അഗ്നികണ്ഠാകർണ്ണൻ

ഭൈരവാദി മന്ത്രമൂര്ത്തികൾ എന്നു അറിയപ്പെടുന്ന ദേവതാ സങ്കൽപങ്ങളിൽ പ്രധാനിയാണ്‌ ശിവചൈതന്യമായ അഗ്നികണ്ഠാകർണ്ണൻ അഥവാ കണ്ഠാകർണ്ണൻ. ശ്രീ ഭദ്രകാളിക്ക് (കുറുംബ ഭഗവതി, പുതിയ ഭഗവതി) അഗ്നികണ്ഠാകർണ്ണൻ സഹോദര സ്ഥാനീയനാണ്. [1]

അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ മുഖത്തെഴുത്ത്‌,മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും

ഐതിഹ്യം

ദാരികാസുര നിഗ്രഹകാരിയായ ഭദ്രകാളി, ദാരികപത്നിയായ മനോധരിയാൽ വസൂരി ബാധിതയാവുകയും, ഭഗവതിയുടെ ദുർവിന്യോഗത്തിൽ രോഷാകുലനായ പരമശിവൻ കണ്ഠാകർണ്ണനെ സൃഷ്ടിച്ചു. ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണത്തിലൂടെ പുറത്തു വന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരിക്കുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. അതിനുശേഷം ശിവൻ ബലവും വീര്യവുമുള്ള തന്റെ മകനോട് ഭൂമിയിലേക്ക് (ഇടവിലോത്തേക്ക്) വാഴാൻ നിർദ്ദേശിച്ചു.

കണ്ടാൽ അരിപ്പവും, കുളിർപ്പവും ധൂമവും ധുളിർപ്പവും ഒന്നുമില്ലാത്ത താനെങ്ങനെ ഭൂമിയിൽ ചെല്ലുമെന്നു ചോദിച്ചപ്പോൾ പരമശിവൻ മൂഴയ്ക്ക് (അളവ്) കനകപ്പൊടിയും (മഞ്ഞൾപ്പൊടി) ആഴയ്ക് (അളവ്) കുരുമുളകുപൊടിയും പ്രസാദമായി കൊടുത്തു. ഇതിൽ തൃപ്തമാകാത്ത കണ്ഠാകർണ്ണന് വായിൽ അഗ്നിയും തലയിൽ നെരിപ്പോടും രണ്ടായിരം കൈകളും മൂവായിരം തൃക്കണ്ണും മൂവരക്കോടി രോമദ്വാരവും ഇടത്തേകയ്യിൽ പന്തവും മണിയും വലത്തേകയ്യിൽ ചൂട്ടും ചൂരക്കോലും തിരുനീരും പൊക്കണവും, അരയിൽ 16 പന്തവും 101 കോൽത്തിരിയും സപ്തമാതൃക്കളേയും 1001 കുരിപ്പും കൊടുത്തു.

ദൈവപ്രഭാവം ലഭിച്ച് ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ അന്ന് കാശിരാജ്യം ഭരിച്ച രാജാവ് കാണുകയും ഗൗനിക്കാതിരിക്കുകയും ചെയ്തതിന്റെ ഫലമായി രാജാവിന് വസൂരിപിടിക്കുകയും ചെയ്തു. പ്രശ്നം വെച്ചുനോക്കിയപ്പോൾ കണ്ഠാകർണ്ണന്റെ കോപമാണ് രോഗഹേതു എന്നു മനസ്സിലാക്കുകയും പരിഹാരമാർഗ്ഗമായി കാശിരാജാവിന്റെ മേൽനോട്ടത്തിൽ ക്ഷേത്രം നിർമിച്ച് അതിൽ കണ്ഠാകർണ്ണനെ കുടിയിരുത്തുകയും ചെയ്തു. അതിനു ശേഷം വടക്കൻ ദേശത്തു വന്ന് പല സ്ഥലത്തും സ്ഥാനമുറപ്പിച്ച അദ്ദേഹത്തിന് കോലവും കോഴിയും കുരുതിയും തിറയും പൂജയും കലശവും തർപ്പണവും നൽകി തൃപ്തിപ്പെടുത്തിപ്പോരുന്നു.[1]

ആചാരങ്ങൾ

ഭൂമിയിലെത്തിയ കണ്ഠാകർണ്ണനെ ഭഗവതീ ക്ഷേത്രങ്ങളിലും, കളരിപരമ്പര ദൈവങ്ങൾക്കൊപ്പവും, തറവാടുകളിൽ ഉപാസനാ മൂർത്തിയായും പ്രത്യേക താന്ത്രിക അനുഷ്ഠാനങ്ങളോടെ തെയ്യക്കൊലമായി കെട്ടിയാടിച്ചു വരുന്നു.[1]

തോറ്റം

അഗ്നികണ്ഠാകർണ്ണൻ തെയ്യത്തിൻറെ തോറ്റം പുറപ്പാട് മല്ലപ്പള്ളി കാരങ്ങാട്ടു തറവാട്ടിൽ നിന്നും

കണ്ണാടി ബിംബം കയ്യിലേന്തി പ്രത്യേക ആയോധന ചുവടുകൾ വച്ചാണ് തോറ്റം പുറപ്പാട് .ദേവക്കൂത്തിനെ അനുസ്മരിക്കും വിധം സ്ത്രീകൾ ഈണത്തിൽ തോറ്റം ചൊല്ലുന്നതും ഈ തെയ്യത്തിൻറെ മാത്രം സവിശേഷതയാണ്.അഗ്നികണ്ഠാകർണ്ണന്റെ തോറ്റം ഗൂഡശ്ലോകങ്ങളായിരിക്കും.

മഹാവൈദ്യനും വൈദ്യനായ ദേവൻ
മഹേശ്വരനു പിടിപെട്ട രോഗമകറ്റാൻ
അഗ്നിയിൽ ജ്വലിച്ചെഴുന്നള്ളും ദേവൻ
അഗ്നികണ്ഠാകർണ്ണേശ്വരൻ വിരൂപക്ഷൻ ദേവൻ

എന്നാണ് തോറ്റത്തിലെ ഉല്പത്തി പരാമർശം [1]

വേഷം

മുഴുവൻ വേഷ വിധാനങ്ങളോടു കൂടി അഗ്നികണ്ഠാകർണൻ തെയ്യം

അസുരവാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യം പുറപ്പെടുന്നു. കയ്യിലും മെയ്യിലും അഗ്നി,അരയിലും ഭീമാകാരമായ തിരുമുടിയുളും നിറയെ തീപ്പന്തങ്ങൾ, മുഖത്ത് കരിന്താടി,പൊയ്ക്കണ്ൺ , കയ്യിൽ ആയുധങ്ങളും എന്നിങ്ങനെയാണ് വേഷ വിധാനങ്ങൾ. ഭൂത-പ്രേത പിശാചുക്കളുടെ ബാധ തങ്ങളിൽ പ്രവേശിച്ചു എന്ന് വിശ്വസിക്കുന്ന ഭക്തർ അഗ്നികണ്ഠാകർണ്ണൻറെ മന്ത്രഭസ്മം പ്രസാദമായി സ്വീകരിക്കുന്നു.


മുഖത്ത് : താടി, മീശ, പൊയ്ക്കണ്ണ്. ഏറ്റവും കൂടുതൽ പന്തങ്ങളോടെ കെട്ടിയാടുന്ന തെയ്യമാണിത്. കണ്ണിനു ചുറ്റും കറുപ്പിൽ ഉള്ള വെള്ള കുത്തുകൾ വസൂരിയെ സൂചിപ്പിക്കുന്നു.

മാറിൽ : തിരിയാട, പന്തങ്ങളോടു കൂടിയ നീളൻ മുടി, കുരുത്തോല വഞ്ചി

കോലക്കാരൻ

മലയൻ

അവലംബം

  1. ശ്രീ അഗ്നികണ്ഠാകർണ്ണൻ ദൈവം മല്ലപ്പള്ളി രാഘവൻ നമ്പ്യാർ , കെടാവിളക്ക് - തായിനേരി വെള്ളാരംഗര ഭഗവതി ക്ഷേത്രം സുവനീർ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.