ധൃഷ്ടദ്യുമ്നൻ

മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യുമ്നൻ.

ജനനം

യജ്ഞസേനൻ എന്ന ദ്രുപദൻ പാഞ്ചാലദേശത്തെ സോമകരാജാവിന്റെ പുത്രനായിരുന്നു . ആയുധവിദ്യ അഭ്യസിക്കാനായി അദ്ദേഹം ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തുന്നു. അവിടെവച്ചാണ് സുപ്രസിദ്ധനായ ദ്രോണരുമായി ദ്രുപദൻ പരിചയപ്പെടുന്നത്. അവർ അടുത്ത സ്നേഹിതന്മാരായിത്തീർന്നു. വിദ്യാഭ്യാസകാലത്ത് ദ്രുപദൻ ദ്രോണരോട് ഇങ്ങനെ പറഞ്ഞിരുന്നു. "സുഹൃത്തേ നീ എന്റെ ആത്മാവിന്റെ അംശമാണ്. വിദ്യാഭ്യാസത്തിനു ശേഷം എന്റെ പിതാവ് എന്നെ പാഞ്ചാലത്തിന്റെ അടുത്ത രാജാവായി അവരോധിക്കുന്നതാണ്. അപ്പോൾ എന്റെ രാജ്യത്തിന്റെ സമ്പത്ത് നിന്റെ സ്വന്തമെന്നു നീ ധരിക്കുക. നിന്റെ ദാരിദ്ര്യം തീരുന്നതും രാജബന്ധുവായി നീ സുഖിക്കുന്നതുമാണ്".

വിദ്യാഭ്യാസ ശേഷം അവർ പിരിയുകയും, ദ്രോണർ ഉടനെ തന്നെ കൃപിയെ വിവാഹംചെയ്തു അവളിൽ അശ്വത്ഥാമാവ് എന്ന തേജസ്വിയായ പുത്രൻ ജനിക്കുകയും ചെയ്തു. ദ്രുപദനാകട്ടെ പാഞ്ചാലത്തിന്റെയും കൌശ്യത്തിന്റെയും അനിഷേധ്യ നേതാവും രാജാവുമായിത്തീർന്നു. ദ്രോണർ ദാരിദ്രനായിരുന്നു. അതിനാൽ കുട്ടിക്ക് പാല് വാങ്ങിക്കൊടുക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അശ്വത്ഥാമാവിന്റെ കൂട്ടുകാരായ ബാലന്മാർ ഒരിക്കൽ അവനു അരിമാവ് കലക്കി കൊടുത്തു. അത് കുടിച്ചശേഷം താൻ ശക്തിമാനായി എന്ന ഭാവത്തിൽ അവൻ ഓടുവാൻ തുടങ്ങി. അപ്പോൾ സുഹൃത്തുക്കൾ അവനെ കളിയാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. "വിഡ്ഢീ നീ കുടിച്ചത് പാലല്ല. അരിമാവാണ്. നിന്റെ അച്ഛന് പാല് വാങ്ങാൻ പണമില്ല. വിദ്യയുള്ളവന് ധനദേവതയായ ലക്ഷ്മി ശത്രുവായിത്തീരും." അശ്വത്ഥാമാവ് കരഞ്ഞുകൊണ്ട് ഈ വിവരം പിതാവിനെ അറിയിച്ചു. ദ്രോണർക്കു ഇതുകേട്ട് വലിയ വിഷമമായി . അപ്പോൾ അദ്ദേഹത്തിനു ദ്രുപദന്റെ പഴയ വാക്കുകൾ ഓർമ്മ വന്നു .

ദ്രുപദൻ യാഗാദികളും മറ്റും നടത്തി കുരുക്കൾക്കു തുല്യം ഐശ്വര്യത്തോടെ വസിക്കുകയാണ്. അപ്പോഴാണ്‌ ദ്രോണരും പത്നിയും ദ്രുപദന്റെ അടുക്കൽ പോയത്. പഴയ മൈത്രിയെപ്പറ്റി ദ്രോണർ ഓർമ്മപ്പെടുത്തിയെങ്കിലും ദ്രുപദൻ അറിഞ്ഞഭാവം പോലും കാണിച്ചില്ല. വാസ്തവത്തിൽ ദ്രോണരെ കണ്ടപ്പോൾ തന്നെ ദ്രുപദന് ആളെ മനസ്സിലായിരുന്നു. എന്നാൽ വെറുമൊരു യാചകന്റെ സുഹൃത്താണ് താനെന്നതു രാജാവായ തന്റെ യശസ്സിനു കളങ്കമാകുമല്ലോ എന്ന ദുരഭിമാനമാണ് ദ്രുപദനെ അപ്പോൾ ബാധിച്ചത്. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു . --"എന്തേ സ്വാമീ വിളിച്ചത്? സുഹൃത്തെന്നോ? സൌഹൃദവും ശത്രുത്വവുമെല്ലാം തുല്യന്മാർ തമ്മിലാണ് വേണ്ടത് . ദരിദ്രൻ ധനവാനും, യാചകൻ രാജാവിനും, ഭീരു ധീരനും, മൂഡൻ പണ്ഡിതനും എങ്ങനെ മിത്രമാകും? എനിക്ക് മുൻപ് വിദ്യ അഭ്യസിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗുരുകുലത്തിൽ വസിച്ചതും നിന്റെ സുഹൃത്തായതും. ഇപ്പോൾ ഞാൻ രാജാവും നീ ദരിദ്രനായ യാചകനുമാണ്. അങ്ങനെയുള്ള നീ എങ്ങനെ എന്റെ മിത്രമാകും? അല്ലെങ്കിലും കുട്ടിക്കാലത്ത് അറിവില്ലായ്മ കൊണ്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ ആരാണ് മനസ്സില് വയ്ക്കുന്നത്? എന്തായാലും വന്ന സ്ഥിതിക്ക് ഒരു നേരത്തെ ഭക്ഷണം കഴിച്ചിട്ട് പോകാം."

ദ്രുപദന്റെ വാക്കുകൾ രാജോചിതമെങ്കിലും ക്രൂരമായിരുന്നു. ദ്രോണർ അതുകേട്ടു കുപിതനാവുകയും താൻ ഇതിനു പക വീട്ടുമെന്ന് ശപഥം ചെയ്തശേഷം പത്നിയോടും പുത്രനോടുമൊത്തു അവിടെനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു . നേരെ പോയ ദ്രോണർ പിന്നീട് ഹസ്തിനപുരിയിലെത്തുകയും ഭീഷ്മരുടെ ആവശ്യപ്രകാരം പാണ്ഡവരുടെയും കൌരവരുടെയും ഗുരുവായിത്തീരുകയും ചെയ്തു . വിദ്യാഭ്യാസം കഴിഞ്ഞു ഗുരുദക്ഷിണ നല്കേണ്ട സമയമായപ്പോൾ ദ്രോണർ രാജകുമാരന്മാരോട് ആവശ്യപ്പെട്ടത് ശത്രുവായ ദ്രുപദനെ ആക്രമിക്കുവാനും അവനെ പിടിച്ചുകെട്ടി തന്റെ കാൽക്കൽ കൊണ്ടിടുവാനുമായിരുന്നു . ഗുരുവിന്റെ നിർദ്ദേശപ്രകാരം അർജ്ജുനനും സഹോദരങ്ങളും ദ്രുപദനെ യുദ്ധത്തിൽ തോല്പ്പിക്കുകയും, തുടർന്ന് അദ്ദേഹത്തെ പിടിച്ചുകെട്ടി ദ്രോണരുടെ കാൽക്കൽ കൊണ്ടിടുകയും ചെയ്തു . അപ്പോൾ ദ്രോണർ ദ്രുപദനെ കണക്കിന് പരിഹസിക്കുകയും, അദ്ദേഹത്തിൻറെ രാജ്യത്തെ പാതിയായി പകുത്തു ദക്ഷിണ പാഞ്ചാലം സ്വന്തമാക്കി അതിനെ ഭരിക്കുകയും ചെയ്തു. തുടർന്ന് മരണംവരെ ദ്രോണരായിരുന്നു ദക്ഷിണപാഞ്ചാലത്തിന്റെ രാജാവ്.

ദ്രുപദൻ ദ്രോണരോട് മാപ്പിരന്നു തല്ക്കാലം വൈരം അവസാനിപ്പിച്ചെങ്കിലും ചവിട്ടേറ്റ സർപ്പത്തെപ്പോലെ ആ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു. ദ്രോണരെ കൊല്ലുവാൻ ശക്തിയുള്ള ഒരു പുത്രനും, വീരന്മാരിൽ വീരനായ അർജ്ജുനന് നല്കുവാൻ യോഗ്യയായ ഒരു മകളും തനിക്കുണ്ടാകണമെന്നു ദ്രുപദൻ ആഗ്രഹിച്ചു. അതിനായി ആഭിചാരം പോലെയുള്ള കർമ്മം ചെയ്യാൻ അറിയാവുന്ന ആചാര്യന്മാരെ തിരക്കി ദ്രുപദന്റെ ദൂതന്മാരായ ബ്രാഹ്മണർ ഓടിനടന്നു. അപ്പോഴാണ്‌ അഗ്നിയുടെ ഉപാസകനായ ഉപയാജൻ എന്നൊരു മുനിയെ ഗംഗാതീരത്തിൽ രാജാവ് കണ്ടെത്തിയത് . അദ്ദേഹത്തിനു യാജൻ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു. ഉപയാജനോട് ദ്രുപദൻ തന്റെ ആവശ്യം പറഞ്ഞെങ്കിലും, ഈ നീചകർമ്മം ചെയ്യാൻ ആദ്യം ഉപയാജൻ സമ്മതിച്ചില്ല. ദ്രുപദൻ ഒരു വർഷം ഉപയാജനെ ശുശ്രൂഷിച്ചു. പ്രസന്നനായ ഉപയാജൻ തന്റെ ജ്യേഷ്ഠനും മഹാമാന്ത്രികനുമായ യാജനെ കണ്ടാൽ കാര്യം സാധിക്കുമെന്ന് രാജാവിനെ അറിയിച്ചു. ഒടുവിൽ മുനി സഹോദരന്മാരായ യാജനും ഉപയാജനും രാജാവിന് വേണ്ടി വലിയൊരു യാഗം നടത്തി. യാഗം 18 മാസം നീണ്ടു നിന്നു. യാഗാവസാനം അഗ്നിയിൽ നിന്നും ആയുധങ്ങൾ ധരിച്ചുകൊണ്ട് ധൃഷ്ടദ്യുമ്നൻ എന്ന പുരുഷനും , "കൃഷ്ണ" എന്ന സ്ത്രീരത്നവും ഉയര്ന്നുവന്നു. ധൃഷ്ടദ്യുമ്നൻ അഗ്നിയിൽ നിന്നും സംഭൂതനായ സമയത്ത്, " ഈ വീരൻ യുദ്ധത്തിൽ ദ്രോണരെ വധിക്കും" എന്നൊരു അശരീരിയുണ്ടായി. കൃഷ്ണയാണ് പാഞ്ചാലി അഥവാ ദ്രൗപദി . ഇവൾ അഷ്ടലക്ഷ്മികളിൽ ഒരാളായ വിജയലക്ഷ്മിയുടെ അംശമായിരുന്നു . [1]

വിദ്യാഭ്യാസം

തന്റെ അന്തകനാണെന്നറിഞ്ഞിട്ടും ദ്രോണര് തന്നെയാണ് ധൃഷ്ടദ്യുമ്നനെ ആയുധവിദ്യ അഭ്യസിപ്പിച്ചത് . ദ്രോണർ ധൃഷ്ടദ്യുമ്നന്റെ ജനനമറിഞ്ഞു അദ്ദേഹത്തെ വിളിച്ചു വരുത്തി ആയുധവിദ്യ പഠിപ്പിക്കുകയായിരുന്നു . ബുദ്ധിരാക്ഷസനായ ദ്രോണാചാര്യർ ഈ പ്രവൃത്തിയിലൂടെ തന്റെ യശസ്സിനെ വാനോളം ഉയർത്തി. ഈ ധൃഷ്ടദ്യുമ്നൻ പൂര്വ്വജന്മത്തിൽ പഴയ ഏകലവ്യൻ തന്നെയായിരുന്നെന്നും, ശ്രീകൃഷ്ണന്റെ കൈകളാൽ വധിക്കപ്പെട്ട ശേഷം അദ്ദേഹത്തിൻറെ അനുഗ്രഹത്താൽ ഉടനെ തന്നെ അഗ്നിയിൽ നിന്നും വീണ്ടും ജന്മം സിദ്ധിക്കുകയാണുണ്ടായതെന്നും മഹാഭാരതത്തിന്റെ ഇന്തോനേഷ്യൻ രചനയിൽ കാണുന്നുണ്ട് .

പൂർവ്വജന്മം

ധൃഷ്ടദ്യുമ്നൻ വാസ്തവത്തിൽ ഏകലവ്യന്റെ പുനർജന്മം ആയിരുന്നു. അതിന്റെ കഥ ഇങ്ങനെയാണ്. ദ്രോണരാൽ ചതിക്കപ്പെട്ട ഏകലവ്യൻ പിന്നീട് സ്വന്തം നിലയിൽ അസ്ത്രാഭ്യാസം ചെയ്തു ഒരു ആയോധന വിദഗ്ദ്ധനായി മാറി. അദ്ദേഹം ഭുവനേശ്വരിയായ കാളിയെ ആരാധിക്കുകയും, കാളി അദ്ദേഹത്തിന് ജ്ഞാനം നൽകുകയും, ശ്രീകൃഷ്ണപ്രസാദം ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഏകലവ്യൻ പിന്നീട് ജരാസന്ധന്റെ സൈന്യാധിപനായി സേവനമനുഷ്ഠിച്ചു. അങ്ങനെയിരിക്കെയാണ്, ശ്രീകൃഷ്ണൻ രുക്മിണിയെ ഹരിക്കുന്നത്. ശ്രീകൃഷ്ണനെ പിന്തുടർന്നു യുദ്ധം ചെയ്ത ഏകലവ്യൻ, കൃഷ്ണന്റെ അമ്പേറ്റു മരിക്കുന്നു. മരണസമയത്ത് കൃഷ്ണൻ അദ്ദേഹത്തെ ഇങ്ങനെ അനുഗ്രഹിച്ചു. "ശ്രേഷ്ഠമായ പാഞ്ചാലത്തിൽ ഉടനെത്തന്നെ നീ അഗ്നിയിൽ നിന്നും ജനിക്കുന്നതാണ്. ഇതേ ബാഹുവീര്യവും പ്രായവും സുന്ദരമായ ശരീരവും നിനക്കുണ്ടാകും. ആ ജന്മത്തിൽ പാണ്ഡവരുടെയും എന്റെയും ഉറ്റ ബന്ധുവാകുന്ന നീ, നിന്നെ ചതിച്ച ദ്രോണരെ ചതിയാൽ വധിക്കും. യുദ്ധാനന്തരം നിനക്കു സ്വർഗ്ഗവും ലഭിക്കും" ഇതനുസരിച്ചാണ് ധൃഷ്ടദ്യുമ്നന്റെ ജനനം. തന്റെ പൂർവ്വജന്മം ഓർമ്മയുണ്ടായിരുന്ന ധൃഷ്ടദ്യുമ്നൻ, ദ്രോണരോട് തീരാത്ത പകയുള്ളവനായി മാറി.

ദ്രോണർ ഈ വിവരമെല്ലാം അറിഞ്ഞു. പൂർവ്വജന്മത്തിൽ താൻ അവനെ നിഷേധിക്കുകയും, അവന്റെ വിദ്യയെ കവർന്നെടുക്കുകയും ചെയ്ത പാപത്തിന്റെ പരിഹാരമായി ഈ ജന്മത്തിൽ അവനെ ആയുധവിദ്യ അഭ്യസിപ്പിക്കുമെന്നു ദ്രോണര് തീരുമാനിച്ചു. അങ്ങനെ, ദ്രോണർ അവനെ വിളിച്ചു വരുത്തി ശിഷ്യത്വം കൊടുക്കുകയായിരുന്നു .എന്നിരിക്കിലും, പൂർവ്വജന്മ പക ധൃഷ്ടദ്യുമ്നനിൽ കിടന്നിരുന്നു. അതനുസരിച്ചാണ് ദ്രോണരെ ധൃഷ്ടദ്യുമ്നൻ യുദ്ധത്തിൽ വച്ചു വധിക്കുന്നത് .

ദ്രോണവധം

കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹൻ നിലംപതിച്ചപ്പോൾ ദ്രോണർ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു. ധൃഷ്ടദ്യുമ്നൻ ദ്രോണരെ വധിച്ചുവെന്നത് നേരാണെങ്കിലും, പേരിനൊരു ശിരച്ഛേദം മാത്രമേ അദ്ദേഹം നടത്തിയുള്ളൂ. ദ്രോണാചാര്യരെ ധർമ്മപുത്രരുൾപ്പെടെ പലരും ചേർന്ന് അശ്വത്ഥാമാവ് മരിച്ചെന്നു കപടം പറഞ്ഞു മനസ്സ് മടുപ്പിച്ചു വില്ലും അമ്പും അദ്ദേഹത്തെക്കൊണ്ട് താഴെ വയ്പിച്ച തക്കത്തിനാണ് ധൃഷ്ടദ്യുമ്നൻ ദ്രോണരുടെ ശിരസ്സ്‌ മുറിച്ചത്. വില്ലും അമ്പും ധരിച്ചു നില്ക്കെ, ദ്രോണരെ വധിക്കുവാൻ ആരാലും സാധിക്കുകയില്ലായിരുന്നു .

മരണം

കുരുക്ഷേത്രയുദ്ധത്തിലെ പതിനെട്ടാം നാൾ രാത്രിയിൽ ദ്രോണപുത്രനായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ വധിച്ചു.

അവലംബം

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.