മിഴാവ്

കേരളത്തിലെ പുരാതന രംഗ കലകളായ കൂടിയാട്ടം, കൂത്ത് എന്നിവയ്ക്ക് അകമ്പടിയായി വായിക്കുന്ന ഒരു വാദ്യോപകരണമാണ് മിഴാവ്. നമ്പ്യാർ സമുദായാംഗങ്ങളാണ് മിഴാവു വായിക്കുക.

മിഴാവ്.

ഘടന

ചാക്ഷുഷയജ്ഞമെന്ന് പറയാറുള്ള കൂടിയാട്ടത്തിനും കൂത്തിനും ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് മിഴാവ്[1]. പൊക്കം അൽപംകൂടി വണ്ണമൽപം കുറഞ്ഞുള്ള ഒരു വലിയ ചെമ്പുകുടം,വാവട്ടം എട്ടംഗുലത്തോളം വരും, വക്ക് ഉരുണ്ടിരിക്കും-ഇതാണു മിഴാവ്. മിഴാവിന്റെ വായ്,കുതിർത്ത തോൽ പൊതിഞ്ഞു കയറിട്ടു മുറുക്കിക്കെട്ടി പാകത്തിന് ഉണക്കി(വായ് പൊതിഞ്ഞ തോൽ) കൊട്ടാൻ തയ്യാറാക്കുന്നു. രണ്ട് കയ്യിന്റേയും പടം ഉപയോഗിച്ചിട്ടാണ് മിഴാവ് കൊട്ടുന്നത്. വാദകൻ ഈ അഴിക്കൂടിന്റെ മേലെപ്പടിയിലിരുന്നാണു കൊട്ടുക. ഇരിക്കാൻ പാകത്തിനു വീതി കൂട്ടി നല്ല ബലത്തിൽ നിർമ്മിച്ചതായിരിക്കും കൂടിന്റെ മുകളിലത്തെ പടി. കഥകളിയിൽ ആട്ടത്തിനനുസരിച്ച് ഭാവത്മകമായിട്ടാ‍ണല്ലോ ചെണ്ട കൊട്ടുക. കൂടിയാട്ടത്തിൽ ഈ സ്ഥാനം മിഴാവിനാണ്. മിഴാവിൽ തായമ്പകയും കൊട്ടാറുണ്ട്. തിമിലയുടെ ശബ്ദത്തിനോട് ഏതാണ്ട് സാദൃശ്യമുണ്ട് മിഴാവിന്റെ ശബ്ദത്തിന് (രണ്ടും പാണിവാദ്യങ്ങൾ - കൈപ്പടം കൊണ്ട് കൊട്ടുന്നവ).

ചരിത്രം

നമ്പ്യാർ സമുദായത്തിൽ പെട്ടവർ മാത്രമെ അടുത്ത കാ‍ലം വരെ മിഴാവു കൊട്ടിയിരുന്നുള്ളു.[2]

ചാക്യാർ കൂത്തിൽ മിഴാവു വായിക്കുന്ന കലാകാരൻ (കലാമണ്ഡലം അച്ച്യുതാനന്ദൻ)

മിഴാവ് രണ്ടു കൈകൾ കൊണ്ടുമാണ് കൊട്ടുക. സംസ്കൃതത്തിലെ മിഴാവിന്റെ പേര് “പാണിവാദ“ എന്നാണ്. (പാണി എന്നത് കരങ്ങളെയും വാദ എന്നത് വായിക്കുക എന്ന് അർത്ഥം വരുന്ന വാദനം എന്നതിനെയും കാണിക്കുന്നു. കൈകൾ കൊണ്ട് കൊട്ടുന്നത് എന്ന് വിവക്ഷ).

മിഴാവ് ഒരു “ബ്രഹ്മചാരി“യായി കരുതപ്പെടുന്നു. അതുകൊണ്ടുതന്നെ മിഴാവ് പാവനവുമാണ്. അമ്പലങ്ങളിലെ വിശുദ്ധ ആചാര പ്രകാരമുള്ളാ കൂടിയാട്ടം,കൂത്ത് അവതരണങ്ങളിൽ മാത്രമേ മിഴാവു വായിക്കാറുള്ളൂ. കൂത്തമ്പലത്തിന്റെ അകത്താണ് മിഴാവ് സൂക്ഷിച്ചിരിക്കുക. ഇതുവരെയും അമ്പലവാസി നമ്പ്യാർ സമുദായാംഗങ്ങൾ മാത്രമേ ക്ഷേത്രങ്ങളിലും കൂത്തമ്പലങ്ങളിലും മിഴാവ് വായിക്കാറുള്ളൂ.

കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ്-അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്നത്

അവലംബം

  1. http://www.mathrubhumi.com/alappuzha/news/782406-local_news-Alappuzha.html
  2. റെഫർ-കേരള വിജ്ഞാനകോശം(1988)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.