ഛായാഗ്രഹണശാസ്ത്രം

ഛായാഗ്രഹണത്തിന്റെ വിവിധ വശങ്ങളിൽ ഭൗതികം, രസതന്ത്രം മുതലായ ശാസ്ത്രശാഖകൾ ഉപയോഗിക്കുന്നതിനെ ഛായാഗ്രഹണശാസ്തം എന്നു പറയുന്നു. ഛായാഗ്രാഹി, ലെൻസുകൾ, ഛായാഗ്രാഹിയുടെ പ്രവർത്തനങ്ങൾ, ഛായാഗ്രാഹിയുടെ ഇലക്ട്രോണിക് ഭാഗങ്ങൾ, ഫിലിം കഴുകലും വികസനവും എല്ലാം ഛായാഗ്രഹണശാസ്ത്രത്തിൽ ഉൾപ്പെടുന്നു.

പരസ്പരപൂരണ നിയമം

എക്സ്പോഷർഅപ്പെർച്വർ വിസ്തീർണ്ണം × എക്സ്പോഷർ സമയം × ദൃശ്യത്തിന്റെ പ്രകാശമാനം

പരസ്പരപൂരണ നിയമം പ്രകാശത്തിന്റെ തീവ്രതയിലും, പതിക്കുന്ന സമയത്തിലും വ്യത്യാസം എങ്ങനെ എക്സ്പോഷർ മാറ്റം വരുത്തുന്നു എന്നു നിർവചിക്കുന്നു. ഒരു നിശ്ചിത എക്സ്പോഷറിൽ ഷട്ടർ വേഗവും അപ്പെർച്വറും തമ്മിലുള്ള ബന്ധം കാണിക്കുന്നു. ഇവയിലുള്ള മാറ്റം പടി അഥവാ സ്റ്റോപ്പ് ആയാണ് അളക്കുന്നത്. രണ്ടിന്റെ ഒരു ഘടകമാണ് ഒരു പടി.

ഉദാ: എക്സ്പോഷർ പകുതിയാക്കാൻ മൂന്നു വഴികൾ ഉണ്ട്

  1. അപ്പെർച്വർ ഒരു പടി കുറക്കുക.
  2. ഷട്ടർ വേഗത ഒരു പടി കൂട്ടുക.
  3. ദൃശ്യത്തിലെ പ്രകാശം പകുതിയാക്കുക.

ഛായാഗ്രഹണ ലെൻസുകൾ

ഒരു ഛായാഗ്രഹണകാചം അഥവാ ഫോട്ടോഗ്രാഫിക് ലെൻസ് പല കാച ഭാഗങ്ങളുപയോഗിച്ചാണ് നിർമ്മിക്കുക. വർണ്ണവിപഥനം, ഗോളീയവിപഥനം, മറ്റുള്ള വിപഥനങ്ങൾ എന്നിവ പരമാവധി കുറക്കുക എന്നതാണ് പല കാചഭാഗങ്ങളുപയോഗിച്ച് ഛായാഗ്രഹണകാചം നിർമ്മിക്കുന്നതിന്റെ ലക്ഷ്യം.

ചെറിയ അപ്പെർച്വർ ഉപയോഗിക്കുന്നതിലൂടെ ഒരുവിധം വിപഥനങ്ങളെയെല്ലാം കുറയ്ക്കാൻ സാധിക്കും. ഗോളീയമല്ലാത്ത കാചഭാഗങ്ങളുപയോഗിച്ചാൽ വിപഥനങ്ങൾ അത്യധികം കുറയ്ക്കാൻ സാധിക്കും, പക്ഷെ അഗോളീയകാചങ്ങളുടെ നിർമ്മിതി ഗോളീയകാചങ്ങളുടെ നിർമ്മിതിയുമായി തട്ടിച്ചു നേക്കുമ്പോൾ വളരെ പ്രയാസമേറിയതാണ്. ആധുനിക നിർമ്മാണരീതികളുടെ വരവോടെ അഗോളീയകാചങ്ങളുടെ നിർമ്മാണച്ചെലവ് കുറഞ്ഞുവരുന്നുണ്ട്. അതുമൂലം ഇപ്പോൾ വിലകുറഞ്ഞ ഉപഭോക്തൃ ഛായാഗ്രഹണകാചങ്ങളിലും ഇവ കുറഞ്ഞതോതിലാണെങ്കിലും ഉപയോഗിച്ചു വരുന്നു.

എല്ലാ ഛായാഗ്രഹണകാചങ്ങളും പലഘടകങ്ങളിൽ വിട്ടുവീഴ്ച ചെയ്ത് രൂപകല്പന ചെയ്തവയാണ്, വിലയും ഇതിൽ ഒരു ഘടകമാണ്. ഫോക്കസ് ദൂരം മാറ്റാൻ കഴിയുന്ന കാചങ്ങളിൽ(സൂം ലെൻസ്) കൂടുതൽ വിട്ടുവീഴ്ച്ചകൾ വേണ്ടി വരുന്നതിനാൽ നിശ്ചിത ഫോക്കസ് ദൂരമുള്ള കാചങ്ങളുടെ(പ്രൈം ലെൻസ്) ഗുണമേന്മയും പ്രകടനമികവും അവയ്ക്കുണ്ടാകില്ല.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.