പ്രണയം

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ-ട്രാൻസ്ജൻഡർ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. കൂടാതെ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നാം. ഇതിനെ 'സ്വവർഗപ്രണയം' എന്ന് അറിയപ്പെടുന്നു. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പരസ്പരം മനസ്സിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികാരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള 'വാലെന്റൈൻസ് ദിനം' ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ രാധാകൃഷ്ണന്മാരുടെ പ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.

പ്രണയത്തിന്റെ രസതന്ത്രം

ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ ഇവയുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പൊതുവേ കൗമാരപ്രായക്കാരിൽ കാണപ്പെടുന്ന ആകർഷണവും പ്രണയവും അവരുടെ ലൈംഗികവളർച്ചയുടെ ഭാഗമായി കാണപ്പെടുന്നതാണ്. ഇത് തികച്ചും സ്വാഭാവികവുമാണ്. ഇണയെ ആകർഷിക്കാനുള്ള ജൈവീകമായ പ്രചോദനത്തിന്റെ ഭാഗമായും പ്രണയം വിലയിരുത്തപ്പെടുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.