ശീഘ്രസ്ഖലനം

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ, രതിമൂർച്ഛയിൽ എത്തുന്നതിനു വളരെമുമ്പ് തന്നെ നിയന്ത്രിക്കുവാനാവാതെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം ( Premature ejaculation). വളരെ ചെറിയ ലൈംഗികോദ്ദീപനം പോലും ഇതിന് വഴിതെളിച്ചേക്കാം. ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. തുടർച്ചയായി ശീഘ്രസ്ഖലനം സംഭവിക്കുന്നവരിൽ ഇതൊരു ലൈഗികശേഷിക്കുറവാണെന്ന തെറ്റിദ്ധാരണ ഉണ്ടാവുകയും, പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കാത്തതിൽ കുറ്റബോധം ഉടലെടുക്കുകയും ചെയ്യുന്ന പക്ഷം ഇത് രോഗാവസ്ഥയായി മാറിയേക്കാം.

പുരുഷനെ സംബന്ധിച്ച് രതിമൂർച്ഛയോടൊപ്പമാണ് സ്ഖലനം സംഭവിക്കുന്നു എന്നതുകൊണ്ട് ശീഘ്രസ്ഖലനം ഒരു പ്രശ്നമാകുന്നത് പലപ്പോഴും പങ്കാളിക്കാണ്. വ്യക്തികൾ തമ്മിൽ രതിമൂർച്ഛയ്ക്ക് ആവശ്യമായി വരുന്ന സമയത്തിൽ വ്യത്യാസമുണ്ടാവാം. വളരെ ചെറിയ ഉദ്ദീപനങ്ങൾകൊണ്ട് സ്ഖലനം സംഭവിക്കുന്നെങ്കിൽ മാത്രമേ രതിമൂർച്ഛ ഒരു പ്രശ്നമായി പരിഗണിക്കേണ്ടതുള്ളൂ. എല്ലാ വ്യക്തികളിലും ചില സന്ദർഭങ്ങളിൽ ശീഘ്രസ്ഖലനം സംഭവിച്ചേക്കാം. ഉദാഹരണമായി വിവാഹജീവിതത്തിലെ ആദ്യനാളുകളിൽ ശീഘ്രസ്ഖലനം ഉണ്ടാവുക തികച്ചും സ്വാഭാവികമാണ്. ചില പുരുഷന്മാരിൽ പരിചയക്കുറവ്, ഉത്കണ്ഠ (anxiety), ഭയം, കുറ്റബോധം എന്നിവ മൂലവും ഇത് സംഭവിക്കാം.

സ്വയംഭോഗം (mastarbation) ചെയ്യാത്ത അവിവാഹിതർക്ക് ചിലപ്പോൾ ചെറിയ ഉത്തേജനം പോലും ശുക്ല വിസർജ്ജനത്തിനു കാരണമായേക്കാം. ഇതൊന്നും ശീഘ്രസ്ഖലനമായി കണക്കാക്കിക്കൂടാ. ഒരാള്ക്ക് ലൈംഗികബന്ധത്തിലേർപ്പെട്ട് ഇത്ര സമയത്തിനകം ശുക്ല വിസർജനം ഉണ്ടായാൽ അത് ശീഘ്രസ്ഖലനമാണ് എന്ന് ഒരു കണക്ക് ഉണ്ടാക്കുക വയ്യ. ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്തോ, സ്ത്രീക്ക് ആദ്യമോ രതിമൂർച്ഛ ഉണ്ടാകുന്നതാണ് അഭികാമ്യം. പങ്കാളിക്ക് മുൻപ് രതിമൂർച്ഛ ഉണ്ടാകുന്നത് പുരുഷന് ഒരു വലിയ അളവുവരെ നിയന്ത്രിക്കാവുന്നതാണ്. ചിലരിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി തുടങ്ങിയ ലഹരി ഉപയോഗം, അരക്കെട്ടിലെ പേശികളുടെ ബലക്കുറവ്, നാഡീ വ്യവസ്ഥക്ക് (Nervous system) ഉണ്ടാകുന്ന തകരാറുകൾ എന്നിവയും ഈയൊരവസ്ഥയിലേക്ക് നയിച്ചേക്കാം.

പൊതുവേ സ്ത്രീകളിലെ ലൈംഗിക വികാരം പതിയെ ഉണ്ടായി പതുക്കെ ഇല്ലാതാവുന്ന ഒന്നാണ്. ആവശ്യത്തിന് സമയം ആസ്വാദ്യമായ രതിപൂർവ്വലീലകളിലൂടെ (foreplay) പങ്കാളിയെ ഉത്തേജനത്തിൻറെ കൊടുമുടിയിൽ എത്തിച്ചശേഷം ലൈംഗികമായി ബന്ധപ്പെടുക, പുരുഷൻ അമിതമായി ഉത്തേജിതനാകാൻ അനുവദിക്കാതിരിക്കുക, ശുക്ലവിസർജനത്തിനു തൊട്ടുമുന്പായി ചിന്ത മറ്റു കാര്യങ്ങളിലേക്കു മാറ്റി വിടുക, സ്ഖലനത്തിനു മുന്പായി ലിംഗത്തിന്റെ ചുവടുഭാഗത്തു അമർത്തിപ്പിടിക്കുക, കെഗൽസ് വ്യായാമം (kegels exercise), വജ്രാസനം തുടങ്ങിയവ പരിശീലിക്കുക, ലഹരി ഉപേക്ഷിക്കുക തുടങ്ങിയവ ലളിതമായ പരിഹാരമാർഗ്ഗങ്ങളാണ്. തീർത്തും നിയന്ത്രിക്കാൻ സാധിക്കാത്തവർ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുന്നത് അഭികാമ്യം ആയിരിക്കും.

കാരണങ്ങൾ

  • പരിചയക്കുറവ്, ഉത്കണ്ഠ
  • സ്ഖലനങ്ങൾ തമ്മിലുള്ള വെത്യാസം
  • ആശങ്ക, കുറ്റബോധം, ഭയം തുടങ്ങിയ മാനസികാവസ്ഥകൾ
  • മദ്യപാനം, പുകയില ഉപയോഗം
  • ഹോർമോൺ തകരാറുകൾ, അരക്കെട്ടിലെ പേശികളുടെ ബലക്കുറവ്, നാഡീഞരമ്പുകളുടെ തകരാറുകൾ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.