ബിരിയാണി

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്.

ബിരിയാണി
ബിരിയാണി- കേരളീയ രീതിയിൽ
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: അരി, മട്ടൺ/ചിക്കൻ, സുഗന്ധവ്യഞ്ജനങ്ങൾ

സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ എന്നിവയാണ് ബിരിയാണിയിൽ പൊതുവേ ചേർക്കപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ. നെയ്യ്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, തൈര് എന്നിവയും പ്രധാന ചേരുവകളാണ്. അപൂർവമായി കുങ്കുമവും ചേർക്കപ്പെടുന്നുണ്ട്. സസ്യേതര ബിരിയാണിയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം കോഴി, ആട്, മാട് എന്നിവയിൽ ഏതെങ്കിലുമൊന്നിന്റെ മാംസമാണ് ചേർക്കുന്നത്. പൂർണ്ണസസ്യ ബിരിയാണികളും ജനകീയമാണ്. ബിരിയാണി തയ്യാറാക്കാനുള്ള കൂട്ടുകൾ ഇപ്പോൾ കമ്പോളത്തിൽ ലഭ്യമായതിനാൽ ഇത് ഒരു ഞൊടിയിട വിഭവമായിട്ടുണ്ട്.

ഏഷ്യൻ രാജ്യങ്ങളിലും ഏഷ്യക്കാർ കുടിയേറിപ്പാർത്തിരിക്കുന്ന പ്രദേശങ്ങളിലും ഏറെ പ്രചാരമുള്ള ആഹാരമാണ് ബിരിയാണി.

പേരിനു പിന്നിൽ

വറുത്തത്, പൊരിച്ചത് എന്നൊക്കെ അർത്ഥമുള്ള “ബെറ്യാൻ” (بریان) എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് “ബിരിയാണി” എന്ന പേരു ലഭിച്ചത്. ബിരിയാനി എന്നും പറയും

ചരിത്രം

കേരളത്തിൽ പ്രാചീന കാലം മുതൽക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാൽ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതൽക്കേ നിലവിൽ ഉണ്ടായിരുന്നു.

വിവിധയിനം ബിരിയാണികൾ

  • ഹൈദരാബാദി ബിരിയാണി
  • തലശ്ശേരി ബിരിയാണി
  • കോഴിക്കോട് ബിരിയാണി
  • മലപ്പുറം ബിരിയാണി

ചിത്രശാല

അവലംബം

    പുറം കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.