കഞ്ഞി

കേരളത്തിലെ ഒരു ഭക്ഷണ പദാർത്ഥമാണ് കഞ്ഞി. അരി വെന്ത വെള്ളത്തോട് കൂടി കഴിക്കുന്ന ഭക്ഷണമാണ് കഞ്ഞി. ഗ്രാമപ്രദേശങ്ങളിലെല്ലാം ഇന്നും ഒരു നേരമെങ്കിലും കഞ്ഞികുടിക്കൽ പലരുടെയും ശീലമാണ്. ഭക്ഷണ ദൗർലഭ്യം നേരിട്ടിരുന്ന കാലത്ത് കഞ്ഞി ആയിരുന്നു ദരിദ്രരുടെ മുഖ്യാഹാരം. മലയാളിയുടെ ആഢ്യമനോഭാവമാവാം ആ വാക്ക് പോലും മലയാളമനസ്സിൽ പഴഞ്ചൻ രീതികളുടെ മറുവാക്കായി മാറിയത്. അരി വേവിച്ചതിന് ശേഷം പൊതുവെ കളയാറുള്ള കഞ്ഞിവെള്ളം നല്ലൊരു പാനീയം കൂടിയാണ്. പനിയും മറ്റും ഉണ്ടാവുമ്പോൾ പൊതുവെ നിർദ്ദേശിക്കാറുള്ള ഭക്ഷണ പദാർത്ഥവും കഞ്ഞിയാണ്. വിശപ്പിനും ക്ഷീണത്തിനും ഉത്തമമായ കഞ്ഞി പലവിധ മരുന്നുകൂട്ടുകൾ ചേർത്ത് ഔഷധക്കഞ്ഞിയായും ഉപയോഗിക്കുന്നു.

കഞ്ഞി

വിവിധതരം കഞ്ഞികൾ

ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി തുടങ്ങി പലരീതികളിലുള്ള കഞ്ഞി വെക്കാറുണ്ട്. ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണു മരുന്നുകഞ്ഞിക്കു പിന്നിൽ പ്രവർത്തിക്കുന്നത്. ഇവിടെ കഞ്ഞി തന്നെ കഷായമായി മാറുന്നു. തഴുതാമ, ഞെരിഞ്ഞിൽ കഷായത്തിലും കഞ്ഞിവയ്ക്കുന്നുണ്ട്. ഒാരോ പ്രദേശത്തിന്റെയും പ്രാദേശിക ഭേദം അനുസരിച്ചു മരുന്നുകഞ്ഞിയിൽ ചേർക്കുന്ന വിഭവങ്ങളിലും വ്യത്യാസമുണ്ട്.

ഉലുവാക്കഞ്ഞി

വാതരോഗങ്ങൾക്കും പിത്താശയ രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കും ആയുർവേദം വിധിക്കുന്ന ഔഷധമാണ് ഉലുവാക്കഞ്ഞി. കുതിർത്ത ഉലുവ പകുതി അരച്ചതും ജീരകം, ചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളി, അയമോദകം, കുരുമുളക് എന്നിവ നാളികേരം കൂടി അരച്ചെടുത്തതും പൊടിയരിയും ആണിതിലേക്ക് വേണ്ടത്. നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചതച്ചെടുത്ത മിശ്രിതത്തിന്റെ നാലിരട്ടി പൊടിയരിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ചു മിശ്രിതങ്ങളിടുക. അതിനുശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേകിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.

ഔഷധക്കഞ്ഞി

ചെറുപനച്ചി(അരച്ചത്), കുടങ്ങൽ(ചതച്ചത്), തൊട്ടാവാടി(അരച്ചത്), ചങ്ങലംപരണ്ട, നെയ്വള്ളി(ഒരുമിച്ചു കിഴികെട്ടിയിടാം) എന്നിവ ഉണക്കലരിയുമായി ചേർത്താണിതുണ്ടാക്കുന്നത്. ചെറുപനച്ചി, കുടങ്ങൽ, തൊട്ടാവാടി, ചങ്ങലംപരണ്ട എന്നിവ വെള്ളത്തിലിട്ടു തിളപ്പിക്കുക. വെള്ളം പകുതിയാക്കി വറ്റിച്ച് ഉണക്കലരിയിട്ടു വേവിച്ചെടുക്കുക. രാവിലെയാണ് ഔഷധക്കഞ്ഞി കുടിക്കാൻ പറ്റിയത്. ഉപ്പും നെയ്യും ഔഷധക്കഞ്ഞിയിലും ഉപയോഗിക്കാവുന്നതാണ്.

പൂക്കഞ്ഞി

തഴുതാമ, പൂവാംകുരുന്നില, മുക്കൂറ്റി, ചെറുകുറുന്തോട്ടി, തൊട്ടാവാടി, ചെറൂള, നിലപ്പന, നിലപ്പുള്ളടി, നിലംപാല, ചെറുകടലാടി, കൃഷ്ണക്രാന്തി, മുയൽച്ചെവിയൻ തുടങ്ങിയ 42 തരം ചെടികളിൽനിന്ന് ഏതെങ്കിലും 12 എണ്ണത്തിന്റെ ചതച്ചെടുത്ത നീര് എന്നിവയടങ്ങുന്നതാണ് ഒന്നാം ചേരുവ.

രണ്ടാം ചേരുവയിൽ ആശാളി, ഉലുവ, ജീരകം, ഉണക്കലരി, തേങ്ങാപ്പാൽ. കൂട്ടത്തിൽ കലിശത്തോല്, കുടമ്പുളി തോല്, പൂവരശു തോൽ, തെങ്ങിന്റെ ഇളംവേര്, മാവിന്റെ തോല് എന്നീ അഞ്ചിനം മരങ്ങളുടെ തോലുകൾ ഉണ്ടായിരിക്കും. അമുക്കരം, ദേവതാരം, മുത്തങ്ങ, ഞെരിഞ്ഞിൽ, ചുക്ക്, തിപ്പലി, പാൽമുദുക്ക് എന്നീ ഉണക്കമരുന്നുകൾ പൊടിച്ചത് എന്നിവ ചേർത്ത് മൂന്നാം ചേരുവയുമുണ്ടാക്കുന്നു.

തേങ്ങ ചിരകിയതിന്റെ ഇടപ്പാലും (രണ്ടാമത്തെ പാൽ) (ഒന്നാമത്തെ പാൽ മാറ്റിവയ്ക്കുക) ഒന്നാം ചേരുവയായ 12 ഇനം പച്ചമരുന്നുകളുടെ നീരും രണ്ടാം ചേരുവയായ ആശാളി(ഒരു ടീസ്പൂൺ), ജീരകം(ഒരു ടീസ്പൂൺ), ഉലുവ(മൂന്നു ടീസ്പൂൺ) എന്നിവയും അഞ്ചിനം മരത്തോലുകളും മൂന്നാം ചേരുവയായ ഉണക്കമരുന്നുപൊടിയും ഒന്നിച്ചു കലർത്തി വേവിക്കുക. ഇതു നന്നായി തിളയ്ക്കുമ്പോൾ ഉണക്കലരി ഇടുക. അരി വെന്തുകഴിഞ്ഞു വാങ്ങിവയ്ക്കുന്നതിനു മുമ്പ് രണ്ടാം ചേരുവയിലുള്ള കാട്ടുവട്ടിന്റെ പരിപ്പ് നല്ലതുപോലെ അരച്ചു മാറ്റിവച്ചിരിക്കുന്ന ഒന്നാം തേങ്ങാപ്പാലിൽ ചേർത്തു കഞ്ഞിയിൽ ഒഴിക്കുക. നന്നായിട്ട് ഇളക്കി തിളച്ചുവരുമ്പോൾ വാങ്ങിവച്ചു ചൂടോടെ ഉപയോഗിക്കാം. (കാട്ടുവട്ട് പൊട്ടിച്ച് അതിന്റെ പരിപ്പ് ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ ഇട്ടുവയ്ക്കണം. അല്ലെങ്കിൽ ഈ പരിപ്പ് അര ലിറ്റർ വെള്ളത്തിൽ വേവിച്ചെടുക്കണം. അതിനുശേഷം വെള്ളം വാർത്തുകളയണം. കാട്ടുവട്ട് വന്ധ്യതയ്ക്കു കാരണമായി പറയുന്നുണ്ട് ).

കർക്കടകക്കഞ്ഞി

കൊത്തമ്പാലരി, ചെറുപുന്നയരി, കുടകപ്പാലയരി, വിഴാലരി, കാർക്കോകിലരി, ഏലത്തരി, ജീരകം, ഉലുവ, ആശാളി, ചുക്ക്, കൊടുവേലി, തിപ്പലി, ചെറൂള, ദേവതാരം തുടങ്ങിയവ കഷായംവച്ച് ഇതിൽ നവരയരി വേവിച്ചു തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന കഞ്ഞി കർക്കടകത്തിൽ ഉപയോഗിക്കാം. കക്കുംകായ, ബ്രഹ്മി, കുടങ്ങൽ തുടങ്ങിയ മരുന്നുകളും ഇതിൽ ചേർക്കാം. പഥ്യത്തോടെ ഏഴു ദിവസം അത്താഴത്തിന് ഔഷധക്കഞ്ഞി കുടിക്കണം. ഉപ്പിനു പകരം ഇന്തുപ്പാണു കഞ്ഞിയിൽ ചേർക്കേണ്ടത്.

കഷായക്കഞ്ഞി

കീഴാർനെല്ലി, നിലപ്പന, തഴുതാമ, കറുക, തിരുതാളി, തൊട്ടാവാടി തുടങ്ങിയവയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ പൊടിയരിയിട്ടും കഞ്ഞിയുണ്ടാക്കാം. തഴുതാമ/ ഞെരിഞ്ഞിൽ കഷായത്തിൽ കഞ്ഞി തയ്യാറാക്കാം.

മറ്റുപയോഗങ്ങൾ

പിശുക്കൻ അഥവാ ചീപ്സ്കേറ്റ് എന്ന അർത്ഥത്തിലും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.

ഇതുംകാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.