നാഗസ്വരം

ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു സുഷിര വാദ്യോപകരണമാണ് നാഗസ്വരം. നാഗങ്ങൾക്കായുള്ള വാദ്യമായ മകുടിയിൽ നിന്നാണ് ഈ പേരും ഈ വാദ്യവും തന്നെ ഉണ്ടായതെന്ന വാദമുണ്ട്. അതിനെ ഉദാഹരിക്കും മട്ടിൽ ഒരു ശില്പം തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട ജില്ലയിലുള്ള തിരുക്കഴകുണ്റം ക്ഷേത്രത്തിലുണ്ട്. അതിൽ നാഗസ്വരമൂതുന്ന ഒരാളെയും അതിൽ ലയിച്ച് നൃത്തം ചെയ്യുന്ന നാഗങ്ങളെയും കാണാം. പുരാതന ക്ഷേത്രങ്ങളിലെയും മറ്റും ശില്പകലകളിൽ ഇന്ന് നാം കാണുന്ന രൂപത്തിലുള്ള നാഗസ്വരം അല്ല കണ്ടു വരുന്നത്.ഒരു നാഗത്തിന്റെ രൂപമാണ് കാണാൻ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പുരാണ കഥ തമിഴ് ദേശത്തിലെങ്ങും പ്രചാരത്തിലുണ്ട്. ദക്ഷാധ്വര നാശനത്തിനു ശേഷം മഹാദേവന്റെ കോപാഗ്നിയിൽ ലോകം നശിക്കുമെന്ന് ഭയന്ന ദേവൻമാർ കോപം ശമിപ്പിക്കാൻ മഹാവിഷ്ണുവിനോട് മാർഗ്ഗം തേടുകയും മഹാവിഷ്ണുവിന്റെ നിർദ്ദേശ പ്രകാരം നാളിതു വരെ പ്രപഞ്ചത്തിലില്ലാത്ത നാദം മഹാദേവനെ കേൾപ്പിക്കാനും തീരുമാനമെടുത്തു. നാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം അനന്തൻ നാദസ്വരം ആയി . അങ്ങനെ നാഗം സ്വരം കൊടുത്തതിനാൽ നാഗസ്വരം എന്ന പേര് വന്നുവെന്നും അത്രേ..

നാഗസ്വരം

ത്രേതായുഗത്തിൽ അപശബ്ദങ്ങളാൽ പൊറുതിമുട്ടിയ രാവണന് മഹാദേവൻ കനിഞ്ഞനുഗ്രഹിച്ച് നല്കിയ സംഗീതോപകരണം ആണെന്നും ഒരു കഥ ഉണ്ട്.

ഘടന

തടിയിൽ നിർമിച്ച ഒരു സുഷിരവാദ്യമാണിത്. ലോകത്തിലെ തന്നെ ലോഹേതര സുഷിരവാദ്യങ്ങളിൽ മുൻനിരയിലുള്ള വാദ്യമായാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്. നാഗസ്വരം രണ്ടുതരത്തിലുണ്ട് ബാരിയും തിമിരിയും. തിമിരിക്ക് 1മ്മ അടിയാണ് നീളം. ബാരിക്ക് 2-2മ്മ അടി നീളമുണ്ട്. ഇതിനിടയിലുള്ള ഇടബാരി എന്നൊരു വാദ്യത്തെക്കുറിച്ചും ചില പരാമർശങ്ങളുണ്ട്. നാഗസ്വരത്തിൽ ഒരു ലോഹത്തകിടിനുള്ളിലാണ് വായിക്കുന്നതിനുള്ള റീഡ് സ്ഥാപിക്കുക. തടികൊണ്ട് തീർത്ത ഒരു കുഴലാണ് നാഗസ്വരത്തിന്റെ മുഖ്യഭാഗം. അത് ഒരറ്റം വിസ്താരം കുറഞ്ഞ് കൂർത്തിരിക്കും. ഇതാണ് വായിക്കുന്ന ഭാഗം. ഇതിന് ഓരിക അഥവാ ഓരികൈ എന്നാണ് പേര്. ഈ ഭാഗത്ത് ഒരു ലോഹത്തകിടിനുള്ളിൽ ഞാണപ്പുല്ലിന്റെ ഇരട്ട റീഡ് ഘടിപ്പിച്ചിരിക്കും. ഇതിലൂടെ ഊതിയാണ് വാദനം. വായിക്കുന്ന ഭാഗത്തുനിന്ന് കീഴോട്ട് വിസ്താരം കൂടി, മറുവശത്തെ വായ്ഭാഗം ഒരു കോളാമ്പിയുടെ ആകൃതിയിൽ പുറത്തേക്ക് പരന്നിരിക്കും. കുഴലിന് ഏതാണ്ട് 60-78 സെ.മീ. നീളം കാണാം. മുകളറ്റം മേലനച്ചിയെന്നും കീഴറ്റം കീഴനച്ചി (അണശ് ) എന്നും അറിയപ്പെടുന്നു. റീഡ് വയ്ക്കുന്ന ഭാഗം 'കൊണ്ടെ' ആണ്. റീഡ്, നറുക്കെന്നും ജീവാളി എന്നുമാണറിയപ്പെടുന്നത്. കീഴനച്ചി ലോഹമണിയാൽ അലങ്കരിക്കാറുണ്ട്. കുഴലിന്റെ മേലറ്റത്തായി അധിക റീഡുകൾ, ദന്തംകൊണ്ടോ ലോഹംകൊണ്ടോ ഉള്ള സൂചി അഥവാ ഗജ്ജിക എന്നിവയും ഞാത്തിയിടാറുണ്ട്. ഗജ്ജിക റീഡുവയ്ക്കുന്ന ഭാഗം വൃത്തിയാക്കാനുള്ളതാണ്. അത് കുച്ചി എന്നും അറിയപ്പെടുന്നു. മേലറ്റത്തുനിന്നും കീഴറ്റത്തേക്കായി ഞാത്തിയിട്ട വർണച്ചരടിൽ വിദ്വാന്മാർ മെഡലുകളും മറ്റും തൂക്കിയിടുന്ന പതിവുമുണ്ട്.

നാഗസ്വരത്തിന്റെ കുഴലിൽ ആകെ 12 സുഷിരങ്ങളാണുള്ളത്. അതിൽ ഒരെണ്ണം മെഴുകു കൊണ്ട് അടച്ചിരിക്കും. ശുദ്ധമദ്ധ്യമം ശ്രുതി ചേർക്കാൻ ആണ് അങ്ങനെ ചെയ്യുന്നത് .മുകൾ ഭാഗത്ത് കാണുന്ന ഏഴ് സുഷിരങ്ങളിൽ വിരലുകൾ അമർത്തിയും വിടർത്തിയും വായുസഞ്ചാരം നിയന്ത്രിച്ചാണ് നാഗസ്വരം വായിക്കുക. റീഡിലൂടെ ഊതുന്ന കാറ്റിനെ ഇത്തരത്തിൽ സ്വരനിയന്ത്രണം ചെയ്ത് സ്വരസ്ഥാനങ്ങൾ ജനിപ്പിക്കുകയാണ് രീതി. ഊതുന്ന കാറ്റിന്റെ ശക്തിവ്യത്യാസങ്ങൾ, വിരലുകളുടെ ചലനം എന്നിവയാൽ സ്വരങ്ങളെ ഇഷ്ടത്തിനനുസരിച്ച് പാകപ്പെടുത്താമെന്നതിനാൽ ഇത് ഒരു ഗീതവാദ്യമായാണ് ഉപയോഗിക്കപ്പെടുന്നത്. മംഗളകർമ്മങ്ങൾക്ക് അഭിവാജ്യ ഘടകമായതിനാൽ മംഗള വാദ്യമായി അറിയപ്പെടുന്നു.

നിർമ്മിതി

തഞ്ചാവൂർ ഭാഗങ്ങളിൽ ആച്ചാമരം എന്ന തടിയാണ് ഇതിന്റെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ചന്ദനത്തടി, കുങ്കുമത്തടി എന്നിവയും ഉപയോഗിക്കാറുണ്ട്. വെള്ളി, സ്വർണം എന്നീ ലോഹങ്ങൾകൊണ്ട് കുഴൽ പൊതിയുന്ന പതിവും കാണാം. അപൂർവമായി കല്ലിൽ കൊത്തിയെടുത്ത കുഴലുകളും ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. അത്തരത്തിൽ ഒരു നാഗസ്വരം തിരുനെൽവേലിയിലെ ആഴ്വാർ തിരുനഗരിക്ഷേത്രത്തിലും ഓമല്ലൂർ രക്തകണ്ഠേശ്വര ക്ഷേത്രത്തിലും ഉണ്ട്.

പ്രമുഖ നാഗസ്വരവിദ്വാന്മാർ

തമിഴ് നാട്ടുകാർ

  • ടി.എൻ. രാജരത്തിനംപിള്ളൈ
  • കാരൈക്കുറിച്ചി അരുണാചലം
  • തിരുമരുഗൽ നടരാജപിള്ള
  • വീരുസ്വാമിപിള്ള
  • മധുരൈ പൊന്നുച്ചാമി
  • ഷെയ്ക്ക് ചിന്നമൌലാന
  • നാമഗിരിപ്പേട്ട കൃഷ്ണൻ

കേരളീയർ

  • അമ്പലപ്പുഴ സഹോദരന്മാർ
  • തിരുവിഴ സഹോദരന്മാർ
  • ഹരിപ്പാട് സഹോദരന്മാർ
  • തിരുവിഴ ജയശങ്കർ
  • നല്ലേപ്പിള്ളി ബ്രദേഴ്സ്

ഭാരതീയേതര നാഗസ്വരവാദകർ

  • ചാർളി മരിയാനേ
  • റോളണ്ട് സ്കീപ്പർ
  • ലൂയിസ് സ്പ്രാൾട്ടർ

അവലംബം

    കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഗസ്വരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.