പഞ്ചചാമരം

പഞ്ചചാമരം: ഒരു സംസ്കൃതവർണ്ണവൃത്തം. അഷ്ടി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 16 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം

ലക്ഷണം മലയാളത്തിൽ:

ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും

ലക്ഷണം സംസ്കൃതത്തിൽ:

जरौ जरौ जगाविदं वदन्ति पञ्चचामरम्। [1]

ജരൗ ജരൗ ജഗാവിദം വദന്തി പഞ്ചചാമരം

ഛന്ദശ്ശാസ്ത്രപ്രകാരം “ജ ര ജ ര ജ” എന്നീ ഗണങ്ങളും ഒരു ഗുരുവും വരുന്ന വൃത്തമാണു പഞ്ചചാമരം. ഈ വൃത്തത്തിന്റെ ലക്ഷണം നൽകിയിരിക്കുന്നതുതന്നെ ഇതേവൃത്തത്തിലാണ്.

ലഘു, ലഘു, ലഘു, ഗുരു എന്നിങ്ങനെ 16 അക്ഷരങ്ങൾ ലഘുവും ഗുരുവും ഇടവിട്ടു് ഈ വൃത്തത്തിൽ വരുന്നു. അതിനാൽ ഈ ലക്ഷണവും വൃത്തമഞ്ജരിയിൽ ഉണ്ടു്.

ലഗം ലഗം നിരന്നു പത്തുമാറു പഞ്ചചാമരം

ഇതിന് വേറൊരു ലക്ഷണം കൂടിയുണ്ട്.

ജരജരജ എന്നീ ഗണങ്ങളും ഒടുവിൽ ഒരു ഗുരുവും വന്നാൽ പഞ്ചചാമരം

ഉദാഹരണങ്ങൾ

ഉദാ:-1

  • സിസ്റ്റർ മേരി ബനീഞ്ജയുടെ ലോകമേ യാത്ര എന്ന കവിതയിൽ നിന്നു്.

അരിക്കകത്തു കൈവിരൽ പിടിച്ചുവച്ചൊരക്ഷരം
വരച്ച നാൾ തുടങ്ങിയെന്റെ മേൽഗതിയ്ക്കു വാഞ്ഛയാ
പരിശ്രമിച്ച പൂജ്യപാദരായൊരെൻ ഗുരുക്കളെ--
പ്പരം വിനീതയായി ഞാൻ നമസ്കരിച്ചിടുന്നിതാ!

ഉദാ:-2

  • ശങ്കരാചാര്യർ ധാരാളം സ്തോത്രങ്ങൾ ഈ വൃത്തത്തിൽ എഴുതിയിട്ടുണ്ടു്. ഒരു ഗണപതീസ്തുതിയിൽ നിന്നു്:

മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം,
കലാധരാവദംസകം, വിലാസി ലോക രക്ഷകം,
അനായകൈക നായകം, വിനാശിതൈഭദൈത്യകം,
നതാശുഭാശു നാശകം, നമാമി തം വിനായകം

ഉദാ:-3

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമഡ്ഡമർവ്വയം
ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം

സവിശേഷതകൾ

ഗാനാത്മകമായ വൃത്തങ്ങളിൽ പ്രമുഖമാണ് പഞ്ചചാമരം. പഞ്ചചാമരത്തിൽ രചിച്ച ശ്ലോകങ്ങൾ അതീവമന്ദതാളത്തിലും മന്ദതാളത്തിലും മധ്യമതാളത്തിലും ദ്രുതതാളത്തിലും അതിദ്രുതതാളത്തിലും മനോഹരമായി ചൊല്ലാൻ സാധിക്കും. ശിവതാണ്ഡവസ്തോത്രത്തിലെ ശ്ലോകങ്ങൾ (ഉദാ:- ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ,ഗളേऽവലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം..) അതിദ്രുതതാളത്തിലും "മുദാ കരാത്തമോദകം, സദാ വിമുക്തി സാധകം..." എന്നശ്ലോകം മധ്യമതാളത്തിലുമാണ് സാധാരണ ആലപിക്കുന്നത്.

അവലംബം

  1. കേദാരഭട്ടൻ രചിച്ച വൃത്തരത്നാകരം


പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.