ഗരുഡൻ

ഹിന്ദു,ബുദ്ധ ഐതിഹ്യങ്ങളിൽ കാണുന്ന ഭീമാകാരമായ പക്ഷിയാണ് ഗരുഡൻ(സംസ്കൃതം: Garuḍa गरुड). ഹിന്ദുപുരാണങ്ങളിലെ വിഷ്ണുവിന്റെ വാഹനമാണ്‌ ഗരുഡൻ. കൃഷ്ണപ്പരുന്തിനെ ഗരുഡന്റെ ഒരു രൂപമായും കണക്കാക്കുന്നുണ്ട്.

ഗരുഡൻ
ഗരുഡൻ, വിഷ്ണുവിന്റെ വാഹനം‌
ദേവനാഗരിगरुड
Sanskrit TransliterationGaruḍa

ഹിന്ദു ഐതിഹ്യത്തിൽ

കാശ്യപൻ തന്റെ പത്നിമാരായ കദ്രുവിനോടും വിനതയോടും എങ്ങനെയുള്ള സന്താനങ്ങളെയാണവശ്യമെന്ന് തിരക്കുന്നു. ശക്തൻമാരായ ആയിരം പുത്രന്മാരെ കാംക്ഷിച്ച കദ്രുവിന് ജനിക്കുന്ന സന്താനങ്ങളാണ് വാസുകി,അനന്തൻ തുടങ്ങിയ നാഗങ്ങൾ. വിനതയാവട്ടെ കദ്രുവിന്റെ ആയിരം പുത്രന്മാരെക്കാൾ ശക്തരായ രണ്ടു മക്കളെ ആവശ്യപ്പെടുന്നു.തുടർന്ന് വിനതയ്ക്കുണ്ടാവുന്ന രണ്ട് അണ്ഡങ്ങൾ കാലമേറെയായിട്ടും വിരിയാത്തതു കണ്ട് അക്ഷമ മൂത്ത് വിനത ഒരു മുട്ട പൊട്ടിക്കുന്നു.അതിൽ നിന്നും പകുതി മാത്രം വളർന്ന അരുണൻ ജന്മമെടുക്കുന്നു. അക്ഷമ കാണിച്ച അമ്മയെ കദ്രുവിന്റെ ദാസിയാവട്ടെ എന്നു ശപിച്ച് അരുണൻ പോകുന്നു. രണ്ടാമത്തെ മുട്ട വിരിഞ്ഞുണ്ടായ പുത്രനാണ് ഗരുഡൻ. അതിനിടെ കദ്രുവുമായി ഒരു പന്തയത്തിലേർപ്പെടുന്ന വിനത നാഗങ്ങളുടെ ചതിപ്രയോഗം കാരണം തോറ്റ് കദ്രുവിന്റെ ദാസിയായി മാറുന്നു. ദാസ്യം ഒഴിവാക്കാനായി നാഗങ്ങളുടെ ആവശ്യപ്രകാരം അമൃത് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ദ്രനെ തോൽപ്പിക്കുന്നു. അമ്മയെ ദാസ്യവൃത്തിയിൽ നിന്നും മോചിപ്പിക്കുന്നു.[1] പിന്നീട് ഗരുഡൻ ഭഗവാൻ വിഷ്ണുവിന്റെ വാഹനമാകുന്നു.

നാഗങ്ങളുടെ ബദ്ധശത്രുവായാണ് ഗരുഡനെ കണക്കാക്കുന്നത്. പരുന്തുകളുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെയൊരു വിശ്വാസത്തിനു കാരണമായിട്ടുണ്ടാകാം. ഹിന്ദു പുരാണങ്ങളിൽ ഗരുഡപുരാണം എന്ന പേരിലും ഒരു പുരാണമുണ്ട്.

ബുദ്ധ ഐതിഹ്യത്തിൽ

ബുദ്ധ മതത്തിൽ സുപർണൻ എന്നും ഗരുഡനു പേരുണ്ട്. എന്നാൽ ഗരുഡൻ എന്നത് വെറും ഒരു പക്ഷിയല്ല മറിച്ച് ഭീമാകാരമായ ശരീരമുള്ള ദൈവിക അംശമുള്ള പക്ഷികളാണ്. ഹിന്ദു മതത്തിലേതു പോലെ നാഗങ്ങളുടെ ബദ്ധശത്രുവായാണ് ഗരുഡനെ ഇതിലും കണക്കാക്കുന്നത്. എന്നാൽ ഈ സ്വഭാവം കൃഷ്ണപ്പരുന്തിനേക്കാൾ പാമ്പു കഴുകൻ ആണ് പ്രകടിപ്പിക്കുന്നത് [2].


ഗരുഡ ചിഹ്നം

പല രാജ്യങ്ങളും ഗരുഡ ചിഹ്നം ഉപയോഗിക്കുന്നുണ്ട്.ഇന്ത്യ വായുസേനയുടെ കമാൻഡോ സംഘത്തിനു ഗരുഡ് എന്നാണ് പേരിട്ടിരിക്കുന്നത്.കരസേനയുടെ ബ്രിഗേഡ് ഓഫ് ഗാർഡ്സ് ഗരുഡനെയാണ് തങ്ങളുടെ ചിഹ്നമാക്കിയിരിക്കുന്നത്.കെ.എസ്.ആർ.ടി.സി.(KSRTC)യുടെ വോൾവോ ബസ്സുകളുടെ പേരും ഗരുഡ എന്നാണ്.

ഇന്തോനേഷ്യ, തായ്‌ലാന്റ്, ഉലാൻബാതർ(മംഗോളിയ) എന്നിവയുടെ ദേശീയചിഹ്നം ഗരുഡൻ ആണ്‌

ഗുരുവായൂർശ്രീകൃഷ്ണക്ഷേത്രത്തിനു മുന്നിലുള്ള മഞ്ജുളാലിലെ ഗരുഡപ്രതിമ
ബാലിയിലെ 18 മീറ്റർ ഉയരമുള്ള ഗരുഡപ്രതിമ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.