മാരിത്തെയ്യങ്ങൾ

കണ്ണൂർ ജില്ലയിലെ മാടായിയിലും പരിസരപ്രദേശങ്ങളിലും കർക്കടക മാസം 16 ആം തീയതി (ചില സ്ഥലങ്ങളിൽ 28ആം നാൾ) വീടുകൾ തോറും കയറിയിറങ്ങുന്ന വീടോടിത്തെയ്യങ്ങളാണ്‌ മാരിത്തെയ്യങ്ങൾ എന്ന പേരിലറിയപ്പെടുന്നത്. മാരിക്കലിയൻ,മാമാരിക്കലിയൻ, മാരിക്കലച്ചി,മാമായക്കലച്ചി, മാരിക്കുളിയൻ,മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ്‌ മാരിത്തെയ്യങ്ങൾ എന്ന പേരിലറിയപ്പെടുന്നത്. .നാടിനും നാട്ടാർക്കും ബാധിച്ച ശനി ബാധ ഒഴിപ്പിക്കാനാണ്‌ ഈ തെയ്യങ്ങൾ കെട്ടിയാടുന്നത്.

മാരിത്തെയ്യത്തിൽ പൊയ്‌മുഖം വെച്ച് ആടുന്ന കുളിയൻ‍
മാരിത്തെയ്യങ്ങൾ

ഐതിഹ്യം

മാരിത്തെയ്യങ്ങളുടെ ആവിർഭാവം ചേർമാൻ പെരുമാളിന്റെ കാലത്തായിരുന്നു എന്നു കരുതുന്നു. ദേശത്തിനെ ബാധിച്ചിരുന്ന 118 കൂട്ടം ശനിയേയും ഒഴിപ്പിക്കുന്നതിനായി മാടായിക്കാവിൽ നടത്തിയ ദേവപ്രശ്നത്തിൽ പാലായിൽ നിന്നുള്ള ഒരു വണ്ണാൻ സമുദായാംഗത്തെക്കൊണ്ട് ഒരു ശനിയും മലയനെക്കൊണ്ട് ഒരു ശനിയും ഒഴിപ്പിക്കുന്നതിന് തീരുമാനിക്കുകയും; ബാക്കിയുള്ള 115 ശനികളെ ഒഴിപ്പിക്കുന്നതിനായി പുലയ സമുദായത്തിനെ തെക്കൻ പൊള്ളയെന്ന സ്ഥാനികരേയും ചിറക്കൽ തമ്പുരാൻ ചുമതലപ്പെടുത്തി.

കർക്കടകമാസം 16-ം തീയതി തിരുവർക്കാട്ടുകാവിലെ ഉച്ചപൂജക്കു ശേഷമാണ്‌ മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുന്നത്. കുരുത്തോല കൊണ്ടുള്ള ഉടയാടയാണ്‌ ഈ തെയ്യങ്ങളുടെ പ്രത്യേകത. കലിയനും കലിച്ചിക്കും മുഖത്ത് തേപ്പ് ഉണ്ടായിരിക്കും. ഇതിൽ കുളിയന്‌ പൊയ്‌മുഖവും ഉണ്ട്. തുടികളും ചേങ്ങിലയുമാണ് പക്കവാദ്യങ്ങളായി ഉപയോഗിക്കുന്നു. തുടർന്ന് മാടായി പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങുന്നു. പുലയ സമുദായത്തിലെ പൊള്ള എന്ന സ്ഥാനികർക്കാണ്‌ ഈ തെയ്യം കെട്ടാനുള്ള അധികാരം. വീടുകൾ തോറും കയറിയിറങ്ങി ശനിബാധ ഒഴിപ്പിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ്‌ ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്.

അവലംബം

  • തെയ്യത്തിലെ ജാതിവഴക്കം- ഡോ. സഞ്ജീവൻ അഴീക്കോട്- കറന്റ് ബുക്സ്,കോട്ടയം. ISBN-81-240-1758-1
  • ജ്യോതിഷരത്നം മാസിക. ആഗസ്റ്റ് 1-15, താൾ 18
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.