ഫ്രോട്ടെറിസം
മറ്റൊരാളിന്റെ ശരീരത്തിൽ ആ വ്യക്തിയുടെ സമ്മതംകൂടാതെ ഉദ്ധരിച്ച ലിംഗമോ കടിപ്രദേശമോ ലൈംഗികപൂരണത്തിനായി ഉരസുന്നതിനുള്ള താൽപര്യത്തെയാണ് ഫ്രോട്ടെറിസം (Frotteurism) എന്നു പറയുന്നത്. സ്ത്രീകളുടെ പൃഷ്ഠഭാഗത്ത് പുറകിൽ നിൽക്കുന്ന പുരുഷൻ തന്റെ ലിംഗം വസ്ത്രത്തോട് കൂടി ഉരച്ച് തൃപ്തി നേടുകയാണ് പൊതുവെ കണ്ട് വരുന്ന രീതി. ഇപ്രകാരം ചെയ്യുന്നതിനെ നാടൻ ഭാഷയിൽ ജാക്കി വെപ്പ് എന്നു പറയാറുണ്ട്. ആളുകൾ തിങ്ങി യാത്രചെയ്യുന്ന ബസുകൾ, തീവണ്ടികൾ എന്നിവിടങ്ങളിലാണ് കൂടുതലായും ഇത് കണ്ടുവരുന്നത്. ഇത് ഒരു ലൈംഗിക അതിക്രമമായി കണക്കാക്കപ്പെടുന്നു.

ഇത്തരത്തിലുള്ള ഭൂരിഭാഗം അതിക്രമങ്ങളും പുരുഷന്മാർ സ്ത്രീകൾക്കെതിരായി നടത്തുന്നവയാണെങ്കിലും,[1] പുരുഷന്മാർ പുരുഷന്മാർക്കെതിരായും, സ്ത്രീകൾ സ്ത്രീകൾക്കെതിരായും, സ്ത്രീകൾ പുരുഷന്മാർക്കെതിരായും അപൂർവ്വമായെങ്കിലും ഇത്തരം പ്രവൃത്തികളിലേർപ്പെടാറുണ്ട്. ഇത് ഒരു മാനസിക രോഗമാണ്.
രോഗലക്ഷണങ്ങൾ
അമേരിക്കൻ സൈക്കിയാട്രിക് അസോസിയേഷന്റെ ഡി.എസ്.എം - 4 എന്ന വർഗ്ഗീകരണമനുസരിച്ച് താഴെപ്പറയുന്നവയാണ് രോഗലക്ഷണങ്ങൾ.
- ഒരാളുടെ സമ്മതമില്ലാതെ അയാളെ സ്പർശിക്കുകയോ ഉരസുകയോ ചെയ്യുവാനുള്ള അതിയായ വാഞ്ഛയോ ഇത്തരം ചിന്തകളോ ആറുമാസകാലയളവിൽ ആവർത്തിച്ചുണ്ടാവുക.
- രോഗമുള്ള വ്യക്തി ഇത്തരം ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയോ ഇത് ദൈനം ദിന ജീവിതത്തെ ബാധിക്കും വിധം വ്യാകുലതയുണ്ടാക്കുകയോ ചെയ്യുക.[2]
ഡി.എസ്.എം. 4 അനുസരിച്ചുള്ള വർഗ്ഗീകരണം
ഡി.എസ്.എം. നാലനുസരിച്ച് ഫ്രൊട്ടെറിസം 302.89 എന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അവലംബം
- UCSB's SexInfo
- DSM-IV-TR