ആട്
ബൊവിഡേ എന്ന കുടുംബത്തിലെ ഒരു അംഗമാണ് ആട് (Capra aegagrus). ചെമ്മരിയാടുമായി അടുത്ത ബന്ധമുണ്ട്. 300 -ലേറെ ഇനം ആടുകൾ ഉണ്ട്. ഏറ്റവും ആദ്യമായിത്തന്നെ മനുഷ്യർ മെരുക്കിയെട്യുത്ത ജീവികളിലൊന്നാണ് ആട്. മനുഷ്യർ മാംസത്തിനും, പാലിനും, തോലിനും, രോമത്തിനുമായി ഇതിനെ ലോകത്തെല്ലായിടത്തും വളർത്താറുണ്ട്. 2011 -ലെ കണക്കുപ്രകാരം ലോകത്താകമാനം 92 കോടിയിലേറെ ആടുകൾ ഉണ്ട്.
ആട് | |
---|---|
പരിപാലന സ്ഥിതി | |
വളർത്തുമൃഗം | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Caprinae |
Genus: | Capra |
Species: | C. aegagrus |
Subspecies: | C. a. hircus |
Trinomial name | |
Capra aegagrus hircus (Linnaeus, 1758) | |
Synonyms | |
|
രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.
ജീവിത രീതി
ആടുകൾ പൊതുവെ പച്ചില ഭക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന മൃഗമാണ്. നനവുള്ള പ്രതലത്തിൽ നിന്നും മാറി നിലത്തുനിന്നും ഉയർന്ന തടിത്തട്ടുകളിലോ കൂടുകളിലോ ആണ് ആടിനെ പാർപ്പിക്കുന്നത്. അറബി നാടുകളിലെ മരുഭൂമികളിൽ മണലിൽ ചുറ്റു വേലി കെട്ടി ആടുകളെ സംരക്ഷിക്കുന്നു.
ആടുകൾ പൊതുവെ ശാന്തശീലരാണ്. നാടൻ ആടുകളുടെ ഒരു പ്രസവത്തിൽ ഒന്നു മുതൽ ആറ് വരെ കുട്ടികൾ ഉണ്ടാവാനിടയുണ്ട്. എന്നാൽ വംശനാശഭീക്ഷണി നേരിടുന്ന വരയാടുകൾക്ക് ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമെ ഉണ്ടാവുകയുള്ളൂ. തന്മൂലം ഇവയുടെ വംശവർദ്ധനവ് വളരെ സാവധാനത്തിലാണ് നടക്കുന്നത്.
ഗർഭകാല പരിചരണം, പ്രസവം
ആടിന്റെ ഗർഭകാലം ശ.ശ. 150 ദിവസമാണ്. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന് ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്. എങ്കിലും വർഷത്തിൽ ഒരു പ്രാവശ്യം ഇണചേർക്കുകയാണ് നമ്മുടെ നാട്ടിലെ സാഹചര്യങ്ങൾക്ക് അനുയോജ്യം. ജനു., ഫെ., മാ. മാസങ്ങളിൽ ആടുകൾ പ്രസവിക്കുകയാവും ഉത്തമം. പ്രസവകാലം നിശ്ചയിച്ച് അതിനനുസരണമായ സമയത്ത് ഇണചേർക്കണം. ആട്ടിൻകുട്ടികൾക്ക് കൂടുതൽ ഭാരം ഉണ്ടാകുവാനുള്ള സാധ്യത, പച്ചിലകളുടെ ലഭ്യത എന്നിവയാണ് ഈ മാസങ്ങൾ നിർണയിക്കുന്നതിൽ പരിഗണിക്കപ്പെടുന്നത്. പെണ്ണാടുകൾക്ക് 'മദി' (heat) ഉള്ള കാലത്താണ് ഇണചേർക്കേണ്ടത്. മൂന്നാഴ്ചയിലൊരിക്കൽ മദി ഉണ്ടാവുകയും അത് ഒന്നുരണ്ടു ദിവസത്തേക്കു നീണ്ടുനില്ക്കുകയും ചെയ്യും.
കൂടുതൽ ഉത്പാദനക്ഷമതയുള്ള മുട്ടനാടുകളെ (കൊറ്റനാടുകൾ) വംശോത്പാദനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ നല്ല വർഗം ആടുകളെ ഉത്പാദിപ്പിക്കാൻ കഴിയുന്നു. എപ്പോഴും മുട്ടനാടുകളെ പെണ്ണാടുകളോടൊപ്പം വിടുന്ന സമ്പ്രദായം നന്നല്ല. പശുക്കളിലെന്നപോലെ ആടുകളിലും കൃത്രിമബീജദാനം നടത്താം. മേൽത്തരം മുട്ടനാടിൽ നിന്നു ശേഖരിക്കുന്ന ബീജം ഗുളിക രൂപത്തിലാക്കിയും സ്ട്രോയിലെടുത്തും ദ്രവനൈട്രജനിൽ സൂക്ഷിക്കുന്നു. സ്പെക്കുലം എന്ന ഉപകരണം ഉപയോഗിച്ചാണ് കൃത്രിമ ബീജദാനം നടത്തുന്നത്.
പ്രസവത്തിന് രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻകാലും തലയുമാണ് വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്[1].
ആട്ടിൻകുട്ടികളെ ആറാഴ്ചവരെ പാൽ കുടിപ്പിച്ചാൽ മതിയാവുന്നതാണ്. അതിനുശേഷം അവയെ ഖരാഹാരം കൊടുത്തു വളർത്താം. ആദ്യം 85 ഗ്രാമിൽനിന്നാരംഭിച്ച് പ്രായപൂർത്തിയാവുമ്പോൾ 450 ഗ്രാമോളം ആഹാരം നല്കും.
വിവിധ ഇനങ്ങൾ
പ്രമുഖ ആടുവളർത്തൽ രാജ്യങ്ങൾ ആസ്റ്റ്രേലിയയും ന്യൂസിലൻഡുമാണ്. ജമുനാപാരി, ബീറ്റൽ, മർവാറി, ബാർബാറി, സുർത്തി, കണ്ണെയാട്, ബംഗാൾ ഓസ്മനാബാദി, മലബാറി എന്നിവയാണ് ഇന്ത്യയിൽ വളർത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവർഗങ്ങൾ. ഇവയിൽ 'മലബാറി' എന്ന വർഗത്തിൽപെട്ട ആടുകളാണ് കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്. ഇവയെ 'തലശ്ശേരി ആടു'കൾ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകൾ ശുദ്ധജനുസ്സിൽപ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടൻ ആടുകളും തമ്മിൽ നടന്ന വർഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗമാണ് ഇവയെന്നു കരുതപ്പെടുന്നു.
കണ്ണെയാടുകൾ സാധാരണ തമിഴ്നാട്-കേരള അതിർത്തിയിൽ കണ്ടുവരുന്ന ചെറിയ ഇനമാണ്. പ്രതികൂല കാലാവസ്ഥയിൽ വളരാനുള്ള കഴിവ്, ഉയർന്ന രോഗപ്രതിരോധശേഷി എന്നിവ ഇവയുടെ പ്രത്യേകതയാണ്. കറുപ്പുനിറമുള്ള കണ്ണെയാടുകളുടെ ചെവി നീളമില്ലാത്തതും തൂങ്ങിക്കിടക്കുന്നതുമാണ്.
അങ്കോറ, കാശ്മീരി എന്നീ വർഗം ആടുകളിൽനിന്നു കമ്പിളിരോമം ശേഖരിച്ചുവരുന്നതിനാൽ കാശ്മീരിലും മറ്റും കമ്പിളി വ്യവസായം പ്രാധാന്യം അർഹിക്കുന്നുണ്ട്. കാശ്മീരിലെ പർവതപ്രാന്തങ്ങളിൽ കണ്ടുവരുന്ന കാശ്മീരി ആടുകൾ അവയുടെ കമ്പിളിരോമത്തിനു പ്രസിദ്ധിയാർജിച്ചവയാണ്. അവയിൽനിന്നും ലഭിക്കുന്ന മൃദുവും നേർത്തതുമായ കമ്പിളിരോമം 'പഷ്മിന' എന്നപേരിൽ അറിയപ്പെടുന്നു. ഇന്ത്യൻ ഇനങ്ങളെക്കൂടാതെ ആംഗ്ലോനെബിയൻ, ടോഗൻബർഗ്, സാനൻ, അംങ്കോര തുടങ്ങിയ വിദേശ ഇനങ്ങളെയും പാലിനും മാംസത്തിനും വേണ്ടി വളർത്തിവരുന്നുണ്ട്. ഒരു നല്ല കറവയാടിന് അതുൾപ്പെടുന്ന ജീനസ്സിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജീനസ്സിന്റെ ലക്ഷണങ്ങൾക്കനുഗുണമായ വലിപ്പവും ശരീരദൈർഘ്യവും വലിയ അകിടും ഉത്തമലക്ഷണങ്ങളാണ്. നല്ല കറവയാടിന്റെ അകിടിനെ ആവരണം ചെയ്യുന്ന ചർമം മൃദുവായിരിക്കും. സ്പർശനത്തിൽ അകിടിനാകെ മൃദുത്വം അനുഭവപ്പെടും. അകിടിലെ സിരകൾ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്ക്കുമുൻപ് തടിച്ചുവീർത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്ക്കു ശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം. മുട്ടാടിനെ സംബന്ധിച്ചും ജീനസ്സിന്റെ ലക്ഷണങ്ങൾ പ്രാധാന്യമർഹിക്കുന്നു. നല്ല ഓജസ്സും പ്രസരിപ്പും ഉണ്ടാവണം. നീണ്ടു പുഷ്ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകൾ എന്നിവ നല്ല ലക്ഷണങ്ങളാണ്. ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നത് സ്വിറ്റ്സർലൻഡ് സ്വദേശിയായ സാനൻ ഇനത്തിൽ നിന്നാണ്.
കേരളത്തിലെ കാലാവസ്ഥയിൽ നാടൻ ആടുകളും വിവിധ ഇനം മറുനാടൻ ആടുകളും അധിവസിക്കുന്നു.
ചെമ്മരിയാട്
ചെമ്മരിയാടുകൾ ഓവിസ് എന്ന ജീനസ്സിലും കോലാടുകൾ കാപ്ര എന്ന ജീനസ്സിലും ഉൾപ്പെടുന്നു. ഈ രണ്ടു ജീനസ്സുകളിലും ഒട്ടേറെ സ്പീഷീസുണ്ട്. താരതമ്യേന കൂടുതൽ ശക്തമായ ശരീരഘടനയും ആണാടുകളിൽ താടിരോമത്തിന്റെ അഭാവവുമാണ് ചെമ്മരിയാടിന്റെ സവിശേഷതകൾ. ഇന്ത്യൻ ചെമ്മരിയാടുകൾ ഓവിസ് ബറെൽ, ഓവിസ് ബ്ലാൻഫോർഡി എന്നീ ഇനങ്ങളാണ്. സാങ്കേതികമായി ഓവിസ് പോളി (Ovis polii) എന്നറിയപ്പെടുന്ന പാമീർ ചെമ്മരിയാടുകളെയാണ് ഏറ്റവും നല്ല സ്പീഷീസ് ആയി കരുതിപ്പോരുന്നത്.
കേരളത്തിലേ നാടൻ ഇനങ്ങൾ
മലബാറി
കേരളത്തിൽ മലപ്പൂറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാണുന്ന നാടൻ ഇനമാൺ മലബാറി. അറബ് ആടുകളും കേരളത്തിലെ ആടുകളും ചേർന്ന രൂപപ്പെട്ട തനത് ജനുസ്സാണിത്
അട്ടപ്പാടി കറുത്താട്
അട്ടപ്പാടി ഭാഗത്തെ ആദിവാസികളുറ്റെ കൈവശമുള്ള തനത് ജനുസ്സ്. മിക്കവാറും കറുത്തനിറം.
ജംനാപാരി
ഈ ഇനത്തിനെ ഇന്ത്യയുടെ അന്തസ്സ് എന്നാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശാണ് ജംനാപാരിയുടെ ജന്മസ്ഥലം. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽവച്ച് ഏറ്റവും വലിപ്പം വയ്ക്കുന്ന ആട് ഇനമാണ് ഇത്.
- സവിശേഷതകൾ
പൊതുവേ വെള്ളനിറത്തിലാണ് ഇത്തരം ആടുകളെ കാണപ്പെടുന്നത്. മുന്നോട്ട് തുറന്ന നീളമുള്ള ചെവി, കഴുത്ത് , റോമൻ മൂക്ക്, തുടയുടെ ഭാഗത്തെ നീളം കൂടിയ രോമം എന്നിവ ഇത്തരം ആടിന്റെ പ്രത്യേകതകളാണ്. കൂടാതെ ഇത്തരം ആടുകളുടെ കീഴ്താടിക്ക് മേൽതാടിയെക്കാൾ നീളം കൂടുതൽ ഉണ്ടാകും. ഒന്നരവയസ്സായാൽ ആദ്യത്തെ പ്രസവം. 85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിയേ കാണൂ എങ്കിലും വളരെ അപൂർവ്വമായി മാത്രം രണ്ട് കുട്ടികൾ വരെ കാണും. ആറ് മാസമാണ് കറവക്കാലം. പെണ്ണാടിന് 60 കിലോ മുതൽ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് 2 ലിറ്റർ മുതൽ 3 ലിറ്റർ വരെയാണെങ്കിലും 4 ലിറ്റർ വരെ പാൽ ലഭിക്കുന്ന ആടുകളും ഉണ്ട്. പ്രായപൂർത്തിയായ മുട്ടനാടിന് 80കിലോ മുതൽ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തിൽ കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വളരെയധികം ജംനാപാരി ആടുകളെ വളർത്തുന്നുണ്ട്.
ബാർബാറി
വെള്ള നിറത്തിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ ഈ ആടിന്റെ പ്രത്യേകതകളാണ്. ചെറിയ മുഖവും മൂക്കിന്റെ അഗ്രം കൂർത്തതുമാണ്. ചെവികൾ നീളം കുറഞ്ഞതും ഇരുവശത്തേക്കും തള്ളി നിൽക്കുന്നവയുമാണ്. കാലുകൾക്ക് നീളം കുറവായതിനാൽ ഉയരം കുറവാണ്.
സിരോഹി
രാജസ്ഥാന്റെ കരുത്തനായ ആട് എന്നാണ് ഈ ഇനങ്ങൾ അറിയപ്പെടുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ഈ ആടിന്റെ ജന്മസ്ഥലം എങ്കിലും ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലും ഇതിനെ കാണാൻ കഴിയും.
- സവിശേഷതകൾ
ശരാശരി വലിപ്പം ഉള്ള ഇനമാണ് ഇത്. പ്രായപൂർത്തിയായ മുട്ടനാടിന് ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന് 25 കിലോ തൂക്കവുമുണ്ടാകും. തവിട്ട് നിറമാണ് സാധാരണ ഇത്തരം ആടുകൾക്കുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികൾ ആയിരിക്കും കാണുന്നത്. മിക്കവാറും ആടുകൾക്കും കഴുത്തിൽ "കിങ്ങിണി" ഉണ്ടായിരിക്കും. 18 സെന്റീ മീറ്റർ വരെ നീളമുള്ള ചെവികൾ പരന്നതും തൂങ്ങിനിൽക്കുന്നവയുമാണ്. ചെറിയതും വളഞ്ഞതുമായ കൊമ്പ് ആണ് ഇത്തരം ആടുകൾക്കുള്ളത്. വാൽ ചെറുതും മുകളിലേക്ക് വളഞ്ഞതുമാണ്. 90% പ്രസവത്തിലും ഒരു കുട്ടിയായിരിക്കും ഉണ്ടാകുക. 9% പ്രസവങ്ങളിൽ 2 കുട്ടികളും ഉണ്ടാകാറുണ്ട്. കറവ ശരാശരി ആറുമാസമാണ്. ദിവസവും ഏകദേശം ഒന്നര ലിറ്റർ വരെ പാൽ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ് ഈ ജനുസ്സിൽ പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.
ബീറ്റൽ
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഈ ഇനം ആടുകൾ ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനമെന്നു പറയപ്പെടുന്നു.
- സവിശേഷതകൾ
ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പല കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയ വാൽ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്. പ്രായപൂർത്തിയായ മുട്ടനാടിന് 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന് 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തിൽപ്പെട്ട ആടിൽ നിന്നും പ്രതിദിനം രണ്ടര ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. 41% പ്രസവത്തിൽ ഇരട്ടക്കുട്ടികളും, 52% മൂന്ന് കുട്ടികളും 7% നാലുകുട്ടികളും ഒരു പ്രസവത്തിൽ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തിൽ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തിൽ ബീറ്റിൽ ആടുകളെ കാണാൻ കഴിയും.
ജർക്കാന
ബീറ്റിൽ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ ജഴ്സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ "അൽവാർ" ജില്ലയിലാണ് കണ്ടുവരുന്നത്.
- സവിശേഷതകൾ
നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ ഝമുലക്കാമ്പുകൾ]] കൂർത്ത ആകൃതിയുള്ളതാണ്. ദിനംപ്രതി നാല് ലിറ്റർ വരെ പാൽ നൽകുന്ന ആടുകൾ ഉണ്ടെങ്കിലും ശരാശരി പാലുല്പാദനം രണ്ടര ലിറ്ററാണ്. കറുത്ത നിറത്തിൽ മുഖത്തും താടിയിലും വെള്ളപ്പൊട്ടുകൾ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
മാർവാറി
രാജസ്ഥാനിലെ "മാർവാർ" ജില്ലയാണ് സ്വദേശം.
- സവിശേഷതകൾ
തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയിൽ എല്ലാറ്റിനും താടിരോമങ്ങൾ ഉണ്ട്. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്. മുട്ടനാടിന് ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന് 25 കിലോഗ്രാം തൂക്കവും ഉണ്ടാകും. ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ് ശരാശരി ലഭിക്കുന്നത്. പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക.
രോഗങ്ങൾ
പൊതുവേ രോഗങ്ങൾ കുറഞ്ഞ മൃഗമാണ് ആട്. അടപ്പൻ, കരിങ്കാല്, കുളമ്പുദീനം, അകിടുവീക്കം (നോ: അകിടുവീക്കം) ആടുവസൂരി തുടങ്ങിയ പകർച്ചവ്യാധികൾ ആടുകളെ ബാധിക്കാറുണ്ട്. പകരുന്ന പ്യൂറോന്യുമോണിയ ആടുകളെ സംബന്ധിച്ച് ഗുരുതരമായ മറ്റൊരു രോഗമാണ്. പരജീവികളും ധാരാളമായി ആടുകളെ ബാധിക്കാറുണ്ട്. നാടവിര, ലിവർഫ്ലൂക്ക് തുടങ്ങിയവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. പലതരം പ്രോട്ടോസോവകളും കോക്സീഡിയകളും ആർത്രോപ്പോഡുകളും ആടുകളിൽ പരജീവികളായി കഴിയുന്നുണ്ട്. വിതരണം (Distribution). മേച്ചിൽസ്ഥലങ്ങളും കാലാവസ്ഥയും ആടുവളർത്തലിനെ നിയന്ത്രിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. കൊടിയ തണുപ്പോ വലിയ ചൂടോ താങ്ങാൻ ഇവയ്ക്കു കഴിവു കുറവാണ്.
1950-കളുടെ മധ്യത്തിൽ ആസ്റ്റ്രേലിയയിലെ ആടുകളുടെ ആകെ സംഖ്യയിൽ പത്തു ശതമാനത്തോളം ആസ്റ്റ്രേലിയയുടെ വടക്കൻ ഭാഗങ്ങളിൽ ആയിരുന്നതായി കണക്കുകൾ വെളിവാക്കുന്നു. ഇതിൽ മുക്കാൽപങ്കും മെറിനോ ഇനമായിരുന്നു. ചൂടുകൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന അപൂർവമായ വന്ധ്യതയൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഇവയെ സംബന്ധിച്ചില്ലായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു മുൻപുണ്ടായിരുന്നതിന്റെ 22 ശതമാനത്തോളം ആടുകൾ ഈ കാലത്ത് വർധിക്കുകയുണ്ടായി. റഷ്യയിലും ആസ്റ്റ്രേലിയയിലും ആയിരുന്നു കൂടുതൽ വർധനവുണ്ടായത്. വ. അമേരിക്കയിലാകട്ടെ 35 ശ.മാ. കുറയുകയായിരുന്നു. ആടുകളെ വളർത്തുന്നതിലുള്ള പ്രയാസമാണ് ഈ കുറവിനു കാരണമെന്നു കരുതപ്പെടുന്നു.
അജോത്പന്നങ്ങൾ. അജോത്പന്നങ്ങളിൽ കമ്പിളിക്കാണ് ഇന്ന് പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടിൽനിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ് പാൽ. ഇവകൂടാതെ ആടുകളിൽനിന്നും കിട്ടുന്ന ഒരു പ്രധാനോത്പന്നമാണ് തുകൽ (pelt). രോമം നീക്കംചെയ്തു കഴിഞ്ഞ ഈ തുകൽ ഊറയ്ക്കിട്ടശേഷം അപ്ഹോൾസ്റ്ററി, ബുക്ക് ബൈൻഡിംഗ്, കൈയുറകൾ, ഷൂസിന്റെ മുകൾഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകൽ രോമക്കുപ്പായങ്ങളുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ വസ്തുവാണ്. ആടിന്റെ ഹൃദയം, കരൾ, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യൻ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികൾക്ക് ഔഷധോപയോഗവുമുണ്ട്. ആടിന്റെ ചെറുകുടലിന് അന്താരാഷ്ട്ര 'സോസേജ്' വാണിജ്യത്തിൽത്തന്നെ ഒരു പ്രധാനസ്ഥാനമുളളതായി കാണാം. ശസ്ത്രക്രിയയിൽ തുന്നലുകൾക്കും, തന്തുവാദ്യങ്ങളിലെ തന്തികൾക്കും മറ്റും ആവശ്യമായ 'ക്യാറ്റ്ഗട്ട്' നിർമ്മാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. 'ലനോളിൻ' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ് (wool greaze) ഒരു നല്ല ഉപാഞ്ജനതൈല(lubricant) മാണ്. ഓയിന്റ്മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതിൽ ഈ രോമക്കൊഴുപ്പ് ഒരു പ്രധാന ഘടകമാണ്. ആട്ടിൻകൊഴുപ്പ് ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിൻ കാഷ്ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.
മെറിനോ ഇനത്തിന്റെ കാര്യത്തിൽ കമ്പിളിയിൽനിന്നുള്ള വാർഷികാദായം മാംസത്തിനായി വളർത്തുന്ന ആട്ടിൻകുട്ടികളിൽ നിന്നുള്ളതിനെക്കാൾ കൂടുതലായിരിക്കുകയേയുള്ളു. എന്നാൽ ബ്രിട്ടീഷ് ദ്വീപുകളിൽ ജൻമമെടുത്ത 'ഡൗൺ ബ്രീഡു'കളിൽ മിക്കവയും കമ്പിളിയുത്പാദനത്തെക്കാൾ മാംസോത്പാദനത്തിൽ മുന്നിട്ടുനില്ക്കുന്നു.
ഔഷധഗുണങ്ങൾ
ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളർത്തുമൃഗമാണ്. ആടിന്റെ പാൽ, മൂത്രം എന്നിവ വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിൻകൊമ്പ് ആയുർവേദ ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികൾ, കൈകാൽ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു. ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു[2]. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയിൽ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേർത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കാറുണ്ട്[2].
ഇതും കാണുക
ചിത്രശാല
- ആടിന്റെ തോലുകൊണ്ട് തയ്യാറാക്കുന്ന കുടം(ജലസംഭരണി).
- നാടൻ ആട്
- ചെമ്മരിയാടുകൾ
- ആട്ടിൻ കൂട്ടം കുവൈറ്റിലെ മരുഭൂമിയിൽ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആടുവളർത്തൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
- ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ച തീയതി 03-04-2010
- http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29
- കർഷകശ്രീ മാസിക. ജൂൺ 2008. താൾ 60-61
പുറത്തേക്കുള്ള കണ്ണികൾ
- Goat breeds
- Goat resources
- Goat care and feeding guide
- Abraham Lincoln's sons kept pet goats inside the White House
- The American Dairy Goat Association Home Page
- Ruminations, The Nigerian Dwarf and Mini Dairy Goat Magazine
- American Goat Society
- Miniature Dairy Goat Association
- How to keep fires down in California scrub: Chew it.
- International Goat Association