പുലിയൂർകാളി

മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുലിയൂർകാളി. പുലികണ്ടന്റെയും, പുള്ളിക്കരിങ്കാളിയുടെയും മകളായ പെൺപുലിയാണ് പുലിയൂർ കാളി എന്നാണൈതിഹ്യം.

പുലിയൂർ കാളി

ഐതിഹ്യം

തുളുവനം എന്ന കാട്ടിനുള്ളിൽ വച്ച് ശിവൻ പുലിക്കണ്ടനും, പാർവ്വതി പുലി കരിങ്കാളിയും ആയി രൂപം എടുത്തു. അവർ കാട്ടിൽ സുഖിച്ച് വസിക്കുന്നതിനിടയിൽ കരിങ്കാളി പത്ത് മാസങ്ങൾക്ക് ശേഷം കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിയുരുകണ്ണൻ എന്നീ ആൺ പുലികൾക്കും പുലിയൂർ കാളി എന്ന പെൺപുലിക്കും ജന്മം കൊടുത്തു. ഒരു രാത്രി ഈ പുലി ദൈവങ്ങൾ കുറുമ്പത്തിരി വണ്ണാന്റെ തൊഴുത്തിൽ കടന്ന് കന്നുകാലികളെ കൊന്ന് വലിയ നഷ്ടമുണ്ടാക്കി. ദൈവത്തിനെ എപ്പോഴും ആരാധിച്ചിരുന്ന കുറുമ്പത്തിരി വണ്ണാന് ഇത് വലിയ മനഃപ്രയാസം ഉണ്ടാക്കി.

പുലിയൂർ കാളി
പുലിയൂർകാളിയുടെ മുഖത്തെഴുത്ത്

കുറുമ്പന്തിരി വണ്ണാന്റെ സുഹൃത്തായ കരിന്തിരി കണ്ണൻ അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. രാത്രി അദ്ദേഹം തൊഴുത്തിനടുത്ത് ഒളിച്ചിരുന്നു. ആ രാത്രി പുലികൾ വന്നപ്പോൾ കരിന്തിരി കണ്ണനു അമ്പെയ്യാൻ സമയം കിട്ടുന്നതിനു മുൻപേ പ്രതീക്ഷിക്കാത്ത തരത്തിൽ ആക്രമിച്ച് പുലികൾ അദ്ദേഹത്തെ കൊന്നു. അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു. പുലിദൈവങ്ങൾ തുളുവനം കാട്ടിലായിരുന്നു അപ്പോൾ താമസിച്ചിരുന്നത്. ഒരു വർഷം രാമരാമത്ത് നിന്ന് കാരിയത് തണ്ടാൻ തുളുവനത്തിൽ തെയ്യം കാണാൻ പോയി. പുലിദൈവങ്ങൾ തണ്ടാനെ പിന്തുടർന്നു. രാമരാമത്ത് തണ്ടാൻ അവരെ പ്രതിഷ്ഠിച്ചു. ഈ സ്ഥലം കൂടാതെ പുലിദൈവങ്ങൾ പനയാന്ദത്ത നായരുടെ വീട്ടിലും താമസിക്കുന്നുണ്ടായിരുന്നു. പക്ഷെ പുലിദൈവങ്ങളുടെ ചേഷ്ടകൾ സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് ഒരു ഉത്സവകാലത്ത് അദ്ദേഹം മുച്ചിലോട്ട് ഭഗവതിയോട് പുലിദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെട്ടു. പുലിദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടത് ഭാഗത്ത് പ്രതിഷ്ഠിച്ചു. അങ്ങനെ മുച്ചിലോട്ട് കാവിലെ സാന്നിധ്യമായി പുലിയൂർ കണ്ണനും പുലിയൂർ കാളിയും. വാണിയ ജാതിക്കാരുടെ തെയ്യമാണ് പുലിയുരുകണ്ണൻ. എണ്ണയാട്ടുന്ന ചക്കാളങ്ങളിൽ പുലിയൂർ കണ്ണനെ പ്രത്യേകം ആരാധിക്കുന്നു.[1].

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.