പാണി

കേരളത്തിലെ വാദ്യോപകരണങ്ങളിൽ അനുഷ്ഠാനബദ്ധമായ വാദ്യമാണ് പാണി അഥവാ മരം. പാണി രണ്ടു തരമുണ്ട്. മരപ്പാണിയും (വലിയത്), തിമിലപ്പാണിയും (ചെറിയത്).

മരപ്പാണി കൊട്ടുന്നു.

രൂപം

ചെണ്ടയും മദ്ദളവും ചേർന്ന രൂപമാണ് ഇതിന്. വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിന്റെ തോൽ കെട്ടിയാണ് ഇതിന്റെ നിർമ്മാണം.

കൊട്ടുന്ന രീതി

ക്ഷേത്രങ്ങളിൽ കലശങ്ങളിൽ (നവീകരണം-പുന പ്രതിഷ്ഠ കലശങ്ങൾ, അഷ്ടബന്ധ കലശം,ദ്രവ്യ കലശം) ബ്രഹ്മ കലശം എഴുന്നള്ളിക്കുന്നതിനു മുൻപും സംഹാരം, തത്ത്വം, സംഹാര തത്ത്വ കലശം(പുനപ്രതിഷ്ടക്ക്) മുതലായ കലശങ്ങൾക്കും, ഉത്സവബലിക്കും(എഴുന്നള്ളിക്കുന്നതിനു മുന്പ്) ആണ് സാധാരണയായി മര പാണി കൊട്ടുന്നത്. സാധാരണ മറ്റു വാദ്യോപകരങ്ങൾ കൊട്ടുന്നതുപോലെയല്ല പാണി കൊട്ടുന്നത്. പാണി കൊട്ടുന്ന മാരാർ കുളി കഴിഞ്ഞു ഭസ്മം പൂശി തറ്റുടുത്ത്‌ ഉത്തരീയം ഇടണം. പാണി കൊട്ടാൻ തുടങ്ങുന്നതിനു മുന്പ് വിളക്കിനു മുന്നിൽ നിറപറ വയ്ക്കുന്നു. അതിനു ശേഷം പാണി യിൽ ചോറിടുന്നു(ഓണക്കലരിയും കരിപൊടിയും ചേർത്ത്) ശുദ്ധമാക്കുന്നു എന്നാണു ഇതിനു പിന്നിലെ സങ്കൽപം. (പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റും.) പിന്നെ തന്ത്രിയുടെ അനുവാദത്തോടു കൂടി ക്ഷേത്രം മേൽശാന്തി നിറപറക്കു മുന്നിലെ വിളക്ക് കൊളുത്തുന്നു. പിന്നെ മാരാർ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു. മൂന്നു ത തോം,നാല് ത തതോം എന്ന രീതിയിലാണ് സാധാരണ കൊട്ടുക. എന്നാൽ ഓരോ സന്ദർഭതിനനുസരിച്ചു കൊട്ടുന്നതിൽ മാറ്റം ഉണ്ടാവാം. ചേങ്ങിലയും ഇലത്താളവും പിന്നെ ശംഖും സന്ദർഭതിനനുസരിച്ചു ഉപയോഗിക്കുന്നു.

ചില പ്രാദേശിക വ്യത്യാസങ്ങൾ പാണിക്കുണ്ട്. ഓരോ പ്രദേശത്തും ഓരോ ബാണി അഥവാ ശൈലിയാണ് ഇത് കൊട്ടുന്നത്, ചടങ്ങിലും വസ്ത്രധാരണത്തിലും വ്യത്യാസമുണ്ട്. മലബാർ പ്രദേശങ്ങളിൽ തറ്റും ഉത്തരീയവും മരക്കാരന് (പാണി കൊട്ടുന്നയാൾ) മാത്രമേ പതിവുള്ളൂ. എന്നാൽ മധ്യതിരുവിതാംകൂറിൽ കൂടെയുള്ളക്കും (ശംഖ് ഊതുന്നയാൾക്കും മറ്റും) ഇത് നിർബന്ധമാണ്. പാണി കൊട്ടലിന്റെ ചടങ്ങുകളും കൂടുതലാണ് മലബാറിൽ. ചില ഇടങ്ങളിൽ ഒരു മരമേ ഉപയോഗിക്കൂ. ചില ഇടങ്ങളിൽ ഒരു മരവും ചേങ്ങിലയും ശംഖും പിന്നെ വലംതലയും ഉപയോഗിക്കുന്നു. മറ്റു ചിലയിടങ്ങളിൽ തിമില കൂടെയുണ്ടാവും.[1]

ഉത്തര മലബാറിൽ പാണി കഴിഞ്ഞതിനു ശേഷം കലശം എഴുന്നള്ളിക്കുന്നു. അഭിഷേകത്തിനു ശേഷം പാണി മടക്കുക എന്നൊരു ചടങ്ങ് കൂടിയുണ്ട്.

വളരെ ശ്രദ്ധയോടും ശുദ്ധിയോടും കൂടെ ചെയ്യേണ്ട കർമം ആണ് പാണി കൊട്ടൽ. "പാണി പിഴച്ചാൽ കാണിക്കു ദോഷം". എന്നൊരു പഴഞ്ചൊല്ലുണ്ട്. അതായത് മരപ്പാണി കൊട്ടുമ്പോൾ പിഴക്കാൻ പാടില്ലെന്നാണ്. പിഴച്ചാൽ മരണം സംഭവിക്കാം എന്ന് വിശ്വാസമുണ്ട്. അതുകൊണ്ടാവാം ക്ഷേത്രവാദ്യങ്ങളിൽ കൊട്ടാൻ ഏറ്റവും പ്രയാസമുള്ളത് പാണികൊട്ടലാണെന്നു ചില മേളക്കാർക്ക് അഭിപ്രായമുള്ളത്.

അവലംബം

  1. "മരപ്പാണി (വലിയ പാണി)". ആസ്വാദനം.കോം. ശേഖരിച്ചത്: 24 മെയ് 2015. Check date values in: |accessdate= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.