മത്തമയൂരം

പാദത്തിൽ പതിമൂന്നക്ഷരമുള്ള അതിജഗതി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണ്‌ മത്തമയൂരം. ഇതൊരു സമവൃത്തമാണ്.

ലക്ഷണം

മലയാളത്തിൽ
വൃത്തമഞ്ജരി നാലിൽ ഛിന്നം മത്യസഗം മത്തമയൂരം നാലക്ഷരത്തിൽ യതിയോടെ യഥാക്രമം മ ത യ സ എന്നീ ഗണങ്ങളും അവസാനം ഒരു ഗുരുവും വന്നാൽ മത്തമയൂരം വൃത്തം. ഈ വൃത്തത്തിന് കേരളപാണിനി വൃത്തമഞ്ജരിയിൽ ഉദാഹരണം നല്കിയിട്ടില്ല.

ഈ വൃത്തത്തിന്റെ ഗുരു ലഘു വിന്യാസം ഇപ്രകാരമാണ് : 'ഗംഗംഗം।ഗംഗംല।ല ഗംഗം।ലലഗം।ഗം'

സംസ്കൃതത്തിൽ
വൃത്തരത്നാകരം - കേദാരഭട്ടൻ वेदै रन्ध्रैर्म्तौ यसगा मत्तमयूरम्।- വേദൈ രന്ധ്രൈർമതൌ യസഗ മത്തമയൂരം
നാട്യശാസ്ത്രം - ഭരതമുനി षष्ठं च सप्तमं चैव

दशमेकादशे लघु
त्रयोदशाक्षरे पादे
ज्ञेयं मत्तमयूरकम्-

ഷഷ്ഠം ച സപ്തമം ചൈവ

ദശമേകാദശേ ലഘു
ത്രയോദശാക്ഷരേ പാദേ
ജ്ഞേയം മത്തമയൂരകം
(പതിമൂന്നക്ഷരമുള്ള പാദത്തിൽ ആറ് ഏഴ് പത്ത് പതിനൊന്ന് എന്നീ നാലക്ഷരങ്ങൾ ലഘുക്കളായുള്ള വൃത്തത്തിന് മത്തമയൂരകം എന്ന് അറിയപ്പെടുന്നു.)

ഉദാഹരണങ്ങൾ

മിന്നൽച്ചാർത്തുണ്ടിന്ദ്രധനുസ്സുണ്ടുലസിപ്പൂ

കാറ്റാൽ നീങ്ങും കാറുകളുണ്ടുണ്ടു വലാക
കേട്ടാൽ ഞെട്ടും കൂട്ടിടിവെട്ടുണ്ടു നിനച്ചാൽ
മാരിക്കാലം മത്തമയൂരം മുതിരുന്നൂ

—നാട്യശാസ്ത്രം. വിവർത്തനം :കെ.പി നാരായണപിഷാരടി

വണ്ടും ഞണ്ടും കേളികളാടും ചെറുകണ്ടം

തണ്ടുംകെട്ടിപ്പാട്ടിനുപോകും പുഴവള്ളം
കണ്ടുംകൊണ്ടാ ദൂതുവരുംമത്തമയൂരം
കണ്ടാൽ വമ്പൻ കുക്കുടവീരന്നിടയാമോ

—സുബ്രഹ്‌മണ്യൻ കുറ്റിക്കോൽ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.