോഗത്തിലുണ്ടായിരുന്ന 'ത' ചേർന്ന വ്യഞ്ജന സംയുക്തങ്ങൾ അനുനാസികാതിപ്രസരം തുടങ്ങിയ വർണവികാരങ്ങൾ കൊണ്ട് ഇല്ലാതായി. ഉദാ. ർന്ത-ചാർന്തോൻ, ള്ന്ത-വീൾന്തു, ഴ്ന്ത-വാഴ്ന്താൻ.

ഈ ദന്ത്യവ്യഞ്ജനം പദാദിയിലും പദമധ്യത്തിലും വരുന്നു.

സ്വരമോ മധ്യമമോ പരമാകുമ്പോൾ 'ത' കാരത്തിന് വ്യക്തമായ ഉച്ചാരണവും മറ്റു സാഹചര്യങ്ങളിൽ പലപ്പോഴും 'ല' കാരച്ഛായയിൽ ഉച്ചാരണവും കാണുന്നു.

ഉദാ. അതെന്ത്, ശരത്കാലം വശാൽ - കേരള പാണിനീയം (പീഠിക).

സംയുക്താക്ഷരങ്ങളിൽ ആദ്യഘടകമായിവരുന്ന 'ത' കാരം 'ല' കാരച്ഛായയിൽ മലയാളികൾ ഉച്ചരിക്കാറുണ്ട്. ഈ ഉച്ചാരണം എഴുത്തിനെ ഒരളവുവരെ സ്വാധീനിക്കുകയാൽ 'ത'യുടെ വ്യഞ്ജനാംശം മാത്രം കുറിക്കാൻ 'ൽ' എന്ന ലിപി 'ല' കാരോച്ചാരണത്തോടെ ഉപയോഗിക്കാറുണ്ട്. ഉത്പത്തി-ഉൽപ്പത്തി, സത്കാരം - സൽക്കാരം.

ചില പദങ്ങളിൽ പദാദിയിലും പദമധ്യത്തിലും 'ത' കാരത്തിന് 'സ'കാരം ആദേശമായി വരുന്നു. ഉദാ. തമ്പ്രാക്കൾ-സമ്പ്രാക്കൾ, മൂത്തത്-മൂസ്സത്.

പദമധ്യത്തിലെ 'ത' കാരം മൃദു ഉച്ചാരണംകൊണ്ട് ചിലയിടത്തു ലോപിക്കുന്നു. ഉദാ. നമ്പൂതിരി-നമ്പൂരി, സാമൂതിരി-സാമൂരി.

വ്യഞ്ജനങ്ങളുടെ ഇരട്ടിപ്പ്, മറ്റു വ്യഞ്ജനങ്ങളുമായുള്ള ചേർച്ച എന്നിവ വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു.

ത്ത്വ, ത്ക്ക, ത്പ്ര, ത്മ്യ, ത്യ. തത്ത്വം, ശരത്ക്കാലം, ഉത്പ്രേക്ഷ, താദാത്മ്യം, സത്യം.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.