പന്തളം

പത്തനംതിട്ട ജില്ലയിലെ ഒരു നഗരമാണ് പന്തളം. പന്തളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഈ സ്ഥലം. ശബരിമലയോട് അനുബന്ധിച്ചുള്ള ഒരു പ്രധാന പുണ്യസ്ഥലമാണ് പന്തളം. ശബരിമലയുടെ മൂലസ്ഥാനം പന്തളമാണ്, മധ്യ തിരുവിതാംകൂറിൽ ഏറ്റവും അധികം വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥിതി ചെയ്യുന്നത് പന്തളത്ത് ആണ്.

പന്തളം(പാണ്ഡ്യളം)
നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
വാഹന റെജിസ്ട്രേഷൻKL 26

ചരിത്രം

തമിഴ്നാട്ടിലെ മധുര ആസ്ഥാനമായി ഭരണം നടത്തിവന്ന ചന്ദ്രവംശ ക്ഷത്രിയർ ആയിരുന്ന പാണ്ഡ്യ വംശത്തിലെ ഒരു വിഭാഗം കുടുംബം മധുരയിലെ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തള ദേശത്തെ കൈപ്പുഴ തമ്പാൻ എന്ന നായർ- മാടമ്പിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമയെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറുമായി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെയും തമിഴ്നാട്ടിലെ ചെങ്കോട്ടയും തെങ്കാശിയും ഉൾപ്പെടുന്ന പ്രദേശങ്ങൾ വരെയും പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പാണ്ഡ്യ+അളം="പാണ്ഡ്യളം" അതായത് പാണ്ഡ്യന്മാരുടെ ദേശം എന്ന പദം ലോപിച്ചാണ് പന്തളം എന്ന പേര് ഉണ്ടായത്, എന്നാൽ പന്ത്രണ്ട് ഗ്രാമങ്ങൾ(കരകൾ) കൂടിച്ചേർന്ന ദേശമായതിനാൽ "പന്ത്രണ്ടളങ്ങൾ"(പന്ത്രണ്ട്+അളം) എന്ന പേര് ലോപിച്ച് പിന്നീട് പന്തളം എന്ന നാമമായി മാറിയതാണെന്നും വാദഗതികളുണ്ട്.

ഐതിഹ്യം

ശബരിമലയിലെ പ്രതിഷ്ഠയായ ശാസ്താവ് തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതിഹ്യം,

ശൈവ-വൈഷ്ണവ സങ്കല്പങ്ങളുടെ സമന്വയരൂപമായി അവതരിച്ച "മണികണ്ഠൻ" എന്ന അയ്യപ്പൻ വളർന്ന പുണ്യഭൂമിയാണ് പന്തളം.

പ്രത്യേകതകൾ

ശബരിമലയിലേക്ക് പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങുന്നു, വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലരൂപത്തിലുള്ള ശാസ്താവിൻറേതാണ്, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അധീനതയിലുള്ള ഈ ക്ഷേത്രം അച്ചൻ‌കോവിലാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. പന്തളത്തെ മറ്റ് പ്രധാനമായ ഒരു ആകർഷണം അയ്യപ്പൻറെ തിരുവാഭരണംആണ്, മണ്ഡലകാലത്ത് ഭക്തജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്ന ഈ തിരുവാഭരണം പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്, മകരവിളക്ക് ഉത്സവത്തിനു മൂന്നു ദിവസം മുൻപ് അയ്യപ്പന്റെ തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു. പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രം പന്തളം മഹാദേവ ക്ഷേത്രംആണ്.

വിവിധ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും ഇല്ലങ്ങളും തറവാടുകളും സാംസ്കാരിക സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന നാടാണ് പന്തളം

ഇതും കാണുക

എത്തിച്ചേരാൻ

  • ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചെങ്ങന്നൂർ - 14 കി.മീ അകലെ,മാവേലിക്കര-14 കി.മി
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം - 119 കി.മീ അകലെ
  • ഏറ്റവും അടുത്തുള്ള കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ- പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.