ഓണപ്പൊട്ടൻ
വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട്[1] . ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്.ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്