കുടുംബാസൂത്രണം
ആരോഗ്യകരമായ രീതിയിൽ എപ്പോൾ ഗർഭധാരണം നടത്തണമെന്നും[1] , അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും, കുടുംബത്തിൽ ജനിക്കുന്ന സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും, [2][3] അവരെ നന്നായി പോറ്റിവളർത്തുവാനും, രാജ്യത്തെ ജനപ്പെരുപ്പം നിയന്ത്രിക്കുവാനും ഉള്ള ക്രമീകരണങ്ങളെയാണ് കുടുംബാസൂത്രണം എന്നു പറയുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഇടവേള എങ്കിലും വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു, ഗർഭനിരോധന മാർഗങ്ങൾക്കു പുറമേ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം[3][4], സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ നിവാരണവും വ്യാപനം തടയലും[3], ഗർഭധാരണത്തിനു മുൻപുള്ള ഉപദേശങ്ങൾ,[3], വന്ധ്യതാ നിവാരണം[2] തുടങ്ങിയവയും കുടുംബാസൂത്രണത്തിന്റെ ഭാഗമാണ്.

സാധാരണയായി വിവിധ ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തെയാണ് കുടുംബാസൂത്രണം കൊണ്ടുദ്ദേശിക്കാറുള്ളതെങ്കിലും ഇതിനുപുറമേയുള്ള പല മുറകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വന്ധ്യംകരണവും ഗർഭഛിദ്രവും[5] കുടുംബാസൂത്രണത്തിന്റെ പരിധിയിൽ പെട്ടതാണ്.
പുരുഷന്മാരിൽ വാസക്ടമിയും സ്ത്രീകളിൽ ട്യൂബക്ടമിയും സ്ഥിരമായ വന്ധ്യംകരണ മാർഗങ്ങൾ ആണ്. ഇതിൽ വാസക്ടമി ലളിതമായ ഒരു വന്ധ്യംകരണ മാർഗ്ഗമാകുന്നു. ഗർഭനിരോധന ഉറ അഥവാ കോണ്ടം ഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ്, മാത്രമല്ല ഇത് HIV/ എയ്ഡ്സ്, HPV/ ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ചിലതരം ഹെപ്പറ്റെറ്റിസ് മുതലായ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തെ ചെറുക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉറകളും ഇന്ന് ലഭ്യമാണ്. ഇത് ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന്റെ ഭാഗം കൂടിയാണ്.
കുടുംബാസൂത്രണം മൂലം കുട്ടികളുടെ എണ്ണം കുറക്കുവാനും, മാതാപിതാക്കൾക്ക് തങ്ങളുടെ ജീവിതനിലവാരം അനുസരിച്ചു കുട്ടിയെ മെച്ചപ്പെട്ട രീതിയിൽ വളർത്തുവാനും സാധിക്കുന്നു. അതുവഴി കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷണം, സംരക്ഷണം തുടങ്ങിയവ ഉറപ്പുവരുത്തുവാനും സാധിക്കുന്നു. "നാമൊന്ന് നമുക്കൊന്ന്" എന്നതാണ് ഇന്നത്തെ കുടുംബാസൂത്രണ വാക്യം.
ജനപെരുപ്പം മൂലം വീർപ്പുമുട്ടുന്ന രാജ്യങ്ങളിൽ മികച്ച കുടുംബാസൂത്രണ മാർഗങ്ങളിലൂടെ ജനസംഖ്യാവർദ്ധനവ് നിയന്ത്രിക്കുവാനും അതുവഴി മലിനീകരണം, തൊഴിൽ ഇല്ലായ്മ, ദാരിദ്ര്യം, പോഷകാഹാരക്കുറവ്, രോഗങ്ങൾ എന്നിവ ഒരു പരിധി വരെ നിയന്ത്രിക്കുവാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഇത് രാഷ്ട്രത്തിന്റെ ക്ഷേമത്തിനായുള്ള ഒരു പ്രവർത്തനം കൂടി ആണ്.
അവലംബം
- "Mission Statement". U.S. Dept. of Health and Human Services, Office of Population Affairs.
- Family planning — WHO
- What services do family planning clinics provide? — Health Questions — NHS Direct
- US Dept. of Health, Administration for children and families
- See, e.g., Mischell, D. R. "Family planning: contraception, sterilization, and pregnancy termination." In: Katz, V. L., Lentz, G. M., Lobo, R. A., Gershenson, D. M., eds. Comprehensive Gynecology. 5th ed. Philadelphia, PA: Mosby Elsevier; 2007:chap 14.