ബാഹ്യകേളി

ഇണയിൽ പരമാവധി ലൈംഗിക വികാരമുണർത്തി സംഭോഗത്തിന് തയ്യാറാക്കുന്ന മാനസികവും ശാരീരികവുമായ പ്രവൃത്തിയാണ് ബാഹ്യകേളി അഥവാ രതിപൂർവലീലകൾ (Foreplay). ഇതൊരു സ്നേഹപ്രകടനം (Love making) കൂടിയാണ്. ലൈംഗികബന്ധത്തിന് മുൻപ് ഒഴിച്ചുകൂടാനാകാത്ത ഒരുഘട്ടമാണിത്. ആവശ്യത്തിന് സമയം ബാഹ്യകേളിക്ക് ചിലവഴിക്കാതെയുള്ള ലൈംഗികബന്ധം അതൃപ്തിക്ക് കാരണമായേക്കാം. മധുരസംഭാഷണം, ചുംബനം, ആലിംഗനം, തലോടൽ എന്നിവ ബാഹ്യകേളിയിൽ പെടുന്നു. ഇണയുടെ ചുണ്ട്, ചെവി, കഴുത്ത് തുടങ്ങി ശരീര ഭാഗങ്ങളിൽ ലാളിക്കുന്നത് ഫോർപ്ലേയുടെ ഭാഗമാണ്. സ്ത്രീകളിൽ കൃസരി/ഭഗശിശ്നിക, പുരുഷന്മാരിൽ ലിംഗം തുടങ്ങി നാഡീതന്തുക്കൾ ഏറെയുള്ള ഭാഗങ്ങളിലെ മൃദുവായ പരിലാളനവും ബാഹ്യകേളിയിൽ ഉൾപ്പെടുന്നു. പലർക്കും ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ സ്പർശനം ഉത്തേജനത്തിന് ആവശ്യമാണ്. വൃത്തിയും സുഗന്ധവുമുള്ള അന്തരീക്ഷം ഇതിന്‌ ഏറെ അനുയോജ്യമാണ്. നാഡീവ്യവസ്ഥയും മത്തിഷ്ക്കവും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു. മനുഷ്യൻ മാത്രമല്ല, പാമ്പ് മുതലായ പല ജീവിവർഗങ്ങളും ധാരാളം സമയം രതിപൂർവലീലകൾക്ക് ചിലവഴിക്കുന്നതായി കാണാം.

ബാഹ്യകേളിയിൽ ഏർപ്പെടുന്ന ഇണകൾ

ബാഹ്യകേളിയുടെ പ്രാധാന്യം

ആസ്വാദ്യമായ ബാഹ്യകേളിയിലൂടെ ഉത്തേജനമുണ്ടാവുകയും ശരീരവും മനസും ലൈംഗികബന്ധത്തിനു തയ്യാറാവുകയും ചെയ്യുന്നു. അതോടെ ലിംഗത്തിലെ അറകളിലേക്കും യോനീഭാഗത്തേക്കും ഉള്ള രക്തയോട്ടം വർധിക്കുന്നു. അതിന്റെ ഫലമായി തളർന്നു കിടക്കുന്ന പുരുഷലിംഗം ഉദ്ധരിക്കുന്നു. സ്ത്രീകളിൽ യോനീനാളം വികസിക്കുകയും നനവും വഴുവഴുപ്പും നൽകുന്ന സ്രവങ്ങൾ (Lubrication) ഉൽപ്പാദിപ്പിക്കപ്പെടുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇത് സുഖകരമായ ലൈംഗിക ബന്ധത്തിന് അത്യാവശ്യമാണ്. ലൂബ്രിക്കേഷൻ സ്രവങ്ങളുടെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വേദനാജനകമോ വിരസമോ ആകുവാനും പുരുഷന് ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഇവിടെയാണ് രതിപൂർവ്വലീലകളുടെ പ്രാധാന്യം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രീതികൾ പൂർണമായും ഒഴിവാക്കുക തന്നെ വേണം.

സ്ത്രീകളിൽ രതിമൂർച്ഛ സംഭവിക്കുന്നത് പുരുഷന്മാരേക്കാൾ വൈകിയായതിനാലും, ലൈംഗിക ഉണർവ്വ് ഏറെ നേരം നീണ്ടു നിൽക്കുന്നതിനാലും ബാഹ്യകേളിയിൽ ഏർപ്പെടുന്നത് സംഭോഗത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാനും, പുരുഷന്മാരിലെ 'സമയക്കുറവ്' ചെറുക്കുവാനും സഹായിക്കുന്നു. ഇത് പുരുഷ ബീജങ്ങളുടെ ഗുണമേന്മ വർധിക്കുവാനും ഉപയുക്തമാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു. ഇരുപതു മിനുട്ടെങ്കിലും രതിപൂർവ്വലീലകൾക്ക് ചിലവഴിക്കുന്നത് ശരിയായ ലൈംഗിക ഉത്തേജനത്തിന് ആവശ്യമാണെന്ന് പഠനങ്ങൾ പറയുന്നു. ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്കും, പ്രായമായ പുരുഷന്മാർക്കും കൂടുതൽ സമയം രതിപൂർവലാളനകൾ വേണ്ടി വന്നേക്കാം. യോനീവരൾച്ചയും, ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയും പരിഹരിക്കാൻ ദീർഘനേരം ഫോർപ്ലേയിൽ ഏർപ്പെടുന്നത് സഹായിക്കും. കൂടാതെ കൃത്രിമമായി നനവ് നൽകുന്ന മികച്ച ലൂബ്രിക്കന്റുകളും (ഉദാ. KY ജെല്ലി) ഉപയോഗിക്കാം. പുതുമയുള്ള ബാഹ്യകേളികൾ ലൈംഗികതയിലെ ആവർത്തനവിരസത അകറ്റും. എല്ലാ ലിംഗവിഭാഗങ്ങളും പൂർവകേളികൾ ഇഷ്ടപ്പെടുന്നവരാണെങ്കിലും പൊതുവേ സ്ത്രീകൾ കൂടുതലായി ബാഹ്യകേളികൾ ആസ്വദിക്കുന്നവരാണെന്ന് പഠനങ്ങൾ പറയുന്നു. പങ്കാളിയുടെ വ്യക്തി ശുചിത്വവും ഇവിടെ പ്രധാനമാണ്.

ലൈംഗിക വികാരത്തിന്റെ ഉറവിടം തലച്ചോർ തന്നെ. ഈ ഉത്തേജനം വർധിപ്പിക്കുവാൻ പൂർവ്വലീലകൾ ആവശ്യമാണ്. മാനസിക സമ്മർദം/ സ്ട്രെസ് ഒഴിവാക്കുന്നത് ബാഹ്യകേളികൾ ആസ്വദിക്കുന്നതിന് സഹായിക്കും. എന്നാൽ ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBTIA) ഉൾപ്പെടുന്ന അലൈംഗികരായ (Asexuals) വ്യക്തികൾക്ക് ലൈംഗിക താല്പര്യമോ ചിലപ്പോൾ ലൈംഗിക ശേഷിയോ ഉണ്ടാകണമെന്നില്ല. ഇത്തരം സവിശേഷത ഉള്ളവർ ബാഹ്യകേളികളിൽ ഏർപ്പെട്ടത് കൊണ്ട് മാത്രം ലൈംഗിക ഉത്തേജനം ഉണ്ടാവുകയില്ല.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.