അമ്പലവാസി
കേരളത്തിലെ അമ്പലങ്ങൾ, കാവുകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്ന ഹൈന്ദവജാതികളെ സൂചിപ്പിക്കുന്ന പൊതുസംജ്ഞയാണ് അമ്പലവാസികൾ. ക്ഷേത്രങ്ങളിലെ മാലകെട്ട്, ചെണ്ടകൊട്ട്, അടിച്ചുവാരൽ, ശംഖുവിളിക്കൽ തുടങ്ങി വിവിധ തരം ജോലികളാണ് ഇവർ ചെയ്തു വന്നിരുന്നത്. കേരളത്തിലെ വർണവ്യവസ്ഥയിൽ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഇടയിൽ വരുന്ന അല്ലെങ്കിൽ ക്ഷത്രിയരുടെയും ശൂദ്രരുടെയും ഇടയിൽ വരുന്ന ജാതികൾ എന്ന അർത്ഥത്തിൽ അന്തരാളജാതികൾ എന്നും പറയുന്നു. പരമ്പരാഗതമായി ക്ഷേത്രസേവനങ്ങൾ അനുഷ്ഠിക്കുന്ന പുഷ്പകൻ (പുഷ്പകനുണ്ണി), തീയാട്ടുണ്ണി, നമ്പീശൻ, കുരുക്കൾ, പൂപ്പള്ളി, ദൈവമ്പാടി (ബ്രാഹ്മണി), ചാക്യാർ, നമ്പ്യാർ, മൂത്തത്, ഇളയത്, വാര്യർ, മാരാർ, പൊതുവാൾ, പിഷാരടി, അടികൾ തുടങ്ങിയ ജാതികളെല്ലാം ചേർന്ന ജനവിഭാഗമാണ് അമ്പലവാസികൾ എന്ന് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ സാംസ്കാരികമേഖലയിൽ അമ്പലവാസികൾക്കു പ്രധാനമായ ഒരു സ്ഥാനമാണുള്ളത്.
ഹൈന്ദവം |
![]() |
ബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ഹിന്ദുമതം കവാടം |
പേര് വന്ന വഴി
അമ്പലം, വാസി എന്ന രണ്ട് വാക്കുകളിൽ നിന്നാണ് അമ്പലവാസി എന്ന പേര് വന്നത്. അമ്പലവാസി സമുദായത്തിലുള്ളവർ അമ്പലങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്നു. അമ്പലത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ അമ്പലവാസി എന്ന പേര് വന്നു.
തൊഴിൽ
കഴകം,
അമ്പലവാസി ജാതികൾ
പുഷ്പകൻ ഉണ്ണി, തീയാട്ടുണ്ണി, നമ്പീശൻ, കുരുക്കൾ, നമ്പിടി, മൂത്തത്, ചാക്യാർ, നമ്പ്യാർ, അടികൾ, പിഷാരടി, മാരാർ, വാര്യർ, പൊതുവാൾ, മുതലായ ഒരുകൂട്ടം ജാതികൾ ചേർന്നാണ് . അമ്പലവാസികൾ എന്നറിയപ്പെടുന്നത്. പൂണൂൽ ധരിക്കുന്നവരെന്നും പൂണൂൽ ധരിക്കാത്തവരെന്നും അമ്പലവാസികളെ രണ്ടായി തിരിക്കാം. പൂണൂലില്ലാത്ത അടികൾ, പിഷാരടി, മാരാർ, വാര്യർ, പൊതുവാൾ എന്നീ ജാതിക്കാരുടെ സ്ത്രീനാമം കിട്ടാൻ പുരുഷനാമത്തോടൊപ്പം -സ്യാർ എന്ന് ചേർത്താൽ മതി. അതായത് അടികൾ-അടിസ്യാർ, പിഷാരടി-പിഷാരസ്യാർ, മാരാർ-മാരസ്യാർ, വാര്യർ-വാരസ്യാർ, പൊതുവാൾ-പൊതുവാളസ്യാർ എന്നിങ്ങനെ.
പുഷ്പകൻ
പൂജാപുഷ്പങ്ങൾ ഒരുക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കുക, വിളക്കൊരുക്കുക, എഴുന്നള്ളത്തിനു വിളക്കെടുക്കുക, പാഠശാലകളിലെ അധ്യാപനം എന്നിവയാണ് ഇക്കൂട്ടരുടെ പ്രധാന പ്രവൃത്തി. മക്കത്തായക്കാരാണ്. ഷോഡശസംക്സാരം പാലിക്കുന്നു. പൂണൂൽ ധരിക്കുകയും ഗായത്രീമന്ത്രം ചൊല്ലുകയും ചെയ്യുന്നു. സ്ത്രീകൾക്കു സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. പുരുഷന്മാരെ പുഷ്പകൻ എന്നും സ്ത്രീകളെ പുഷ്പകത്തി അല്ലെങ്കിൽ പുഷ്പിണി എന്നും പറയുന്നു. സ്ത്രീകളെ ആത്തേരമ്മ എന്ന് പറയുകയും വിളിക്കുകയും ചെയ്യുന്നു. പുരുഷന്മാർ പേരിനൊപ്പം ഉണ്ണി എന്നു ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ ദേവി എന്നോ ചേർക്കുന്നു. അധ്യാപനവൃത്തിയുള്ളവരുടെ വീടുകൾ മഠങ്ങൾ എന്നും അല്ലാത്തവരുടേത് വീട് എന്നും അറിയപ്പെട്ടിരുന്നു.
നമ്പീശൻ
പൂജാപുഷ്പങ്ങൾ ഒരുക്കുക, മാലകെട്ടുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കുക എന്നിവയാണ് ഇക്കൂട്ടരുടെ പ്രവൃത്തി. ഇവരിൽ മക്കത്തായക്കാരും മരുമക്കത്തായക്കാരും ഉണ്ട്. മക്കത്തായക്കാരായ സ്ത്രീകൾക്കു സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. ഷോഡശസംക്സാരം പാലിക്കുന്നു. പൂണൂൽ ധരിക്കുകയും ഗായത്രീമന്ത്രം ചൊല്ലുകയും ചെയ്യുന്നു. നമ്പീശസ്ത്രീകളെ ബ്രാഹ്മണിയമ്മ എന്ന് പറയുന്നു. പുരുഷന്മാർ പേരിനൊപ്പം നമ്പീശൻ എന്നു ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം ബ്രാഹ്മണിയമ്മ എന്ന് ചേർത്തിരുന്നു. ഇപ്പോൾ സ്ത്രീകളും നമ്പീശൻ എന്നുതന്നെ ചേർക്കുന്നു. സ്ത്രീകൾക്കു പാട്ടുപാടി ദേവനെ സേവിക്കുക എന്നൊരു വിശേഷപ്രവൃത്തി കൂടിയുണ്ട്. ഇവർ പാടുന്ന പാട്ടുകളാണ് 'ബ്രാഹ്മണിപ്പാട്ടുകൾ'. ഇവർ ആചാരനടപടികളിലും മറ്റും പുഷ്പകരോട് സമാനരാണ്; പേരിൽ ഭേദമുണ്ടെങ്കിലും. വീട് പുഷ്പകം എന്നറിയപ്പെടുന്നു.
തീയാട്ടുണ്ണി
ക്ഷേത്രങ്ങളിലും കാവുകളിലും തീയാട്ടും കളമെഴുതിപ്പാട്ടും നടത്തുന്നു. മക്കത്തായക്കാരാണ്. ഷോഡശസംക്സാരം പാലിക്കുന്നു. പൂണൂൽ ധരിക്കുകയും ഗായത്രീമന്ത്രം ചൊല്ലുകയും ചെയ്യുന്നു. സ്ത്രീകൾക്കു സ്വജാതിയിലുള്ള ഭർത്താവു മരിച്ചാൽ, രണ്ടാം വിവാഹത്തിലേർപ്പെടാം. പക്ഷേ, ബ്രാഹ്മണരെ മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളു. ഈ ജാതിയിലുള്ള ആളുകളെ തീയാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പുരുഷന്മാർ പേരിനൊപ്പം ഉണ്ണി എന്നു ചേർക്കുന്നു. സ്ത്രീകൾ പേരിനൊപ്പം അമ്മ എന്നോ അന്തർജനം എന്നോ ചേർക്കുന്നു. ഇവരുടെ വീടുകൾ മഠം എന്നോ ഇല്ലം എന്നോ അറിയപ്പെടുന്നു.
മൂത്തത്
സ്ത്രീകൾ മനയമ്മ. പുഷ്പങ്ങളും നിവേദ്യവസ്തുക്കളും ഒരുക്കുക, ഉത്സവകാലങ്ങളിലും മറ്റും തിടമ്പെഴുന്നെള്ളിക്കുക എന്നിവയാണ് ഇവരുടെ തൊഴിൽ. ദായക്രമം മക്കത്തായം; പൂണൂലുണ്ട്. നിയമപ്രകാരം പാടില്ലെങ്കിലും രണ്ടാം വിവാഹം ചെയ്യുന്നു. ആചാരാദികളിലും മറ്റും മൂത്തതിനു സമാനമായി 'നമ്പി' എന്ന പേരിൽ ഒരു ശാഖയുണ്ട്. ദേവന് അകമ്പടിനില്ക്കുകയാണ് ഇവരുടെ പ്രവൃത്തി. 'വാൾനമ്പി' എന്നും പറയാറുണ്ട്. മൂത്തതിനെ 'മൂസ്സത്' എന്നും പറഞ്ഞുവരുന്നു. എന്നാൽ 'മൂസ്സ്' വേറെയുണ്ട്. 'അഷ്ടവൈദ്യമൂസ്സു'മാരും 'ഊരിൽ പരിഷ മൂസ്സു'മാരും ഉദാഹരണമാണ്. ഇവർ അമ്പലവാസികളിൽപ്പെടില്ല.
ചാക്യാർ
പഴയ എഴുത്തിൽ ചാക്കിയാർ. സ്ത്രീകൾ ഇല്ലോടിയമ്മ അല്ലെങ്കിൽ ഇല്ലോട്ടമ്മ. തനി കേളീയവും മുൻപ് അമ്പലങ്ങളിൽ വച്ചുമാത്രം പ്രത്യേകാവസരങ്ങളിൽ പ്രയോഗിച്ചിരുന്നതും ആയ കൂത്ത്, കൂടിയാട്ടം എന്നീ പ്രകടനങ്ങൾ നടത്തുന്നവർ. പൂണൂലുണ്ട്; മരുമക്കത്തായമാണ് ദായക്രമം. ബുദ്ധന്മാരിൽ നിന്ന് വന്നവർ എന്ന് കരുതപ്പെടുന്നു. ബുദ്ധപാരമ്പര്യത്തിലെ ശാക്യ എന്ന പദത്തിൽ നിന്ന് ചാക്യാർ എന്ന പേരു്.
നമ്പ്യാർ
പഴയ എഴുത്തിൽ നമ്പിയാർ. സ്ത്രീകൾ നങ്ങിയാർ അല്ലെങ്കിൽ നങ്ങ്യാർ. ചാക്യാർകൂത്തിൽ മിഴാവു കൊട്ടുകയാണു പ്രവൃത്തി. മരുമക്കത്തായക്കാരാണ് ഇവർ. സ്ത്രീകൾ സ്വജാതിക്കാരെയും ബ്രാഹ്മണരെയും വിവാഹം കഴിച്ചുവരുന്നു. പൂണൂൽ ഇല്ല. പുഷ്പകന്മാരിൽ ചിലരെ നമ്പിയാരെന്നു വിളിക്കാറുണ്ട്. അവർക്കു പൂണൂലുണ്ടായിരിക്കും. ചെങ്ങഴിനമ്പിയാർ സ്ത്രീകളെ എളേതമ്മ എന്നാണ് പറഞ്ഞുവരാറ്.
നമ്പ്യാരിൽ ഒരു കൂട്ടരാണ് തിയ്യാടിനമ്പിയാർ. സ്ത്രീകൾ മരുമകളമ്മ. വിവിധവർണങ്ങളിലുള്ള ചില നാടൻചൂർണങ്ങൾകൊണ്ട് അയ്യപ്പന്റെ രൂപം വരച്ചു വാദ്യമേളങ്ങളോടും പൂജാദിചടങ്ങുകളോടും കൂടി നടത്താറുള്ള തിയ്യാട്ട് എന്ന വഴിപാടിന്റെ നിർവഹണമാണ് ഇവരുടെ കുലത്തൊഴിൽ. ഇവർ മക്കത്തായക്കാരും പൂണൂൽക്കാരുമാണ്. തീയ്യാട്ടുണ്ണികൾ എന്നപോലെ ഇവരെയും തിയ്യാടികൾ എന്ന് വിളിക്കാറുണ്ട്.
അമ്പലവുമായി യാതൊരു ബന്ധവുമില്ലാത്ത നമ്പിയാന്മാരുണ്ട്. നായരുനമ്പ്യാന്മാർ അതിൽപ്പെടുന്നു. അവരെ അമ്പലവാസികൾ എന്ന് കൂട്ടാറില്ല. അമ്പലവുമായി ബന്ധമില്ലാത്തവരുടെ സ്ത്രീകളെ നങ്ങിയാരെന്നു വിളിക്കാറില്ല. നായരുനമ്പ്യാന്മാരിൽ വളരെ സ്ഥാനികളുണ്ട്. അവരിൽ പല കുടുംബങ്ങളിലെയും സ്ത്രീകൾ പല പേരുകളിലായി അറിയപ്പെടുന്നു. 'അപ്പിശ്ശി', 'കുഞ്ഞമ്മ', 'കുട്ടിയമ്മ' എന്നിവ അത്തരം ചില പേരുകളാണ്.
അടികൾ
പഴയ എഴുത്തിൽ അടിയാൾ. സ്ത്രീകൾ അടിസ്യാർ അല്ലെങ്കിൽ അടിയിശ്യാർ. ഭദ്രകാളിക്ഷേത്രങ്ങളായ കാവുകളിൽ അർച്ചനയാണ് ഇവരുടെ പ്രവൃത്തി. മക്കത്തായമാണ് ദായക്രമം. ഇവരുടെ സ്ത്രീകളെ ബ്രാഹ്മണർ വിവാഹം ചെയ്യാറുണ്ട്. എന്നാൽ മുൻപറഞ്ഞ പ്രവൃത്തി ഇല്ലാതെ ഈ പേരിൽ അറിയപ്പെടുന്നവരുമുണ്ട്. അവർക്കു പൂണൂൽ ഇല്ല. ദാരികവധം കഴിഞ്ഞുനില്ക്കുന്ന ഭദ്രകാളിയുടെ കോപാഗ്നിയെ കെടുത്തുന്നതിന് ഇളനീരിന്റെ മൂടുവെട്ടി ആടിയഭിഷേചിച്ചതിനു 'പാതിത്യം' കല്പിക്കപ്പെട്ട ബ്രാഹ്മണരുടെ വംശപരമ്പരയാണ് ഇവർ എന്നും ഐതിഹ്യമുണ്ട്.
പിഷാരടി
സ്ത്രീകൾ പിഷാരസ്യാർ . പ്രവൃത്തിയിലും ദായക്രമത്തിലും എല്ലാം വാരിയന്മാരെപ്പോലെയാണ് ഇവരും. എന്നാൽ പിഷാരോടിമാർക്കിടയിൽ മരണം കഴിഞ്ഞുള്ള ശേഷക്രിയയിൽ പിണ്ഡമില്ല; ആരാധനയേയുള്ളു. മരിച്ചയാളുടെ ആത്മാവിനെ വിഷ്ണുവിങ്കൽ സമർപ്പിക്കുന്നു എന്നത്രെ ഇതിന്റെ സങ്കല്പം. പിഷാരോടിമാർ പരിപൂർണ വൈഷ്ണവരാണെന്നു പറയാം. അവർ കുറിയിടാൻ ഭസ്മം ഉപയോഗിക്കാറില്ല; ചന്ദനമേ ഉപയോഗിക്കൂ. ബുദ്ധപാരമ്പര്യം കല്പിക്കുന്നു. ഭിക്ഷ്വാരടികൾ എന്നതിൽ നിന്ന് പിഷാരടികൾ എന്ന പേരു സിദ്ധിച്ചു എന്ന് കരുതുന്നു. പിഷാരടികളുടെ വീടുകൾ പിഷാരം അല്ലെങ്കിൽ പിഷാരോത്ത് എന്നോ ചുരുങ്ങി, ഷാരം അല്ലെങ്കിൽ ഷാരോത്ത് എന്നോ അറിയപ്പെടുന്നു.
മാരാർ
സ്ത്രീകൾ മാരാസ്യാർ (മാരാത്തി) എന്നറിയപ്പെടുന്നു. അമ്പലങ്ങളിൽ ഗീതവാദ്യങ്ങളുടെ ആവിഷ്കരണമാണു പ്രവൃത്തി. മക്കത്തായവും മരുമക്കത്തായവുമുണ്ട്. വീട് മാരാത്ത് എന്ന് അറിയപ്പെടുന്നു. വാരിയർ ചെയ്യാറുള്ള പ്രവൃത്തികൾ മാത്രം ചെയ്യുന്നവരും ഇവർക്കിടയിലുണ്ട്. പ്രവൃത്തിയിലും ആചാരദായക്രമങ്ങളിലും സമാനമായി പ്രവർത്തിക്കുന്നവരാണ് പൊതുവാൾ, മാരാർക്കുറുപ്പ് എന്നിവർ.
വാര്യർ
വാരിയർ എന്ന് പഴയ എഴുത്തിൽ. സ്ത്രീകൾ വാരസ്യാർ . പൂജാപുഷ്പങ്ങൾ ഒരുക്കൽ, ക്ഷേത്രശുചീകരണം എന്നിവയാണ് ഇവരുടെ തൊഴിൽ. പൂണൂൽ ഇല്ല. മരുമക്കത്തായവും മക്കത്തായവും ഇവരുടെ ഇടയിൽ നടപ്പുണ്ട്. വാര്യരുടെ വീട് വാര്യം അല്ലെങ്കിൽ വാര്യത്ത് എന്നറിയപ്പെടുന്നു.
പൊതുവാൾ
സ്ത്രീകൾ പൊതുവാളസ്യാർ എന്നറിയപ്പെടുന്നു. പൊതുവാളൻമാരിൽ പലവിഭാഗങ്ങളുണ്ട്. ഒരു വിഭാഗം മൂത്തതിന്റെ വർഗത്തിൽപ്പെട്ടവരാണ്. വടക്കൻ കേരളത്തിലാണ് ഇവരെ അധികമായി കണ്ടുവരുന്നത്. ക്ഷേത്രത്തിൽ കഴകവൃത്തിയുള്ള ഒരു വിഭാഗം പൊതുവാളന്മാരുണ്ട്. ഇവരെ മാലപ്പൊതുവാളന്മാർ എന്നു പറഞ്ഞുവരുന്നു. ചെണ്ടകൊട്ടുകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വിഭാഗത്തിനു ചെണ്ടപ്പൊതുവാളന്മാർ എന്നാണു പേര്. ഇവരും അമ്പലവാസികളുടെ കൂട്ടത്തിൽപ്പെടുന്നു. വീട് പൊതുവാട്ട് എന്നറിയപ്പെടുന്നു. (നായർ സമുദായത്തിൽപ്പെട്ട പൊതുവാളന്മാർ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉണ്ട്. ഇവരെ അമ്പലവാസികളായി കൂട്ടാറില്ല.)
ജാതി | പുരുഷ കുലനാമം |
സ്ത്രീ കുലനാമം |
തൊഴിൽ | വീട് | കുറിപ്പ് |
---|---|---|---|---|---|
പുഷ്പകർ (പുഷ്പകനുണ്ണി) | ഉണ്ണി, നമ്പി | ആത്തേരമ്മ, അമ്മ, ദേവി | അദ്ധ്യാപനം, വിളക്കെടുപ്പ്, വിളക്കുകൊളുത്ത്, പുഷ്പാലങ്കാരം, പൂമാല നിർമ്മാണം, പൂക്കൾ ശേഖരിക്കൽ, പ്രസാദവിതരണം | മഠം | |
നമ്പീശൻ | നമ്പീശൻ | ബ്രാഹ്മണിയമ്മ | അദ്ധ്യാപനം, വിളക്കെടുപ്പ്, വിളക്കുകൊളുത്ത്, പുഷ്പാലങ്കാരം, പൂമാല നിർമ്മാണം, പൂക്കൾ ശേഖരിക്കൽ, പ്രസാദവിതരണം, തീയാട്ട് | പുഷ്പകം | |
തീയാട്ടുണ്ണി | ഉണ്ണി | അമ്മ, അന്തർജ്ജനം | തീയാട്ട് | മഠം, ഇല്ലം | തീയാട്ടുണ്ണികൾ ഭദ്രകാളി തീയാട്ട് എന്ന കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു. |
മൂത്തത് | മൂത്തത് | മനയമ്മ | തൃക്കോൽ ശാന്തി | ഇല്ലം | ഉത്സവത്തിന് തിടമ്പ് എഴുന്നളിക്കുകയും നിവേദ്യം തയ്യാറാക്കുകയും ചെയ്യുക, ക്ഷേത്രത്തിന്റെ താക്കോൽ കൈസ്ഥാനികത്വം കയ്യാളുക എന്നിയെല്ലാം തൃക്കോൽ ശാന്തിയിൽ ഉൾപ്പെടുന്നു |
ഇളയത് | ഇളയത് | അമ്മ | നായന്മാർക്ക് മരണാനന്തര കർമങ്ങൾക്ക് പുരോഹിതവൃത്തി ചെയ്യുന്നു | ||
പൊതുവാൾ | പൊതുവാൾ | പൊതുവാളസ്യാർ | ക്ഷേത്രങ്ങളിലെ വാദ്യകലാകാർനമാർ | പൊതുവാട്ട് | ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു |
ചാക്യാർ | ചാക്യാർ | ഇല്ലോട്ടമ്മ | കൂത്ത് അവതാരകർ | മഠം | |
നമ്പ്യാർ | നമ്പ്യാർ | നങ്യാർ | തീയാട്ട്, കൂത്ത്, തുള്ളൽ | മഠം | തീയാട്ട് നമ്പ്യാർ അയ്യപ്പൻ തീയാട്ട് നടത്തുന്നു. മിഴാവ് നമ്പ്യാർ കൂത്തിന് മിഴാവ് കൊട്ടുന്നു, തുള്ളൽ നടത്തുന്നു. |
വാര്യർ | വാര്യർ | വാരസ്യാർ അല്ലെങ്കിൽ അമ്മ | അമ്പലത്തിലെ കണക്കെഴുത്തുകാർ, കാര്യക്കാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. | വാരിയം | |
മാരാർ | മാരാർ | മാരസ്യാർ അല്ലെങ്കിൽ അമ്മ | സോപാന സംഗീത അവതാരകർ, ചെണ്ടകൊട്ടുകാർ ക്ഷേത്ര അടിയന്തരം | മാരാത്ത് | |
അടികൾ | അടികൾ | അടിസ്യാർ അല്ലെങ്കിൽ അടിയമ്മ | നായന്മാരുടെ കർമങ്ങൾക്ക് പൗരോഹിത്യം വഹിക്കുന്നു | മഠം | |
പിഷാരടി | പിഷാരടി അല്ലെങ്കിൽ ഷാരടി | പിഷാരസ്യാർ അല്ലെങ്കിൽ ഷാരസ്യാർ | മാലകെട്ട്,വിളക്കുപിടി,പൂക്കളൊരുക്കൽ, അടിച്ചുതളി,പൂജാപാത്രങ്ങൾ വൃത്തിയാക്കൽ | പിഷാരം | ഉത്തര-വേദകാലഘട്ടത്തിൽ ബുദ്ധമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പിഷാരടികൾ എന്ന് വിശ്വസിക്കപ്പെടുന്നു |
കുരുക്കൾ | കുരുക്കൾ | അമ്മ | ക്ഷേത്രങ്ങളിൽ പാലും പാലുല്പന്നങ്ങളായ തൈര്, മോര്, നെയ്യ്, മുതലായവ എത്തിക്കുന്നു. | ||
പിലാപ്പള്ളി | |||||
കുറുപ്പ് | കുറുപ്പ് | ക്ഷേത്രങ്ങളിൽ കളം എഴുത്തും പാട്ടും. | |||
വർണവ്യവസ്ഥാപ്രകാരമുള്ള സ്ഥാനം
ബ്രാഹ്മണർക്കും ക്ഷത്രിയർക്കും അല്ലെങ്കിൽ ഷത്രിയർക്കും ശൂദ്രർക്കും ഇടയിൽ ഉളള അന്തരാള വിഭാഗങ്ങൾ. പൂണൂലുള്ളവരും ഷോഡശസംസ്കാരങ്ങളുള്ളതുമായ ജാതികളെ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ഇടയ്ക്കുള്ള അന്തരാളജാതികളായും പൂണൂലില്ലാത്ത ജാതികളെ ബ്രാഹ്മണ-ക്ഷത്രിയ വിഭാങ്ങളുടെയും ശൂദ്രരുടെയും ഇടയിലുള്ള അന്തരാളജാതികളായും കണക്കാക്കുന്നു.
ഗോത്രങ്ങൾ
പ്രശസ്തർ
സാഹിത്യരത്നം കെ എസ് നീലകണ്ഠൻ ഉണ്ണി, ദിവ്യ ഉണ്ണി,
കൊട്ടാരത്തിൽ ശങ്കുണ്ണി,
കലാമണ്ഡലം തിരൂർ നമ്പീശൻ, രമ്യ നമ്പീശൻ,
കുഞ്ചൻ നമ്പ്യാർ,
പുന്നശ്ശേരി നീലകണ്ഠശർമ്മ
ആറ്റൂർ കൃഷ്ണ പിഷാരടി, പി. ആർ. പിഷാരടി, കെ പി നാരായണപിഷാരടി,
ഞെരളത്ത് രാമപ്പൊതുവാൾ,
വൈക്കത്ത് പാച്ചു മൂസത്,
ഉണ്ണായി വാര്യർ, രാമപുരത്ത് വാര്യർ, ഇക്കണ്ട വാര്യർ, പി. എസ്. വാര്യർ, മഞ്ജു വാര്യർ രാജശ്രീവാര്യർ,
ഷട്കാല ഗോവിന്ദ മാരാർ, പി.സി.കുട്ടികൃഷ്ണ മാരാര്, കെ ജി മാരാര്, കെ. കരുണാകരൻ, ശരത് മാരാർ, മുണ്ടൂർ കൃഷ്ണൻകുട്ടി, പെരുവനം കുട്ടൻമാരാര്, മട്ടന്നൂർ ശങ്കരൻകുട്ടി മാരാര്, ബാലഭാസ്കർ,
ജി.ശങ്കരകുറുപ്പ്,
കെ. ചന്ദ്രശേഖരൻ, പി.ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസിദ്ധരായ അമ്പലവാസികളാണ്.
കലാരൂപങ്ങൾ
- ചാക്ക്യാർ കൂത്ത്
- നങ്ങ്യാർ കൂത്ത്
- തുള്ളൽ
- കൂടിയാട്ടം
- തീയാട്ട്
- സോപാനസംഗീതം
- ബ്രാഹ്മണിപ്പാട്ട്
- പഞ്ചവാദ്യം
- മുടിയേറ്റ്
- കളമെഴുത്തുംപാട്ടും
ആചാരങ്ങളും ആഘോഷങ്ങളും
അമ്പലവാസികളിൽ മക്കത്തായികളും മരുമക്കത്തായികളും ഉണ്ട് ഇവരെല്ലാം പൊതുവേ പന്ത്രണ്ട് പുലക്കാരാണ് വാര്യര് മാരാര് തുടങ്ങിയവർ ശിവദീക്ഷ എന്നൊരു ചടങ്ങ് നടത്തിയിരുന്നു വാര്യർ മുതലായവർ വിവാഹത്തിന് അയനിയൂണ് മുതലായവ നടത്താറുണ്ട്
ഇവ കൂടി
അവലംബം
- Journal of the Royal Anthropological Institute of Great Britain and Ireland, Vol. 56, 1926 (1926), pp. 83-89
- Travancore State Manual by V.Nagam Aiya
ബാഹ്യകണ്ണികൾ
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമ്പലവാസികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |