മരണം

ജീവനുള്ള ശരീരത്തിൽ നിന്നും ജീവൻ നഷ്ടപ്പെടുന്ന പ്രതിഭാസമാണ് മരണം... ഇരപിടുത്തം(predation), രോഗം, ആവാസവ്യവസ്ഥയുടെ തകർച്ച (habitat destruction), വാർദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള രോഗം(malnutrition), അപകടം,കൊലപാതകം,ആതമഹത്യ എന്നീ കാരണങ്ങളിൽ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിനു കാരണമാ‍കാം. വികസിത രാജ്യങ്ങളിൽ മനുഷ്യന്റെ മരണത്തിന്റെ മുഖ്യ കാരണം വാർദ്ധക്യകാലത്തെ രോഗമാണ്‌‍. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും മനുഷ്യ സംസ്കാരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്‌‍, ഒപ്പം മതപരമായിട്ടുള്ള വിശ്വാസങ്ങളും. മരണത്തിന്റെ ജൈവശാസ്ത്രപരമായ നിർവചനങ്ങളും വിശദാംശങ്ങളും സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കനുസരിച്ച് കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്.

പുസ്തകങ്ങളിൽ

കഠോപനിഷത്തിൽ മരണം മരണാനന്തരം എന്നിവയെപ്പറ്റിയാണു സംവാദം. മരണത്തോടെ ശരീരത്തിൽ നിന്നു എന്തു വേർപെടുന്നു. ഛാന്ദോഗ്യം, ബ്രഹദ്യാരണും തുടങ്ങിയവയിലൊക്കെ ഇതിനുള്ള ഉത്തരം കാണാം. ദ് ടിബറ്റൻ ബുക്ക് ഓഫ് ദ് ഡെഡ് എന്ന പുസ്തകത്തിൽ മരണാനന്തര ജീവിതത്തെപ്പറ്റി രസകരമായ വിവരണം ഉണ്ട്.

എം. ടി. വാസുദേവൻ‌ നായരുടെ 'മഞ്ഞ്‌ ' എന്ന നോവലിൽ "മരണം രംഗബോധമില്ലാത്ത കോമാളിയാണെ"ന്നു പറഞ്ഞിരിക്കുന്നു.

വൈദ്യശാസ്ത്രപരമായ മരണം

തലച്ചോറിന്റെ പ്രവർത്തനം സ്ഥിരമായി അവസാനിക്കുന്നതാണ്‌ വൈദ്യശാസ്ത്രപരമായ മരണം.

മരണാനന്തരം

ശരീരം മരിച്ചു എന്നു സ്ഥിരീകരിച്ചു കഴിഞ്ഞും മനുഷ്യർക്കു കാണാനും കേൾക്കാനും പറ്റുമെന്ന് 2014-ൽ സതാംപ്റ്റൺ സർവ്വകലാശാലയിലെ വിദഗ്ദ്ധരുടെ ഒരു പഠനം സമർത്ഥിക്കുകയുണ്ടായി. ഹൃദയാഘാതത്തെ അതിജീവിച്ച ആളുകളിലെ പഠനത്തിൽ മൂന്നു മിനിറ്റലിധികം ഹൃദയസ്പന്ദനം നിലച്ചിരുന്ന ആളുകൾക്ക് ആസമയത്ത് തങ്ങളുടെ ചുറ്റും നടന്ന കാര്യങ്ങൾ ഓർത്തു പറയാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഹൃദയം നിലച്ചാൽ 20-30 സെക്കന്റുകൾക്കുള്ളിൽ സാധാരണ ഗതിയിൽ മസ്തിഷ്കവും പ്രവർത്തനം നിലച്ച് വൈദ്യശാസ്ത്ര പരമായി മരിച്ചവരിലാണ് ഈ പഠനം നടത്തിയത്.[1]

മതങ്ങളിൽ

ഇസ്ലാമിൽ

ജൂതൻമാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് പോലെ ഈ ഭൂമി പരലോകത്തേക്കുള്ള ഒരു തയാറെടുപ്പായിട്ടാണ് മുസ്ലിംങ്ങളും വിശ്വസിക്കുന്നത്. ആത്മാവിന് ഈ ലോകത്ത് ജീവിക്കാനുള്ള സം‌വിധാനമാണ് മനുഷ്യശരീരം. ആത്മാവ് ശരീരത്തിൽ നിന്ന് വേർപെടുകയും ഉയർത്തെഴുന്നേൽപ്പ് നാൾ വരെ കാത്തിരിക്കുകയും ചെയ്യുന്നു എന്ന് വിശ്വസിക്കപെടുന്നു. അതോടെ ഭൌതിക ശരീരം നശിക്കുകയും ചെയ്യും.[2] എല്ലാ ആളുകളും മരണത്തെ ആസ്വദിക്കുന്നവരാകുന്നു, തിന്മ കൊണ്ടും,നന്മ കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണു, നിങ്ങൾ നമ്മുടെ അടുക്കലേക്കുതന്നെ മടക്കപ്പെടുന്നതാണു. (ഖുർ-ആൻ 21:35)

അനുശോചിക്കാനോ നിയന്ത്രണമില്ലാത്ത നിലവിളിക്കോ, കരച്ചിലിനോ പറ്റിയ സമയമല്ല മരണ സമയമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മറിച്ച് ശാന്തമായിട്ടും സമചിത്തനായും നിൽക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത്. ഒരു മുസ്ലിം മരിച്ചാൽ അവന്റെ ഭൗതികശരീരം സധാരണയായി അവന്റെ ബന്ധുക്കൾ കുളിപ്പിക്കുകയും അതിന് ശേഷം വൃത്തിയുള്ള 3 മുറി വെള്ള തുണിയിൽ പൊതിഞ്ഞ് ഒരു ചെറിയ നിസ്കാരത്തോടൊപ്പം(മയ്യിത്ത് നമസ്കാരം) മറവ് ചെയ്യും.

പ്രവാചകൻ മുഹമ്മദ് നബി (സ) പഠിപ്പിക്കുന്നത് ഒരുവന്റെ മരണ ശേഷം അവൻ ഭൗതികലോകത്ത് നിന്ന് കിട്ടുന്ന പ്രതിഫലം അവൻ നൽകിയ നില നിൽക്കുന്ന ധർമ്മവും അവൻ പഠിച്ച ഉപകാരപ്രദമായ വിജ്ഞാനവും അവന്റെ മക്കൾ അവന് വേണ്ടി പ്രാർത്ഥിക്കുന്നതുമാകുന്നു.

എന്തായാലും മരണശേഷമുള്ള ജീവിതവും ഉയർത്തെഴുന്നേൽപ്പും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത ഒരു കാര്യമായത് കൊണ്ട് എല്ലാ മതക്കാരും വിശ്വസിക്കുന്നത് പോലെ മത വിശ്വാസത്തെ(ഖുർ-ആനിനെ) അടിസ്ഥാനമാക്കിയാണ് മുസ്ലിങ്ങളും വിശ്വസിക്കുന്നത്.

വ്യക്തമായി നമുക്ക് കാണാവുന്ന ചില ശാസ്ത്രീയമായിട്ടുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ വിവരിക്കുകയും അതിനെ ആസ്പദമാക്കി മരണശേഷമുള്ള കാര്യങ്ങൾ വിശ്വസിക്കാനുമാ‍ണ് ഖുർ ആനിലൂടെ ദൈവത്തിന്റെ കൽപ്പന എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു.

ഖുർആനിലെ ഉയർത്തെഴുന്നേൽപ്പിനെ പറ്റിയുള്ള സൂക്തങ്ങൾ
  • അവർക്കൊരു ദൃഷ്ടാന്തമുണ്ട്; നിർജീവമായ ഭൂമി. അതിനു നാം ജീവൻ നൽകുകയും, അതിൽ നിന്ന് നാം ധാന്യം ഉല്പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതിൽ നിന്നാണ് അവർ ഭക്ഷിക്കുന്നത്.(36:33)
  • നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരെയും സന്മാർഗ്ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങൾ പിന്തുടരുക.(36:21)
  • പറയുക:നിങ്ങളെസ്സമ്പനദിചച് ഭരമേൽപ്പിക്കപ്പെട്ട മരണതിന്റെ മലക്ക് നിങ്ങളെ പിടിക്കും , പിന്നെ നിങങളുടെ രക്ഷിതാവിലേക്കു നിങ്ങൾ മടക്കപ്പെടും (32:11)
  • മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്കുന്നു.(36:77)
  • അവൻ നമ്മുക്ക് ഒരു ഉപമ എടുത്ത് കാണിക്കുകയും ചെയ്തിരിക്കുന്നു. തന്നെ സൃഷ്ടിച്ചത് അവൻ മറന്ന് കളയുകയും ചെയ്തു. അവൻ പറഞ്ഞു: എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നൽകുന്നത് (36:78)
  • പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നൽകുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപറ്റിയും അറിവുള്ളവനത്രെ.(36:79)
  • പച്ചമരത്തിൽ നിന്ന് നിങ്ങൾക്ക് തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ അങ്ങനെ നിങ്ങളതാ അതിൽ നിന്ന് കത്തിച്ചെടുക്കുന്നു.(36:80)
  • ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും.(36:81)
  • താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.(36:82)
  • മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങൾ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവൻ എത്ര പരിശുദ്ധൻ(36:83) - ഖുർആൻ
  • ഓരോ ആളും മരണത്തെ രുചിചചു നോക്കുന്നതാണു.നിങ്ങളുടെ പ്രതിഫലങ്ങൾ അന്ത്യനാളിലെ നിങ്ങൾക്കു പൂർതതിയാക്കപ്പെടുകയുള്ളൂ.(03:185)

ഹൈന്ദവം

ശ്രീമദ്‌ ഭഗവദ്‌ഗീത 2 - 8-15

അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ

ദേഹത്തിൽ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികൾ. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറൽ മാത്രമാണ്‌- തങ്ങൾ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തിൽ അറിഞ്ഞ അവർക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയിൽ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകൾ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോൾ വെറുതേ വേണ്ടാത്ത രീതിയിൽ ദുഃഖിക്കുകയാണ്‌, ഇവർ മരിച്ചു പോകും എന്നോർത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.

ബൈബിൾ

ആത്മാവിന്റെ അമർത്യതയിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല. മരണം എന്നത് എങ്ങും അസ്തിത്വം ഇല്ലാത്ത അവസ്ഥയാണെന്നും, ജനിക്കുന്നതിനു മുൻപേ ഉള്ളതുപോലെയുള്ള ഒരവസ്ഥയാണെന്നും, അവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയുകയില്ലെന്നും ഇവർ വിശ്വസിക്കുന്നു. നരകം എന്ന് സാധാരണ വിവർത്തനം ചെയ്യപ്പെടുന്ന എബ്രായ പദം ഹേഡീസ്, ഗ്രീക്ക് പദം ഷീയോൾ എന്നിവ മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയെ ആണ് അർത്ഥമാക്കുന്നതെന്ന് വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികൾ ആത്മാവിനെ ജീവശക്തിയായ് അല്ലെങ്കിൽ മരിക്കാൻ കഴിയുന്ന ഒരു ജീവശരീരമായി പഠിപ്പിക്കുന്നു[3]. എന്നാൽ ദൈവരാജ്യത്തിൻ കീഴിൽ നീതിമാന്മാരുടെയും, നീതികെട്ടവരുടെയും (ദൈവത്തെ അറിയാൻ അവസരം കിട്ടാതെ മരിചുപോയ നല്ല മനുഷ്യർ) പുനരുത്ഥാനമുണ്ടെന്ന് വിശ്വസിക്കുന്നു. സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കാൻ ദൈവം തിരഞ്ഞെടുത്ത കുറച്ചുപേർ മാത്രമെ പോകുകയുള്ളുവെന്നും (അഭിഷിക്തർ), മറ്റുള്ള നല്ലവർ ഭുമിയിലെ പറുദീസയിൽ എക്കാലവും ജീവിക്കും എന്നുമുള്ള വിശ്വാസമാണ് ഇവർക്കുള്ളത്.

പിൻവരുന്ന ബൈബിൾ വചനങ്ങളെ ഇവരുടെ ആശയത്തെ പിന്താങ്ങാനായി ഇവർ ഉപയോഗിക്കുന്നു.

  • ഉല്പത്തി. 3:19: "നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും."
  • സഭാപ്രസംഗി. 9:5: "ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ."
  • യേഹേസ്കേൽ. 18:4: “പാപം ചെയ്യുന്ന ദേഹി മരിക്കും.”
  • സഭാപ്രസംഗി. 9:10: "ചെയ്‍വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ [ഷീയോളിൽ NWT, “ശവക്കുഴിയിൽ,” KJ, Kx; “മരിച്ചവരുടെ ലോകത്ത്‌,” TEV] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല."
  • സങ്കീർത്തനം. 146:4: "അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു."
  • സഭാപ്രസംഗി. 3:19,20:"മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ.എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു."
  • യെശയ്യാ.26:14: "മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു."
  • സങ്കീർത്തനങ്ങൾ. 115:17: "മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല"
  • യെശയ്യാ. 38:17,18: "പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും."
  • സങ്കീർത്തനങ്ങൾ. 6:5:"മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?"
  • യോഹന്നാൻ. 11:11-14: "ഇതു പറഞ്ഞിട്ടു അവൻ: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു പറഞ്ഞു.....അപ്പോൾ യേശു സ്പഷ്ടമായി അവരോടു: ലാസർ മരിച്ചുപോയി"
  • യോഹന്നാൻ. 5:28,29: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്‌, എന്തുകൊണ്ടെന്നാൽ സ്‌മാരക കല്ലറകളിലുളള എല്ലാവരും അവൻറെ സ്വരം കേട്ട് പുറത്തുവരാനുളള നാഴിക വരുന്നു.”
  • പ്രവൃ. 24:15: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനമുണ്ടെന്ന് . . . ഞാൻ ദൈവത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.”
  • സങ്കീർത്തനങ്ങൾ 37:29: "നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും"
  • വെളിപ്പാടു 21:3,4: "അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു."
  • യെശയ്യാ. 25:8: "അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു"

പര്യായങ്ങൾ

  • നാടുനീങ്ങുക
  • തീപ്പെടുക
  • ചാവുക
  • വഫാത്താവുക
  • ഇഹലോകവാസം വെടിയുക
  • അന്തരിക്കുക
  • കാലം ചെയ്യുക
  • വടിയാവുക (നാടൻ/ഗ്രാമ്യ പ്രയോഗം)
  • നിര്യാതനാവുക
  • ദിവംഗതനാവുക
  • സമാധിയാവുക
  • ഔട്ടാവുക
  • ഓർമ്മയാവുക
  • ഭിത്തിയിൽ തൂങ്ങുക
  • പടമാവുക
  • തെക്കോട്ട് പോവുക
  • ചീട്ട് കീറുക
  • പേര് വെട്ടുക
  • പണ്ടാരമടങ്ങുക
  • മയ്യത്താവുക
  • ചരിയുക
  • പണി തീരുക
  • കഥ കഴിയുക
  • തട്ടിപ്പോവുക
  • കർത്താവിൽ നിദ്രപ്രാപിയ്ക്കുക
  • ഭഗവദ്പദം പ്രാപിയ്ക്കുക

അവലംബം

  1. "മരിച്ചുകഴിഞ്ഞും കാണും, കേൾക്കും!". മലയാള മനോരമ. 10 ഒക്ടോബർ 2014. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-10-10 07:54:07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 10 ഒക്ടോബർ 2014. Check date values in: |archivedate= (help)
  2. "Muslim view on death". Appreciating Islam. ശേഖരിച്ചത്: നവംബർ 14, 2008.
  3. "മരിച്ചവർ എവിടെ?". ശേഖരിച്ചത്: ഫെബ്രുവരി 11, 2016.

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.